അറിയേണ്ടതെല്ലാം വിരൽതുമ്പിൽ: സ്‌കൂൾ ആപ്പിന് രൂപം നല്‍കി അധ്യാപകനായ ഹാരിസ് കൊലോത്തൊടി

സമദ് കല്ലടിക്കോട്
Friday, August 16, 2019

സാങ്കേതിക വിദ്യയുടെ മുന്നേറ്റം അറിവിന്റെ സംരക്ഷണത്തിനും വ്യാപനത്തിനും ദ്രുതഗതിയിൽ സഹായകമാവുകയാണ്. ഡിജിറ്റൽ മേഖലയിലെ പുരോഗതി വിദ്യാഭ്യാസ പ്രക്രിയയെ ലളിതവും ഫലപ്രദവുമാക്കുന്ന ഇക്കാലത്ത് വിദ്യാലയവുമായി ബന്ധപ്പെട്ടതെല്ലാം വിരൽ തുമ്പിലൊതുക്കാൻ ഇതാ പുതിയൊരു ആപ്പ്.

കോട്ടോപ്പാടം സ്വദേശിയും തിരുവിഴാംകുന്ന് സിപിഎ യു.പി സ്‌കൂൾ അധ്യാപകനും എഡ്യൂക്കേഷൻ ടെക്‌നോളജി ക്ലബ്ബ് ജില്ലാ കൺവീനറുമായ ഹാരിസ് കോലോത്തൊടിയാണ് ഈ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.

സ്‌കൂൾ പഠന സംബന്ധമായ വാർത്തകളും ഓഫീസ് കാര്യങ്ങളും മൊബൈലിൽ നിന്നു തന്നെ ചെയ്യാനുള്ള സൗകര്യം, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, പാഠ ഭാഗവുമായി ബന്ധപ്പെട്ട ഓഡിയോ-വീഡിയോ സഹായികൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട സന്ദേശ രേഖകൾ, സ്‌കൂളിലെ വിവിധ ആവശ്യങ്ങൾക്കുള്ള ഫോമുകൾ, യൂസർ ഗൈഡുകൾ, ഫോൺ നമ്പറുകൾ, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്‌സ് ചാനൽ ലൈവ് സംപ്രേക്ഷണം, ഡിക്ഷ്ണറി, ലൈബ്രറി തുടങ്ങിയ അനേകം സേവനങ്ങൾ ഈ ആപ്പിലൂടെ ലഭിക്കും.

http://www.schoolappkerala.in എന്ന വെബ് പേജിൽ നിന്നോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുമെന്ന് ആപ്പ് രൂപ കല്പന ചെയ്ത ഹാരിസ് മാഷ് പറഞ്ഞു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനപ്രദമാണ് ഈ സംവിധാനം.

മണ്ണാർക്കാട് ടീച്ചേഴ്‌സ് എന്ന ഓൺലൈൻ അധ്യാപക കൂട്ടായ്മയിൽ പങ്കാളികളാകുവാൻ കൂടുതൽ അധ്യാപകർ താൽപര്യം പ്രകടിപ്പിച്ചപ്പോഴാണ് ഇങ്ങനെ ഒരു ആശയം ഹാരിസിന് തോന്നി തുടങ്ങിയത്. അധ്യാപകർക്ക് ഉപയോഗപ്രദമായഈ മൊബൈൽ ആപ്പ്തയ്യാറാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക പ്രശംസനേടാനും കാരണമായി.

വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവ് സാമൂഹിക പുരോഗതിക്കു ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഡിജിറ്റല്‍ പുരോഗതി കൂടി കൈവരിക്കണം. എല്ലാ അറിവുകളും ഒന്നിച്ച് നേടുക എന്നത് ഇന്നത്തെ ലോകത്ത് സാധ്യമാണ്. ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ ഒരു പടി മുന്നില്‍ സഞ്ചരിച്ചാല്‍ മാത്രമേ ഇനി നിലനില്‍പ്പുള്ളു. കമ്പ്യൂട്ടർ മേഖലയിൽ പന്ത്രണ്ട് വർഷത്തെ പരിജ്ഞാനമുള്ള ഈ അധ്യാപകൻ പറയുന്നു.

രണ്ടു വർഷം മാത്രം പിന്നിട്ടപ്പോൾ രണ്ടു ലക്ഷത്തിൽപരം വിദ്യാർത്ഥികളും വിദ്യാഭ്യാസ പ്രവർത്തകരും ഈ ആപ്ലിക്കേഷൻ സ്വീകരിച്ചു കഴിഞ്ഞു. അനുനിമിഷം വിജ്ഞാനം വർധിപ്പിക്കാനും രക്ഷിതാക്കൾക്ക്കുട്ടികളെ മുഴുവൻ നേരവും നിരീക്ഷിക്കാനും സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിക്കാൻ കഴിയും.

പുതിയ തലമുറയുടെ ഉത്തമമായ ഭാവിക്കായി കുട്ടികളുടെ താത്പര്യങ്ങൾക്കനുസൃതമായ നവ സാങ്കേതിക വിദ്യയുടെ മികവുറ്റ ഒരു പഠന ബോധന സാഹചര്യം ഒരുക്കുക എന്നതാണ് അടുത്ത ലക്ഷ്യം. സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കിയ ഈ സംരംഭം വിജയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ഹാരിസ് മാഷും സഹ പ്രവർത്തകരും.

×