കോട്ടയം: കുവൈറ്റിൽ മലയാളി യുവതിയുടെ ദുരൂഹ മരണത്തിൽ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ തോമസ് ചാഴികാടൻ എം പിക്കും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയ്ക്കും ഒപ്പം ഗാന്ധിനഗർ പോലീസിൽ പരാതി നൽകി.
രണ്ടാം തീയതി ഇന്ത്യൻ എംബസിയുടെ ഷെൽട്ടറിൽ നിന്നെന്നും പറഞ്ഞു മരിച്ച നിലയിൽ മുബാറക് ആശുപത്രിയിൽ എത്തിച്ച കോട്ടയം ഗാന്ധിനഗർ പെരുമ്പായിക്കാട്ട് തേക്കനയിൽ സുമി ടി (37) യുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച്‍ സഹോദരൻ പരാതി നൽകിയിരിക്കുന്നത്.
/sathyam/media/post_attachments/5z1BSttZgT3PvtppueY8.jpg)
എം പിക്കും എം എൽ എയ്ക്കും വാർഡ് മെമ്പർ ജോജി കുറത്തിയാടനും ഒപ്പമാണ് സഹോദരൻ സന്തോഷ് പരാതി നൽകാനെത്തിയത്. സന്തോഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ചയാണ് മരിച്ച നിലയിൽ സുമിയെ മുബാറക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഞായറാഴ്ച എംബസി ഉദ്യോഗസ്ഥനെന്ന് പറഞ്ഞു മനോജ് കുര്യൻ എന്നയാളാണ് കുവൈറ്റിൽ നിന്നും വിളിച്ച് മരണ വിവരം അറിയിച്ചതെന്ന് പരാതിയിൽ പറയുന്നു.
ശനിയാഴ്ച കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ഹൃദയാഘാദം ഉണ്ടായി മരണം സംഭവിച്ചു എന്നാണു മനോജ് കുര്യൻ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ വെള്ളിയാഴ്ച നാട്ടിലേക്ക് അവസാനമായി വിളിക്കുമ്പോഴും രോഗത്തെക്കുറിച്ചോ അനാരോഗ്യത്തെക്കുറിച്ചോ സുമി പറഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് മരണവാർത്തയാണ് കേൾക്കുന്നത്.
ഹൃദയാഘാദം മൂലമാണ് മരണമെന്നും കൊറോണ ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റിവ് ആയതിനാൽ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിന് തടസമില്ലെന്നും മനോജ് പറഞ്ഞിരുന്നു.
ആശുപത്രിയിൽ നിന്ന് ലഭിച്ച രേഖകളിലും പകർച്ച വ്യാധികൾ ഒന്നും ഇല്ലാത്തതിനാൽ മൃതദേഹം വിട്ടുനൽകുന്നതിന് തടസമില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ തിങ്കളാഴ്ച വീണ്ടും വിളിച്ച മനോജ് കുര്യൻ സുമിയ്ക്ക് കോവിഡ് പോസിറ്റിവ് ആയതിനാൽ മൃതദേഹം വിട്ടുനൽകാനാവില്ലെന്നും കുവൈറ്റിൽ തന്നെ സംസ്കരിക്കാൻ അനുമതി പത്രം ഒപ്പിട്ട് അയയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
മാത്രമല്ല, ഇദ്ദേഹം ഓരോ തവണ വിളിക്കുമ്പോഴും പരസ്പര വിരുദ്ധമായി സംസാരിക്കുന്നതും ബന്ധുക്കളിൽ സംശയം ജനിപ്പിച്ചിരുന്നു. കൊറോണ പോസിറ്റിവ് ആണെന്നതിന്റെ റിസൾട്ട് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ല.
ഇതോടെയാണ് വാർഡ് മെമ്പറുമായി ബന്ധപ്പെട്ട് സ്ഥലം എം പിയെയും എം എൽ എയെയും വിവരം ധരിപ്പിക്കുകയും പരാതി നൽകുകയും ചെയ്തത്. മരണ കാരണം അറിയണമെന്നും മൃതദേഹം നാട്ടിലെത്തിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
മൃതദേഹം നാട്ടിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്കും കുവൈറ്റിലെ ഇന്ത്യൻ എംബസിയ്ക്കും കത്ത് നൽകുമെന്ന് തോമസ് ചാഴികാടൻ എം പി അറിയിച്ചു.
എംബസിയുടെ ഷെൽട്ടറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനധികൃത ലോബി ഇവിടെ എത്തുന്ന സ്ത്രീകളെ പലവിധത്തിൽ ചൂഷണം ചെയ്യുന്ന പരാതികൾ ഉണ്ടായിട്ടുണ്ട്. കോട്ടയം മരങ്ങാട്ടുപള്ളിയിലുള്ള മറ്റൊരു യുവതി അടുത്തിടെയാണ് ഇവരുടെ ചൂഷണത്തിൽ നിന്നും രക്ഷപെട്ട് നാട്ടിലെത്തിയതെന്നു പറയുന്നു.
ഇത്തരം അനുഭവങ്ങളാണോ സുമിയ്ക്ക് സംഭവിച്ചതെന്നാണ് സംശയം. എംബസിയിൽ നിന്നെന്നു പറഞ്ഞു ബന്ധുക്കളെ വിളിച്ച മനോജ് കുര്യൻ എംബസി ഉദ്യോഗസ്ഥനല്ലെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us