സമാശ്വാസം പകർന്ന് കരിമ്പ പാലിയേറ്റീവ് കെയർ

സമദ് കല്ലടിക്കോട്
Friday, July 5, 2019

പാലക്കാട്: ചികിത്സാ സംവിധാനങ്ങള്‍ പരാജയപ്പെട്ടും തുടർ ചികിത്സക്ക് വഴിയില്ലാതെയും അധികപേരുടെയൊന്നും കണ്ണും കാതും മനസ്സുമെത്താതെയുമൊക്കെ മനസ്സു മരവിച്ച് കഴിയുന്നിടത്താണ് പാലിയേറ്റീവ് കെയര്‍ ഏറെ പ്രസക്തമാകുന്നത്. വിഭവങ്ങളുടെ സമാഹരണം, സാങ്കേതിക സഹായങ്ങൾ, സേവന വിഭാഗം, സന്നദ്ധ പ്രവർത്തനം, രോഗീ പരിചരണം, രോഗിക്കും കുടുംബത്തിനും ഭക്ഷണം തുടങ്ങി അനവധി കാര്യങ്ങൾ ആവശ്യമുള്ളയിടത്ത് ആര് എന്ത് നൽകിയാലും രോഗ വ്യഥ അനുഭവിക്കുന്നവർക്ക് അതൊരു ആശ്വാസമായിരിക്കും.

ഇവിടെയാണ് മനുഷ്യ സാധ്യമായ പ്രവർത്തനങ്ങളുമായി കരിമ്പ പാലിയേറ്റീവ് കെയർ സമാശ്വാസത്തിന്റെ ചരിത്രം രചിക്കുന്നത്. അപകടങ്ങൾ മൂലവും മാറാരോഗങ്ങൾ മൂലവും മാനസികവും ശാരീരികവുമായി കഷ്ടപ്പെടുന്നവർക്ക് കരിമ്പ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റികഴിഞ്ഞ 10 വർഷമായിഅക്ഷരാർത്ഥത്തിൽ ആശ്രയമാവുകയാണ്‌.

കരിമ്പയിലും സമീപ പഞ്ചായത്തുകളായ തച്ചമ്പാറ, കാരാകുർശി, കോങ്ങാട് എന്നിവിടങ്ങളിലും സാന്ത്വന പരിചരണം നടത്തിവരുന്നു ഈ സന്നദ്ധ കൂട്ടായ്മ. ഹോം കെയറിന്റെ ഗുണനിലവാരം ഉയർത്തിയും സേവനോന്മുഖമായി നിലകൊണ്ടും സമിതി നടത്തിയ പ്രവർത്തനങ്ങൾ ചില സാധുക്കളുടെ ജീവിതത്തെ നിശ്ചയിക്കുന്നതും സാധ്യതകൾ തുറന്നിടുന്നതുമായി.

ഹോം കെയർ, രോഗികളുടെ പുനരധിവാസം, ബോധവൽക്കരണ പ്രവർത്തനങ്ങൾ, വിദ്യാർഥികൾക്കിടയിലള്ള പ്രവർത്തനങ്ങൾ എന്നിവയുടെ നടത്തിപ്പിനായി വളണ്ടിയർമാരുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയും കർമപഥത്തിലേക്ക് പുതിയ വളണ്ടിയർമാരെ കണ്ടെത്തുകയും ചെയ്തു.  ക്ഷമയും പരസ്പര ധാരണയും സഹജീവി സ്നേഹവുമെല്ലാം അശരണരുടെ മനസ്സുകളെ തൊടുന്നതായി.ആഴ്ച്ചയിൽ രണ്ടു ദിവസം നേഴ്സും വോളണ്ടിയർമാരും അടങ്ങുന്ന സംഘം രോഗികളുടെ ഭവനങ്ങളിലെത്തി ശുശ്രൂഷകൾ നൽകുന്നു.

മാസത്തിൽ രണ്ടു തവണ ഡോക്ടറും നേഴ്സും വോളണ്ടിയറും അടങ്ങുന്ന സംഘം രോഗികളുടെ ഭവനങ്ങളിലെത്തുന്നു.എല്ലാ മാസവും രണ്ടാം ഞായറാഴ്ച ഒരു മാസം നടത്തിയ പ്രവർത്തനങ്ങളുടെ അവലോകനം നടത്തുന്നു.രോഗികൾക്ക് ആവശ്യമായ പുനരധിവാസ പ്രവർത്തനങ്ങൾ, യൂണിറ്റ് നേരിടുന്ന പ്രായോഗിക പ്രശ്നങ്ങൾ, പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ എന്നിവ ചർച്ച ചെയ്ത് നടപ്പാക്കുന്നു.

ഇതെല്ലാം പാലിയേറ്റിവ് പ്രവർത്തനത്തിന്റെ വിലയും മഹത്വവും നിശ്ചയിക്കുന്നതായി.ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തിൽ ജനങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും പാലിയേറ്റീവ് പരിചരണത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവൽക്കരണം നടത്താറുണ്ട്. വിദ്യാർത്ഥികളെ ഹോം കെയറിൽ പങ്കെടുപ്പിച്ച് സാന്ത്വന പരിചരണത്തിന്റെ അടിസ്ഥാന പാഠങ്ങൾ നേടാൻ അവസരം നൽകുന്നു.

പ്രകൃതി പഠന ക്ലാസുകളും ജീവിതശൈലി രോഗങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നു.കൂടാതെ വിദ്യാർഥികളെ അണിനിരത്തിക്കൊണ്ട് ബോധവൽക്കരണ റാലി നടത്തുന്നു. ആരോഗ്യ-പരിചരണവിവരങ്ങളടങ്ങിയ പത്രികകൾ പ്രസിദ്ധീകരിക്കുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർഥികളിലും പൊതുജനങ്ങളിലും അവബോധമുണ്ടാക്കാനായിനവജീവൻ എന്ന പേരിൽ ഒരു ഒരു മാസിക പ്രസിദ്ധീകരിച്ചു വരുന്നു. എന്തു പരിമിതിയും അതിജീവിച്ചു കൊണ്ടുള്ള ഈ അർപ്പണ മനോഭാവം പ്രതിബദ്ധതയുളവാക്കുന്ന ഘടകമാണ്.

പുനരധിവാസ പ്രവർത്തനങ്ങൾ, ഓണക്കോടി, അർഹരായ രോഗികൾക്കും കുടുംബത്തിനും വസ്ത്രം, സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഭക്ഷണകിറ്റ് വിതരണം , അർഹരായ രോഗികളുടെ ഓപ്പറേഷന് ധനസഹായം എന്നിവയും പ്രവർത്തനങ്ങളിൽ ചിലതാണ്. കൂടാതെവിദഗ്ധ ചികിൽസ ആവശ്യമായ രോഗികളെ മെഡിക്കൽ കോളേജ്, അനുബന്ധമായ ആശുപത്രികൾ എന്നിവടങ്ങളിൽ കൊണ്ടു പോകാനുള്ള വാഹന സൗകര്യം ചെയ്തു വരുന്നു.

2008-ൽ ആരംഭിച്ച സാന്ത്വന പരിചരണം കൂട്ടായ്മക്ക്പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. ആദർശ് കുര്യൻ (പ്രസിഡണ്ട്, കെ. വി. എബ്രഹാം (വൈ. പ്രസിഡണ്ട്), ശിവൻ. എം. എ (വൈ. പ്രസിഡണ്ട്),സജീവ്. വി. ജി (സെക്രട്ടറി)കെ. സി. ഉണ്ണികൃഷ്ണൻ (ജോ. സെക്രട്ടറി), ബേബി ജോർജ് (ജോ. സെക്രട്ടറി), റജിന ബെന്നി ( ട്രഷറർ) തുടങ്ങിയവരാണ് പ്രധാന സാരഥികൾ.

സമൂഹത്തിന്റെ വ്യത്യസ്ത തുറയിൽ പെട്ടവർ ഈ നന്മ വഴിയിലെ സഹകാരികളാണ്. പ്രാഥമിക സമാശ്വാസ നടപടികൾ പോലും നടക്കാത്ത സമൂഹത്തെ മാറ്റിയെടുത്തുവെന്നതാകും ഈ രംഗത്തുണ്ടായ പ്രഥമവും പ്രധാനവുമായ വികാസത്തിന്റെ ചുവടുവെപ്പ്. നിർഭാഗ്യങ്ങൾ നേരിടാനുള്ള ധൈര്യം നൽകാനും നന്മകളാൽ അനുഗ്രഹിക്കപ്പെട്ടവരാണെന്ന ബോധ്യം പകരാനും ഇതിന്റെ പ്രവർത്തകർക്ക് കഴിഞ്ഞു.

മറ്റുള്ളവരുടെ കണ്ണിൽ പ്രസാദാത്മകമായി കഴിയുമ്പോഴുംഅഡ്മിറ്റു ചെയ്ത ആശുപത്രിയും ചികിത്സിച്ച ഡോക്ടറും കയ്യൊഴിയുമ്പോള്‍ തളരുന്ന രോഗിയുടെ മാനസികാവസ്ഥക്കും തകരുന്ന ശാരീരികവും സാമ്പത്തികവും സാമൂഹികവുമായ സന്തുലിതാവസ്ഥക്കും താങ്ങാവുന്ന ചാലക ശക്തിയാണ്ഇവിടെ പാലിയേറ്റീവ് കെയര്‍.

ഹോം കെയര്‍ നഴ്‌സും പാലിയേറ്റിവ്അംഗങ്ങളും വളണ്ടിയര്‍മാരും സ്‌നേഹത്തിന്റെയും ആശ്വാസത്തിന്റെയും ദൂതരാണെന്ന് തെളിയിക്കപ്പെട്ടു. ഭക്ഷണം കഴിപ്പിക്കാന്‍, വെള്ളം കുടിപ്പിക്കാന്‍, വ്രണങ്ങള്‍ വരാതിരിക്കാന്‍, മുറിവുകള്‍ ചീഞ്ഞുനാറാതെ സുഖപ്പെടുത്താന്‍ സര്‍വ്വോപരി രോഗിക്കും ബന്ധുവിനും ആശ്വാസത്തിന്റെ പുഞ്ചിരി വിരിയിക്കാന്‍ ഈ സംവിധാനത്തിന് സാധ്യമാകുന്നുണ്ട്.

പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, വളണ്ടിയര്‍മാര്‍, വിദ്യാർത്ഥി യുവജനങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് സാന്ത്വന പരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. മാസാന്ത കിറ്റുകള്‍കൊണ്ട് തീരുന്നതല്ല ഇവരുടെ പ്രശ്‌നങ്ങള്‍. സ്ഥിരമായ നോട്ടവുംപരിചരണവും നൽകുമ്പോഴും പരിമിതികൾ ഏറെയുണ്ട്. ലക്ഷ്യങ്ങളോട് ആത്മാർത്ഥത പുലർത്തുന്നവർ കൂടെ നിൽക്കുമെന്ന പ്രത്യാശയിലാണ് കരിമ്പ പാലിയേറ്റിവിന്റെ പ്രവർത്തകർ. ഹതാശരായവരുടെ കാര്യത്തിൽ ഇവരെ കർമോൽസുകരാക്കുന്നതും പ്രത്യാശകൾ മാത്രമാണ്.

×