കുട്ടനാട് എ സി റോഡിലെ അപകടക്കുഴികള്‍ക്ക് ശാപമോക്ഷം ! പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് തകര്‍ന്നത് നന്നാക്കാന്‍ വാട്ടര്‍ അതോറിറ്റി പി ഡബ്ള്യു ഡിയ്ക്ക് മുന്‍കൂര്‍ തുക നല്‍കി. വാട്ടര്‍ അതോറിറ്റി എ സി റോഡിലെ പൊട്ടിയ പൈപ്പുകള്‍ നന്നാക്കുന്നു !

സുഭാഷ് ടി ആര്‍
Saturday, April 4, 2020

ചമ്പക്കുളം/കുട്ടനാട്: എ സി റോഡിലെ പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ വാട്ടര്‍ അതോറിറ്റി പി ഡബ്ള്യു ഡിയ്ക്ക് മുന്‍കൂറായി 161765 രൂപ നല്‍കി. ലീക്കുകള്‍ കണ്ടുപിടിച്ച് തകരാര്‍ പരിഹരിയ്ക്കാനുള്ള ജോലി വാട്ടര്‍ അതോറിറ്റി കിടങ്ങറ പി എച്ച് സെക്ഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു.

ഇതോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി എ സി റോഡിലുള്ള അപകടക്കുഴികള്‍ക്ക് ശാപമോക്ഷം കിട്ടും. കൂടാതെ കിടങ്ങറ പി എച്ച് സെക്ഷന് കീഴിലുള്ള എ സി റോഡിലെ എല്ലാ ലീക്കുകള്‍ക്കും ഇതോടെ പരിഹാരം ഉണ്ടാകുകയും ചെയ്യും.

പൈപ്പുകള്‍ പൊട്ടി റോഡില്‍ കുഴികള്‍ ഉണ്ടായതുമൂലം ഒട്ടേറെ അപകടങ്ങള്‍ ഉണ്ടായതും, കുടിവെള്ളം കിട്ടാക്കനിയായ കുട്ടനാട്ടില്‍ റോഡിലൂടെ ശുദ്ധജലം പാഴാകുന്നതും ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയിതിരുന്നു.

പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ റോഡ് പൊളിച്ചാലെ സാധിയ്ക്കുമായിരുന്നുള്ളു. കിടങ്ങറ പി എച്ച് സെക്ഷന്‍ പി ഡബ്ള്യു ഡി അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും റോഡ് പൊളിച്ച് പൈപ്പുകളുടെ അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാല്‍ റോഡ് ടാര്‍ ചെയ്യാന്‍ മുന്‍കൂര്‍ പണം അടയ്ക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അവര്‍.

ഒട്ടേറെ പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴിവെച്ച പൈപ്പ് പൊട്ടലുകള്‍ക്ക് കിടങ്ങറ പി എച്ച് സെക്ഷന്‍ പാത്രീഭൂതരാകേണ്ടിവന്നു. കൈനകരി ജംഗ്ഷന്‍, പൂപ്പള്ളി ജംഗ്ഷന്‍, ഒന്നാംകര സബ് രജിസ്ട്രാര്‍ ഓഫീസിന് സമിപത്തെ രണ്ട് ലീക്കുകള്‍, പള്ളിക്കൂട്ടുമ്മ ജംഗ്ഷന്‍, രാമങ്കരിയിലെ സ്വകാര്യ ആശുപത്രിയുടെ അടുത്തുള്ള ലീക്കുകള്‍ തുടങ്ങി എ സി റോഡിലെ പ്രധാന ലീക്കുകള്‍ ആദ്യം പരിഹരിയ്ക്കും.

ലീക്ക് ഡിറ്റക്ഷന്‍ എക്യുപ്മെന്റ് ഉപയോഗിച്ച് ലീക്ക് കണ്ടുപിടിച്ച് അറ്റകുറ്റപ്പണി ധൃതഗതിയില്‍ പുരോഗമിയ്ക്കുകയാണ്. കിടങ്ങറ പി എച്ച് സെക്ഷന് കീഴിലുള്ള ഉദ്യോഗസ്ഥരെല്ലാവരും തന്നെ ലീക്ക് പരിഹരിച്ച് കുടിവെള്ളം എത്തിയ്ക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വാഹന നിയന്ത്രണം ഉള്ളതിനാല്‍ പൈപ്പുകളുടെ അറ്റകുറ്റപണികള്‍ കാര്യക്ഷമമായും വേഗത്തിലും തീര്‍ക്കാനാകും എന്ന് നാട്ടുകാര്‍.

അറ്റകുറ്റപണികള്‍ മൂലവും പൈപ്പ് പൊട്ടിയത് മുലവും തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ വാട്ടര്‍ അതോറിറ്റി, പി ഡബ്ള്യു ഡിയില്‍ മുന്‍കൂര്‍ പണം കെട്ടിവച്ചതുകൊണ്ട് റോഡ് ടാര്‍ ചെയ്യാന്‍ താമസമുണ്ടാകില്ല എന്ന് നാട്ടുകാര്‍ പറയുന്നു. പണം കിട്ടാഞ്ഞിട്ടാണ് പാച്ച് വര്‍ക്ക് നടക്കാത്തത് എന്ന പതിവ് പല്ലവി പി ഡബ്ള്യു ഡി പുറത്തെടുക്കാനിടയില്ലെന്നും ഒരു ജനപ്രതിനിധി പറഞ്ഞു.

×