കുന്തിപ്പുഴ: നിശബ്ദ താഴ്‍വാരത്തിലൂടെ ഒഴുകിയെത്തുന്ന തെളിനീര്

സമദ് കല്ലടിക്കോട്
Thursday, May 23, 2019

സൈലന്റ് വാലിയിലൂടെഒഴുകിയെത്തുന്ന തൂതപ്പുഴയുടെ കൈവഴിയായ കുന്തിപ്പുഴക്ക്പുരാതനമായ ഒരു പേരുണ്ട്, കുന്തിരിക്കപ്പുഴ. പ്രസിദ്ധമായസൈലന്റ് വാലിവനത്തിൽനിന്നാണ് പുഴ തുടങ്ങുന്നത് . എഴുപതോളം കിലോമീറ്റർ നീളമുള്ളതാണ് കുന്തിപുഴ.

തെളിഞ്ഞ സ്ഫടികജലമാണ് കുന്തിപ്പുഴയുടെ പ്രത്യേകത. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായതൂതപ്പുഴയിലാണ്ഇത് ചെന്നുചേരുന്നത്. വർഷം മുഴുവനും വെള്ളം ലഭിച്ചിരുന്ന, മഴക്കാലത്ത് കുത്തിയൊഴുകിയിരുന്ന കുന്തിപുഴയുടെ നിലവിലുള്ള സ്ഥിതി ഭയാനകമാണ്.

പുഴയുടെ മരണം ഇന്ന് നല്ലൊരു വിഭാഗം ജനത്തിനും ഒരു പ്രധാന ചിന്താവിഷയമേ അല്ല. പുതു തലമുറക്ക് പുഴ ഒരു ജീവിതവികാരവുമല്ല. കേരളത്തിലെ 44 നദികളിൽ ഇത്രയേറെ സാമൂഹിക സാംസ്ക്കാരിക-പാരിസ്ഥിതിക പ്രാധാന്യമുള്ള മറ്റൊരു പുഴ വേറെ ഉണ്ടാകാനിടയില്ല. കുന്തിപ്പുഴയുടെ ഉൽഭവസ്ഥാനത്തുള്ള പാത്രക്കടവും ആദിവാസി ജനജീവിതവും ജില്ലയിലെ പ്രധാന പുഴയായ കുന്തിപ്പുഴക്ക് മണ്ണാർക്കാട്ടെത്തുമ്പോൾ നാഗരിക ജീവിതരൂപം കൈവരുത്തുന്നു.

കടുത്ത വേനലിനെ തുടർന്നു പുഴ, നീരൊഴുക്കുകൾ നിലച്ച് വറ്റിവരണ്ട അവസ്ഥയിലാണിന്ന്. പുഴയിലെവിടെയും സമൃദ്ധമായി വെള്ളം ഇല്ലാത്ത അവസ്ഥ. പൊന്തക്കാടുംപാറക്കൂട്ടവും മാത്രമാണ് ഇപ്പോൾ കാണാനുള്ളത്.ജില്ലയിൽ നിരവധി പ്രദേശങ്ങളിലെ ജലസ്രോതസ്സാണ്ഈ പുഴ. നീരൊഴുക്ക് പൂർണമായും നിലച്ചു.

പുഴയിലെ ആഴമുള്ള ചില സ്ഥലങ്ങളിൽ മാത്രമാണ് വെള്ളം കാണുന്നത്. വൻതോതിലുള്ള മണലെടുപ്പ് നാശത്തിനു ഒരു കാരണമാകുന്നു. മഴ പെയ്യുമ്പോൾ മാത്രം നിറയുകയും മഴ തോർന്നാൽ വരളുകയും ചെയ്യുന്ന നീർച്ചാലാണ് ഇന്ന് ഈ നദി.

പ്രളയസമയത്തെ കുത്തൊഴുക്ക് ഇവിടെ ഒരു തീരം സൃഷ്ടിച്ചിരുന്നതാണ്, തത്തേങ്ങലം ബീച്ച്. ഇപ്പോൾ മിക്കയിടത്തുംമണലെല്ലാം പോയി അടിത്തട്ടിലെ മൃദുമണ്ണ് വെളിവായ സ്ഥലങ്ങളിൽ കാടുകയറി. കയ്യേറ്റക്കാരും എല്ലാവിധ നിക്ഷിപ്ത താത്പര്യക്കാരും ചേർന്ന് ജലവും വനവും മണലും പങ്കിട്ടതിനുശേഷം ബാക്കിവെച്ച പുഴയുടെ ഈ പ്രേതരൂപം നമ്മുടെ സംസ്കാര ജീർണ്ണതയുടെപ്രതീകമാണിന്ന്.

പുഴയുടെ മരണം സംസ്കാരത്തിന്റെ മരണവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. വനാന്തർ ഭാഗത്തു നിന്നും ഉത്ഭവിക്കുന്ന ഈസൈരന്ധ്രിപുഴ, പക്ഷേ, കാടും ജലവും മാത്രമായിരുന്നില്ല. തനിമയുടെയും പാരമ്പര്യങ്ങളുടെയും കാർഷിക സാംസ്കാരിക വികാസത്തിന്റെയും കേദാരമായിരുന്നു.

അന്നവും വെള്ളവും സംസ്കാരവും തന്ന ഊർജദായിനി. ജൈവവൈവിധ്യത്തിന്റെ കലവറയായ ഒട്ടു വളരെ ഗ്രാമീണവനങ്ങൾ സ്പർശിക്കുന്ന പുഴ വെറുമൊരു പുഴയല്ല. അനേകം അറിവുകളുടെ, നൂറ്റാണ്ടിന്റെ അനുഭവങ്ങളിലൂടെ പരീക്ഷിച്ചറിഞ്ഞ സമ്പന്നമായ ഒരു നാട്ടറിവുചരിത്രം ഈനദിക്കുണ്ടായിരുന്നു.

പുഴ നാശോന്മുഖമാവുകയും കാർഷികസംസ്കൃതി അന്യംനിന്നുപോവുകയും ചെയ്തപ്പോൾ പുതിയൊരു തലമുറ വേരുകളില്ലാത്തൊരു സമൂഹമായിത്തീർന്നു. അവരുടെ കണ്മുന്നിലാണ് പുഴ ഒരു വിലാപംപോലും സൃഷ്ടിക്കാതെ ഒടുങ്ങുന്നത്. ആധുനിക സമൂഹം ചെയ്തുകൂട്ടുന്ന ഏതു പ്രവൃത്തിയും പുഴയുടെ നാശത്തിനായിത്തീരുകയാണ്.

പ്രകൃതിയെ നിരന്തരം കൈയേറ്റം ചെയ്ത് കാടും പുഴയും കുന്നും മലയും നശിപ്പിച്ചു മുന്നേറുന്ന ഈ ദുസ്ഥിതി തെരഞ്ഞെടുപ്പ് ഫലകോലാഹലത്തിനിടയിൽ നാം സൗകര്യപൂർവ്വം മറക്കുകയാണോ?

×