Advertisment

തിരൂരിന്റെ സ്വന്തം സാറ്റ് ഇനി അജ്മൽ ബിസ്മി സാറ്റ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: തിരൂരിന്റെ കായികമേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കിക്കൊണ്ട് സ്‌പോര്‍ട്‌സ് അക്കാദമി തിരൂര്‍ (സാറ്റ്) എന്ന പ്രമുഖ കായിക സംഘടനയുടെ സ്‌പോണ്‍സര്‍ഷിപ്പ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മി എന്റര്‍പ്രൈസസ് ഏറ്റെടുത്തു.

Advertisment

കലാ, സാംസ്‌കാരിക, കായിക പാരമ്പര്യമുള്ള തിരൂരിന്റെ മണ്ണില്‍ 9 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കായികപ്രേമികളുടെ കൂട്ടായ്മയാണ് സ്‌പോര്‍ട്‌സ് അക്കാദമി, തിരൂര്‍(സാറ്റ്). ഒട്ടേറെ ദേശീയ കായികതാരങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുള്ള മലപ്പുറത്തിന്റെ ഫുട്ബാള്‍ പാരമ്പര്യം ലോകപ്രശസ്തമാണ്.

publive-image

ഇന്ത്യയിലെ അറിയപ്പെടുന്ന പല ഫുട്‌ബോള്‍ പ്രതിഭകളെയും സൃഷ്ടിച്ചിട്ടുള്ള തിരൂരിന്റെ കായിക വളര്‍ച്ച മന്ദീഭവിച്ചു തുടങ്ങിയ സമയത്താണ് തിരൂരിന്റെ കായികസാധ്യതകള്‍ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടിലെ കായിക പ്രതിജ്ഞാബദ്ധരായ ഒരു പറ്റം ചെറുപ്പക്കാര്‍ സ്‌പോര്‍ട്‌സ് അക്കാദമിക്കു(സാറ്റ്) രൂപംനല്‍കിയത്.

2008 ല്‍ തിരൂര്‍ മുനിസിപല്‍ കൗണ്‍സിലിന്റെ സാമ്പത്തികസഹായത്തോടെ തുടങ്ങിവച്ച ഫുട്‌ബോള്‍ കോച്ചിങ് ക്യാംപ് 2011ല്‍ പൗര പ്രമുഖരും കായിക രംഗത്തെ വിദഗ്ധരും തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ചേര്‍ന്ന് ബഹുമുഖ പദ്ധതികളോടെ സ്‌പോര്‍ട്‌സ് അക്കാദമി ആക്കി മാറ്റുകയായിരുന്നു.

കേരള ഫുട്ബാള്‍ ടീമിന്റെ മുന്‍ കോച്ച് എം പീതാംബരനാണ് സാറ്റിന്റെ മുഖ്യ പരിശീലകന്‍. കൂടാതെ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരള കോച്ച് ആയിരുന്ന സദിവന്‍ ബാലന്‍, ഡല്‍ഹി യുണൈറ്റഡ് കോച്ചായിരുന്ന മനോജ് ജോഷി, മിനര്‍വാ പഞ്ചാബ് കോച്ചായിരുന്ന ഡെയ്‌സന്‍ ചെറിയാന്‍, മോഹന്‍ഭഗാന്‍ മുന്‍ താരം നിയാസ് റഹ്മാന്‍ തുടങ്ങിയവരും സീനിയര്‍ ടീമിന്റെ പരിശീലകരില്‍ ഉള്‍പ്പെടും. ജീവിതപ്രാരാബ്ധങ്ങളാല്‍ ശാസ്ത്രീയമായി കളി ശീലിക്കാന്‍ കഴിയാതെ പോയ നിരവധി കായിക പ്രതിഭകളെ ദേശീയതലത്തിലേക്ക് ഉയര്‍ത്താന്‍ സാറ്റിന് സാധിച്ചു.

ഇവിടെ നിന്ന് പരിശീലനം നേടിയ താരങ്ങള്‍ ദേശീയ തലത്തില്‍ തന്നെ വിവിധ ടൂര്‍ണമെന്റുകളില്‍ ശ്രദ്ധ നേടി പ്രശസ്തരാവുകയുണ്ടായി. സന്തോഷ് ട്രോഫിയില്‍ സര്‍വീസസിന് വേണ്ടി ടി വി മുഹമ്മദ് ഇര്‍ഷാദും ത്രിപുരക്ക് വേണ്ടി ഫസലുറഹ്മാന്‍, നിധിന്‍ എന്നിവരും കേരളത്തിന് വേണ്ടി മുഹമ്മദ് സലാഹും മഹാരാഷ്ട്രയ്ക്ക് വേണ്ടിയും ഡി എസ് കെ പൂനെക്ക് വേണ്ടിയും അബ്ദുല്‍ ഹഖും ബൂട്ടണിഞ്ഞത് സാറ്റിന്റെ പരിശീലനഫലമായിട്ടാണ്.

publive-image

മഹാരാഷ്ട്രയ്ക്കു വേണ്ടി സന്തോഷ് ട്രോഫിയില്‍ കളിച്ച എന്‍ അബ്ദുല്‍ ഹഖ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്സ് എന്നിവയ്ക്ക് വേണ്ടി ഐ എസ്എല്ലിലും കളിക്കുകയുണ്ടായി. 2017ലെ സംസ്ഥാന ക്ലബ് ഫുട്‌ബോളിലും കേരള പ്രീമിയര്‍ ലീഗ് നാലാം സീസണിലും സാറ്റിന്റെ സാന്നിധ്യം വില മതിക്കാനാവാത്തതായിരുന്നു.

2015ല്‍ കള്ളിയത്ത് ടിഎംടി മമ്മിഹാജി ആള്‍ ഇന്ത്യാ ഇന്‍വിറ്റേഷന്‍ കപ്പ് ടൂര്‍ണമെന്റ് ഭംഗിയായി നടത്തിയതും സാറ്റിന്റെ മികവാണ്. തിരൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലിന്റെയും മലബാറിലെ സഹൃദയരായ ഫുട്ബാള്‍ പ്രേമികളുടെയും അകമഴിഞ്ഞ പിന്തുണയാണ് സാറ്റിന്റെ പിന്‍ബലം. ഈ അവസരത്തില്‍ ഇന്ത്യയിലെ തന്നെ പ്രമുഖ ബിസിനസ് ഗ്രൂപ്പുമായി സഹകരിക്കുക വഴി ലോകോത്തര നിലവാരത്തിലുള്ള താരങ്ങളെ വാര്‍ത്തെടുക്കുകയാണ് സ്‌പോര്‍ട്‌സ് അക്കാദമി തിരൂരിന്റെ(സാറ്റ്)പുതിയ ലക്ഷ്യമെന്ന് താജില്‍ നടന്ന ചടങ്ങില്‍ ഭാരവാഹികള്‍ അറിയിച്ചു.

സാറ്റ് പ്രസിഡന്റ് അന്‍വര്‍ അമീന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് സാറ്റ് രക്ഷാധികാരി പി വി അബ്ദുല്‍വഹാബ് എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍, അജ്മല്‍ ബിസ്മി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ അജ്മല്‍ ബിസ്മി, തിരൂര്‍ മുനിസിപാലിറ്റി ചെയര്‍മാന്‍ കെ ബാവ, കെ അബ്ദുല്‍ കരീം, പി അഷ്‌റഫ്, പി കെ അഹ്മദ്, സക്കീര്‍ ഹുസയ്ന്‍, ആഷിക്ക് കൈനിക്കര, ഷറഫുദ്ദീന്‍ തെയ്യംപറ്റില്‍ സംസാരിച്ചു.

Advertisment