കുടുംബശ്രീ സമൂഹ അടുക്കള ജില്ലയിൽ സജീവം. നാലു ദിവസങ്ങളിലായി 28400 പേരെ അന്നമൂട്ടി

ന്യൂസ് ബ്യൂറോ, പാലക്കാട്
Tuesday, March 31, 2020

പാലക്കാട്:  കോവിഡ്‌ 19 സാമൂഹിക വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൻ്റെ ഭാഗമായി വീട്ടിലിരിക്കുന്നവർക്കും ഐസൊലേഷനിൽ കഴിയുന്നവർക്കും ഭക്ഷണമെത്തിച്ചു നൽകി കുടുംബശ്രീ സമൂഹ അടുക്കള ജില്ലയിൽ സജീവം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജില്ലയിലെ 88 പഞ്ചായത്തുകളിലായി പ്രവർത്തിച്ചു വരുന്ന 91 കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചണുകൾ വഴി കഴിഞ്ഞ നാലു ദിവസങ്ങളിലായി ഇരുപത്തിയെട്ടായിരത്തി നാനൂറ് പേർക്ക് ഭക്ഷണം എത്തിച്ചു നൽകി.

ഷൊർണൂർ, ഒറ്റപ്പാലം, ചിറ്റൂർ എന്നിവിടങ്ങളിൽ ഒന്നിൽ കൂടുതൽ കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചയൂൺ, രാത്രി ഭക്ഷണം എന്നിങ്ങനെ മൂന്ന് നേരവും ഓർഡർ അനുസരിച്ച് കുടുംബശ്രീ പ്രവർത്തകർ ഭക്ഷണം പാകം ചെയ്ത് ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിതരണം ചെയ്തുവരുന്നു.

നിർധനർ,അഗതി കുടുംബങ്ങൾ, കിടപ്പ് രോഗികൾ, ഭിക്ഷാടകർ തുടങ്ങിയവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 20 രൂപ നിരക്കിലുമാണ് ഭക്ഷണം എത്തിച്ചുനൽകുന്നത്.

കോവിഡ്‌ 19 പ്രതിരോധ – സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് ഐസൊലേഷനിൽ കഴിയുന്നവർക്കും, വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കുമുൾപ്പെടെ ആവശ്യമുള്ള എല്ലായിടത്തും ഭക്ഷണമെത്തിക്കുന്നു.

കിച്ചൺ നടത്തുന്ന കുടുംബശ്രീ സരംഭക യൂണിറ്റുകൾക്ക് റിവോൾവിങ് ഫണ്ട് സി.ഡി.എസുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, കിലോക്ക് 10 രൂപ 90 പൈസ സബ്‌സിഡി നിരക്കിൽ സിവിൽ സപ്ലൈസ് വഴി അരി ലഭ്യമാക്കുവാനും ഉത്തരവായിട്ടുണ്ട്.

‘നിങ്ങൾ ഒറ്റയ്ക്കല്ല, കൂട്ടിന് കുടുംബശ്രീ ഉണ്ട്’ എന്ന തലക്കെട്ടിൽ വയോജനങ്ങൾക്കും കുട്ടികൾക്കും ആവശ്യമായ മാനസിക പിന്തുണയും മറ്റു സേവനങ്ങളും ഉറപ്പു വരുത്തുവാൻ കുടുംബശ്രീ സ്നേഹിത ജൻഡർ ഹെൽപ്പ് ഡെസ്കും ജില്ലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

മാസ്ക് ലഭ്യത ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീ ടൈലറിംഗ് യൂണിറ്റുകളുടെ മാസ്ക് നിർമ്മാണം പുരോഗമിച്ച് വരികയാണ്. ഇതിനകം വിവിധ യൂണിറ്റുകളിലായി 40000 ത്തിലധികം മാസ്കുകൾ തയ്ച്ച്, വിതരണം ചെയ്തു.

×