75 വര്‍ഷമായി അന്നമൂട്ടുന്ന പാലാ മുത്തോലിയിലെ ഷൈലജ ഹോട്ടലിന്റെ അന്നപ്പെരുമ.. ! രുചിനിറച്ച് വിളമ്പും, വയറുനിറച്ച് ഉണ്ണും.. ! നഗരത്തിലെ നക്ഷത്ര ഹോട്ടലുകള്‍ ഉപേക്ഷിച്ചു വക്കീലന്മാരും അധ്യാപകരും വ്യാപാരികളും ഷൈലജ ഹോട്ടലിന്റെ രുചിതേടി മുത്തോലിവരെയെത്തുന്നതിന്റെ രഹസ്യം ഇങ്ങനെ ..

സുഭാഷ് ടി ആര്‍
Monday, February 24, 2020

രുചികരമായ ആഹാരം മനുഷ്യരെ അടുപ്പിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. പണ്ടൊക്കെ പേരക്കുട്ടികളോട് മുത്തശ്ശിമാര്‍ പറയുമായിരുന്നു, വായ്ക്ക് കൊള്ളാവുന്ന വല്ലതും ഒക്കെ ഉണ്ടാക്കിപഠിച്ചാല്‍ കെട്ടിയോനെ വരച്ച വരേ നിര്‍ത്താം എന്ന്.

രുചികരമായ ഭക്ഷണം ഉണ്ടാക്കാന്‍ രാജകൊട്ടാരങ്ങളില്‍ നല്ല നല്ല ശേവുകക്കാരെ പല ദേശങ്ങളില്‍ നിന്നും കണ്ട്പിടിച്ച് കൊണ്ടുവന്ന് വൈവിധ്യങ്ങളായ അരവുകളും അരപ്പുകളും കൊണ്ട് പൊങ്കാല ഇടാറുണ്ടായിരുന്നു.

ഭക്ഷണം ആസ്വദിച്ച് കഴിയ്ക്കുന്ന ബഹുകേമന്‍മാരും, ഭക്ഷണത്തിന്റെ ഗന്ധം ‘രുചിച്ചാല്‍’ അത് ആര് ഉണ്ടാക്കിയതാണന്ന് പറഞ്ഞ് അമ്പരിപ്പിയ്ക്കുന്ന വമ്പന്‍മാരുടെയും കാലവുമുണ്ടായിരുന്നു.

ഫലഭൂയിഷ്ടമായിരുന്ന ഭൂമിയില്‍ വിത്തുകള്‍ ബീജാവാപം ചെയ്യുന്ന കര്‍ഷകന് കൃഷി നിഷ്ടയും പ്രാര്‍ത്ഥനയുമായിരുന്നു, പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്.! തനതായ രുചി ഭക്ഷ്യവസ്തുക്കളിലെല്ലാം പ്രകൃതി തന്നെ നിറച്ച് വയ്ക്കും. അതുകൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണം അമൃതാകാതാരിയ്ക്കില്ല.

രുചി അരുചിയാക്കരുതേ ..

രുചി അരുചിയായി മാറുന്നത് വൃത്തിഹീനമായ പരിതസ്ഥിതിയിലെ പാചകവും, ഭക്ഷണം സൂക്ഷിച്ച് വയ്ക്കുന്നതിലെ ശ്രദ്ധയില്ലായ്മയും മാത്രമല്ല ഒട്ടും തന്നെ വൃത്തിയും ശുദ്ധിയുമില്ലാത്ത തൊഴിലാളികളുടെ സാന്നിദ്ധ്യവുമാണ്. പല ‘വീട്ടിലെ ഊണുകളുടെ’ മേന്‍മയും വൃത്തിയും പരിതാപകരവുമാണ്.

എല്ലാത്തരം ഭക്ഷണം വില്‍ക്കുന്നവരും പരീക്ഷ പാസാകണമെന്ന് സര്‍ക്കാര്‍ നിഷ്ക്കര്‍ഷിയ്ക്കുന്നുണ്ട്. അതില്‍ ജീവനക്കാരുടെയും മറ്റും വൃത്തിയും ശുദ്ധിയും പരീക്ഷാവിഷയമായാല്‍ നന്നായിരിയ്ക്കുമെന്ന അഭിപ്രായം ഉയരുന്നു.

അനുഭവങ്ങള്‍ പഠിപ്പിച്ചതുകൊണ്ടാവണം പഴമയുടെ രുചി തേടി പലരും വരുന്നത്. നാല്‍ക്കവലകള്‍ തിരക്കേറിയ ജംഗ്ഷനുകള്‍ ആകുമ്പോഴും, ഗ്രാമങ്ങള്‍ പട്ടണങ്ങളോട് മത്സരിയ്ക്കുമ്പോഴും ഉപേക്ഷിച്ചു പോകാന്‍ തയ്യാറാകാതെ ചില രുചികേന്ദ്രങ്ങള്‍ തല ഉയര്‍ത്തിപിടിച്ച് നില്‍ക്കുന്നുണ്ടാവും.

പാലായിലെ കുഞ്ഞയ്യന്റെ ഹോട്ടല്‍ ആന്റ് ടീഷോപ്പ്

അങ്ങനെ ഒരു രുചിയുടെ അടുക്കളയാണ് പാലാ മുത്തോലിയില്‍ 75  വര്‍ഷം മുന്‍പ് പായിക്കുളത്തില്‍ കുഞ്ഞയ്യന്‍ തുടങ്ങിയത്. ഓടുമേഞ്ഞ, അറയും നിരയും പ്രൗഡി കൂട്ടിയ ഇരുനില വീടിനുമുമ്പില്‍ കെട്ടിയ ഓലഷെഡ്ഢില്‍ ഒരു ‘ഹോട്ടല്‍ ആന്റ് ടീ ഷോപ്പ് ‘ .

പാചകകലയില്‍ അത്യാവശ്യം പേരുണ്ടായിരുന്ന അദ്ദേഹത്തിന്റെ പരിചയസമ്പത്തായിരുന്നു അന്ന് ആ ഹോട്ടലിന്റെ മുതല്‍മുടക്കിനോട് ചേര്‍ത്ത് വച്ചത്‌. നാട്ടിലെ മിക്ക കല്യാണങ്ങള്‍ക്കും വിരുന്നൊരുക്കാന്‍ കുഞ്ഞയ്യനെ തിരഞ്ഞ് ആള്‍ക്കാര് വരുമായിരുന്നു.

ഊണിന് കാലണയായിരുന്നു വില. റെഡിമെയ്ഡ് കറിപൗഡറുകളോ മസാലകളോ മുളക്പൊടികളോ പ്രചാരത്തിലുമില്ല. പാചകത്തിന് ആവശ്യമായ ഈ വകയൊക്കെ സ്വന്തമായി ഉണ്ടാക്കുകയായിരുന്നു എല്ലാവരെയും പോലെ അദ്ദേഹവും. പക്ഷേ അദ്ദേഹത്തിന്റെ ‘പൊടിക്കെകള്‍’ പലഹാരങ്ങള്‍ക്കും കറികള്‍ക്കും വ്യത്യസ്തമായ സ്വാദ് വിതറി.

അദ്ദേഹത്തിന്റെ ഒപ്പം പാചകത്തില്‍ സഹായത്തിനായി ഭാര്യയും മക്കളും ഒപ്പം ഉണ്ടായിരുന്നു. മകന്‍ ജനാര്‍ദ്ദനന്‍ അച്ഛന്റെ പക്കല്‍ നിന്നും പകര്‍ന്നുകിട്ടിയ പാചകകലയില്‍ നിപുണനായി. അച്ഛന്റെ മരണശേഷം കടയുടെ പൂര്‍ണചുമതല ജനാര്‍ദ്ദനനിലായി.

 അങ്ങനെ കുഞ്ഞയ്യന്റെ കടയ്ക്ക് പേരായി – ഷൈലജ ഹോട്ടല്‍

ജനാര്‍ദ്ദനന് ആദ്യം ജനിച്ചത് പെണ്‍കുട്ടി ആയിരുന്നു. ആ കുട്ടിയുടെ പേര് ഹോട്ടലിന് ഇട്ടു. വെറും ഹോട്ടല്‍ ആന്റ് ടീഷോപ്പ് അങ്ങനെ ഷൈലജ ഹോട്ടലായി. എത്ര തിരഞ്ഞെടുപ്പുകള്‍ പാലാ കണ്ടു. മീനച്ചിലാറ് കരകവിഞ്ഞ് ഓരോ സംവത്സരവും ഒഴുകി.

ഷൈലജ ഹോട്ടലിന്റെ മുന്നിലൂടെ കടന്നുപോകുന്ന പാലാ ഏറ്റുമാനൂര്‍ റോഡ് അന്ന് മെലിഞ്ഞതായിരുന്നു. മുത്തോലി വളരെ ചെറിയ മുക്കവലയായിരുന്നു.

പിന്നീട് തിരഞ്ഞെടുപ്പുകള്‍ പരിഷ്ക്കരിച്ചു, മീനച്ചിലാറ്റിലെ വെള്ളപ്പൊക്കത്തിന് മാറ്റം വന്നു, പാലാ ഏറ്റുമാനൂര്‍ റോഡ് തടിച്ചുവളര്‍ന്നു. മുത്തോലിയിലും മറ്റും പുതിയ ഹോട്ടലുകള്‍ വന്നു. ഉച്ചയ്ക്ക് ഊണുമാത്രമാക്കി ഷൈലജ ഹോട്ടലും മാറ്റം വരുത്തി.

രുചി തേടി മുത്തോലിക്ക്

വലിയ വിഭവങ്ങള്‍ ഇല്ലാതിരുന്നിട്ടും ഊണിന്റെ സമയത്ത് പാലായില്‍ നിന്നു വരെ ആളുകള്‍ ഉണ്ണാനെത്തും, സ്ഥിരമായി. പാലാ ബാറിലെ വക്കീലന്‍മാരും സെന്‍റ് തോമസ്‌ കോളജിലെ അദ്ധ്യാപകരും ഉള്‍പ്പെടെയുള്ള ആളുകള്‍ ഷൈലജ ഹോട്ടലില്‍ വരുന്നത് വായ്ക്കും വയറിനും പിടിയ്ക്കുന്ന ഭക്ഷണം തേടിതന്നെയാണ്.

മൂന്നാം തലമുറയിലെ ഷിജിയ്ക്കാണ് ഹോട്ടലിന്റെ ചുമതലയിപ്പോള്‍. ഷിജിയുടെ അച്ഛന്‍ ജനാര്‍ദ്ദനന് എണ്‍പത്തിയഞ്ച് വയസ്സായെങ്കിലും കറികള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് പാകപ്പെടുന്നത്.

സാമ്പാറും പുളിശ്ശേരിയും മെഴുക്കുപുരട്ടിയും തോരനും നല്ല തേങ്ങാ ചമ്മന്തിയും തീയലും അവിടെ തന്നെ ഇടുന്ന അച്ചാറുകളും പപ്പടവും കറികള്‍. സാമ്പാറും പുളിശ്ശേരിയും ഒഴികെ ബാക്കി കറികള്‍ ദിവസവും മാറി മാറി വരും. നോണ്‍വേജായി താറാവ് ഓംലറ്റ് മാത്രം.

ഇറച്ചിയും മീനും കറികളുണ്ടാക്കിയാല്‍ ലാഭമേറുമെങ്കിലും ഉപഭോക്താക്കളില്‍ ഭൂരിഭാഗംപേര്‍ക്കും വെജിറ്റേറിയനോടാണ് താത്പര്യമെന്നതിനാല്‍ അത് തന്നെ മതിയെന്ന് തീരുമാനിച്ചു.

പാലാ നഗരത്തിലെ നക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന കച്ചവടത്തിന്‍റെ രഹസ്യം 

പാലാ നഗരത്തിലെ മുന്തിയ ഹോട്ടലുകളില്‍ ഒരു ദിവസം വില്‍ക്കുന്ന ഊണിനേക്കാള്‍ ഇരട്ടിയാണ് നഗരത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള ശൈലജയിലെ വില്‍പ്പന. അതാണ്‌ രുചിയുടെ മേന്മ.

പാലാ ടൌണില്‍ വര്‍ഷം വന്‍ മുതല്‍ മുടക്കില്‍ നാലഞ്ചു ഹോട്ടലുകള്‍ തുറക്കും . ആറോ ഏഴോ മാസം കഴിയുമ്പോള്‍ അത് പൂട്ടുകയും ചെയ്യും. അങ്ങനുള്ള നാട്ടിലാണ് ബെഞ്ചും ഡസ്കും ഇട്ട് ഭക്ഷണം വിളമ്പുന്ന ശൈലജ 3 രജത ജൂബിലികള്‍ പിന്നിട്ടത്.

അടുക്കളയില്‍ ഷിജിയും ഭാര്യയും അച്ഛനും അമ്മയും ചേര്‍ന്നാണ് ചോറും കറികളും ഉണ്ടാക്കുന്നത്. വൃത്തിയുള്ള സ്ഥലത്ത് പാകം ചെയ്ത്, നിറഞ്ഞ മനസ്സോടെ, വിനയവും വാത്സല്യവും തൊടുകറിയായി, വൃത്തിയുള്ള സ്ഥലത്ത് രുചിനിറച്ച് വിളമ്പികൊടുക്കുമ്പോള്‍ വയറ് നിറച്ച് ആരും ഉണ്ണും.

മുത്തോലി ഇന്ന് പഴയ മുത്തോലിഅല്ല, പക്ഷേ , ഷൈലജ ഹോട്ടല്‍ പഴയ ഷൈലജ ഹോട്ടല്‍ തന്നെ.! വലിയ ലാഭമൊന്നുമില്ലങ്കിലും കാര്യങ്ങള്‍ നടന്ന് പോകുന്നു എന്ന് പറഞ്ഞ് ഷിജി ചിരിയ്ക്കുന്നു.

×