Advertisment

ഓര്‍ത്തഡോക്സ് വിഭാഗം ഇരു മുന്നണികളെയും കൈവിടുന്നു. കോന്നിയിൽ താമര വിടരുമോ ? വിജയപ്രതീക്ഷയിലോ ബിജെപി

author-image
എസ് . എസ് . അനമുടി
Updated On
New Update

പത്തനംതിട്ട:  സംസ്ഥാനത്തെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് ഇരുപത്തിമൂന്നാം തീയതി ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപി ഉൾപ്പെടുന്ന എൻഡിഎ മുന്നണി ഏറെ പ്രതീക്ഷ അർപ്പിക്കുന്നത് കോന്നിയിൽ ആണ്.

Advertisment

publive-image

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടിനാണ് മഞ്ചേശ്വരത്ത് പരാജയപ്പെട്ടുവെങ്കിലും ഇത്തവണ മണ്ഡലം മാറി മത്സരിക്കുവാൻ കെ സുരേന്ദ്രന് പാർട്ടി അനുമതി നൽകിയതും ഇതിനാലാണ്. വട്ടിയൂർക്കാവിൽ എസ് സുരേഷും മഞ്ചേശ്വരത്ത് രവീശ തന്ത്രിയും വിജയ പ്രതീക്ഷയിൽ ആണെങ്കിലും ഇക്കുറി ബിജെപി ഏറ്റവും പ്രതീക്ഷിക്കുന്നത് കോന്നിയാണ്. കെ സുരേന്ദ്രന്റെ സാധ്യത വർദ്ധിപ്പിക്കുന്ന ചില ഘടകങ്ങൾ പരിശോധിക്കാം.

ശബരിമല വിധി

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് ഉണ്ടായ സുപ്രീം കോടതി വിധിയും തുടർന്ന് വിധി നടപ്പിലാക്കുവാൻ എൽഡിഎഫ് സർക്കാർ കാട്ടിയ തിടുക്കവും കഴിഞ്ഞ മണ്ഡലകാലത്ത് വിമർശന വിധേയമായിരുന്നു.

യുവതി പ്രവേശനം ചെറുക്കുവാൻ ബിജെപി നടത്തിയ സമരവും അതിന് നേതൃത്വം നൽകിയ കെ സുരേന്ദ്രന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇപ്പോഴും മണ്ഡലത്തിൽ ഉടനീളം ചർച്ചയാണ്. അതിൽ ബിജെപിക്ക് അനുകൂലമായ ഒരു ധ്രുവീകരണം സംഭവിച്ചാൽ ഇക്കുറി കോന്നിയിൽ പ്രതീക്ഷ വെക്കാം.

കോൺഗ്രസിലെ പടലപ്പിണക്കം

കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ ആയിരുന്ന അടൂർ പ്രകാശ് നിർദ്ദേശിച്ച റോബിൻ പീറ്ററിനെ മറികടന്ന് പി മോഹനൻ രാജിന് സീറ്റ് നല്കുക വഴി കോൺഗ്രസിൻറെ ഗ്രൂപ്പ് പോരാട്ടത്തിന്റെ മറ്റൊരു മുഖമാണ് കോന്നിയിൽ തുറന്നത്.

അതിലുള്ള അനിഷ്ടം തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ എത്തിയ അടൂർ പ്രകാശ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഒരുപക്ഷേ നിഷ്ക്രിയമായേക്കാവുന്ന കോൺഗ്രസ്സും വോട്ടുകൾ കെ സുരേന്ദ്രന്റെ സാധ്യതകൾക്ക് പ്രതീക്ഷ വർധിപ്പിക്കുന്നു.

സ്ഥാനാർത്ഥിയുടെ ജനസമ്മതി

ഓരോ തിരഞ്ഞെടുപ്പിലും മറ്റ് ബിജെപി സ്ഥാനാർത്ഥികൾക്ക് ലഭിച്ചതിലും ഇരട്ടിയിലേറെ വോട്ടുകൾ കെ സുരേന്ദ്രന് ലഭിക്കാറുണ്ട്. പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾ സുരേന്ദ്രൻറെ വിജയത്തിനായി ഒന്നിച്ച് പ്രയത്നിക്കുന്നത് ഇക്കുറി സാധ്യത വർദ്ധിപ്പിക്കുന്നു.

സഭാതർക്കം

സഭാതർക്കത്തിൽ വ്യക്തമായ കോടതിവിധി ഉണ്ടായിട്ടും അവ നടപ്പിലാക്കാത്ത എൽഡിഎഫ് സർക്കാരിനെതിരെ പരസ്യ പ്രതികരണത്തിലാണ് ഓർത്തഡോക്സ് സഭ. മുമ്പ് യുഡിഎഫ് ഭരണം ഉള്ളപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മധ്യ തിരുവിതാംകൂർ മേഖലയിൽ വിവിധ ക്രിസ്ത്യൻ സഭകൾക്ക് സീറ്റ് നൽകി സോഷ്യൽ എഞ്ചിനീയറിംഗ് നടത്തി എൽഡിഎഫ് വിജയം കരസ്ഥമാക്കിയ കരസ്ഥമാക്കി എങ്കിലും ഇക്കുറി ഓർത്തഡോക്സ് സഭ ഇരുമുന്നണികളുമായി പരസ്യമായ അമർഷത്തിലാണ്.

വിഘടിത വിഭാഗത്തിന് പിന്തുണ നൽകിയ ബെന്നി ബഹനാൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കന്മാരും എൽദോ എബ്രഹാം, ആൻറണി ജോൺ മുതലായ എൽഡിഎഫ് നേതാക്കളും സ്ഥിതി കൂടുതൽ വഷളാക്കി. ഒരുപക്ഷേ ഇത്തവണ കോന്നിയിൽ ഇരുമുന്നണികളെയും തിരസ്കരിച്ച് ഒരു പുനർവിചിന്തനത്തിന് ഓർത്തഡോക്സ് സഭ മുതിർന്നേക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിലെ മുൻതൂക്കം

കോന്നി ഉൾപ്പെട്ട പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലേക്ക് കെ സുരേന്ദ്രൻ മത്സരിച്ച് മൂന്നാം സ്ഥാനത്ത് മാത്രമേ എത്തുവാൻ കഴിഞ്ഞുള്ളു എങ്കിലും ശക്തമായ ത്രികോണ മത്സരം നടത്തുവാൻ ബിജെപിക്ക് സാധിച്ചു. കഴിഞ്ഞ തവണ അടൂർ പ്രകാശ് ഇരുപതിനായിരത്തിലേറെ ഭൂരിപക്ഷം നേടിയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സും ബിജെപിയുമായുള്ള വ്യത്യാസം കേവലം 3000 വോട്ടുകൾ മാത്രമായിരുന്നു.

എൽഡിഎഫിലെ പുതുമുഖ സ്ഥാനാർത്ഥി

എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയ കെ യു ജനീഷ് കുമാർ സംഘടനാരംഗത്ത് നേതൃനിരയിൽ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻറെ കന്നി പോരാട്ടമാണ്. 96ൽ കവി കടമ്മനിട്ടയ്ക്ക് ശേഷം ജനപ്രതിനിധികൾ ഇല്ലാതിരുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രചരണ രംഗത്ത് എൽഡിഎഫിന് തിരിച്ചടിയായിരുന്നു.

ഈ ഘടകങ്ങൾ അനുകൂലമായാൽ കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട എംഎൽഎ സ്ഥാനം കെ സുരേന്ദ്രന് ഇക്കുറി കരസ്ഥമാക്കാം.

Advertisment