കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഷിജോ ചിത്രം വരയ്ക്കുന്നു. മുപ്പതിനായിരം ‘കുത്തുകള്‍’ കൊണ്ട് ജയസൂര്യയ്ക്ക് സമ്മാനം

ന്യൂസ് ബ്യൂറോ, തൃശൂര്‍
Saturday, May 9, 2020

തൃശൂർ:  ലോക്ക് ഡൗൺ കാലത്ത് ഇഷ്ടതാരത്തിൻ്റെ കയ്യടി നേടി ഷിജോ. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജയസൂര്യ ഷിജോയെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ ഇട്ട കുറിപ്പ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

വേറിട്ട കഥാപാത്രങ്ങളാല്‍ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ജയസൂര്യയുടെ ചിത്രം ആണ് ഷിജോ വരച്ചത്. ജയസൂര്യയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജയസൂര്യയെ അമ്പരിപ്പിച്ചിരിക്കുകയാണ് ഷിജോ വരച്ച ചിത്രം. ജയസൂര്യ തന്നെ ആ ചിത്രം ഷെയര്‍ ചെയ്‍തിട്ടുണ്ട്.

34 മണിക്കൂര്‍ കൊണ്ട് 30,000ത്തിലധികം കുത്തുകള്‍ കൊണ്ടാണ് ജയസൂര്യയുടെ ചിത്രം തീര്‍ത്തത്.  ”34 മണിക്കൂര്‍ ഞാന്‍ മനസ്സിലുണ്ടായി. അത് വിലമതിക്കാനാകാത്തതാണ്. ഉടന്‍ തന്നെ കാണാം സഹോദര”എന്നും ജയസൂര്യ എഴുതിയിരിക്കുന്നു.

തൃശ്രൂർ ജില്ലയിൽ കുന്നംകുളം തൃക്കുക്കാരൻ ജോൺസൺ – ഉഷ ദമ്പതികളുടെ മകനാണ് ബിക്കോം ബിരുദധാരിയായ ഷിജോ. ആധാരമെഴുത്ത്കാരനായ പിതാവിൻ്റെ മഷി പേന ഉപയോഗിച്ചാണ് ഷിജോ ചിത്ര രചന നടത്തിയത്.

ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നപ്പോൾ ഉണ്ടായ ഒരു തോന്നലും നിശ്ചയദാർഢ്യവും ലക്ഷ്യബോധവും മൂലം ചിത്രം മനോഹരമാക്കുവാൻ സാധിച്ചു. രണ്ട് വർഷം മുമ്പ് പിതാവിൻ്റെ ചിത്രങ്ങൾ വരച്ചാണ് ചിത്രരചനയിലേക്ക് പ്രവേശിച്ചത്. ഷിജി ആണ് ഷിജോയുടെ സഹോദരി.

ആവശ്യപ്പെടുന്ന അഭ്യംദയകാംക്ഷികളുടെ ചിത്രം വരച്ച് കിട്ടുന്ന തുക പ്രധാനമന്ത്രിയുടെ കോവിഡ് പ്രതിരോധ യജ്ഞത്തിന് സമ്മാനിക്കാനാണ് ആഗ്രഹം.

ലോക്ക് ഡൗണിന് ശേഷം ആലപ്പുഴ ജില്ലയിൽ സൗഹൃദ വേദി സംഘടിപ്പിക്കുന്ന ലോക്ക് ഡൗൺ ക്രിയേറ്റീവ് മോഡൽസ് എക്സിബിഷനിൽ പങ്കെടുക്കുന്നതിന് തയ്യാറെടുക്കുകയാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിജോ.

×