/sathyam/media/post_attachments/uj3fhjrr6cZnNZhQAa68.jpg)
തൃശൂർ: കേരള പ്രവാസി സംഘം സംസ്ഥാന കമ്മിററിയുടെ ആഭിമുഖ്യത്തിൽ ആസൂത്രണം ചെയ്തിട്ടുള്ള പ്രവാസി പ്രതിഷേധ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിച്ചു. ജൂലായ് 12 മുതൽ 15 വരെ നടത്താനായി പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂരിലെ ആദായ നികുതി ഓഫീസിനു മുന്നിൽ തിങ്കളാഴ്ച്ച നടന്ന പ്രതിഷേധ ധർണ്ണ കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ നിയമസഭാ സാമാജികനുമായ കെ വി അബ്ദുൾ ഖാദർ ഉദ്‌ഘാടനം ചെയ്തു.
പ്രവാസി വിഷയങ്ങളിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന കടുത്ത അവഗണയ്ക്ക് എതിരെയാണ് കേരളാ പ്രവാസി സംഘത്തിന്റെ മാർച്ചും ധർണയും.
കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് കെ വി അഷ്‌റഫ് ഹാജി അദ്ധ്യക്ഷ വഹിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി കെ കൃഷ്ണദാസ്, ജില്ലാ ഭാരവാഹികളായ അഡ്വ. എം കെ ഹഖ്, അഹമ്മദ് മുല്ല, പി ഡി അനിൽ, എൻ ബി മോഹനൻ എന്നിവർ ധർണ്ണയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പ്രവാസികൾ നേരിടുന്ന ആനുകാലികവും മറ്റുമായ വിഷയങ്ങളിൽ കേരള പ്രവാസി സംഘം പ്രവാസികൾക്കായി ശക്തമായി രംഗത്തുണ്ടാവുമെന്ന് നേതാക്കൾ പറഞ്ഞു.
പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക, വിമാന യാത്രാ വിലക്ക് മൂലം വലയുന്ന പ്രവാസികളെ സഹായിക്കുക, പ്രവാസികളുടെ വിമാന യാത്ര ടിക്കറ്റ് നിരക്കിലെ കൊള്ള അവസാനിപ്പിക്കുക, തട്ടിപ്പുകാരായ ഏജന്‍സികൾക്ക് കൂച്ചുവിലങ്ങിടുക, പ്രവാസികളുടെ പ്രശ്ന പരിഹാരത്തിന് ഉന്നത ദൗത്യസംഘത്തെ നിയോഗിക്കുക തുടങ്ങി മഹാമാരി കാലത്ത് പ്രത്യേകിച്ചും പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിററിയുടെ നേതൃത്വത്തിൽ ജൂലായ് 12 മുതൽ 15 വരെയാണ് സമര പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് സംഘം തൃശൂർ ജില്ലാ കമ്മിറ്റി മീഡിയ കോഓർഡിനേറ്റർ സുരേഷ് ചന്ദ്രൻ ആർ വി വിവരിച്ചു.
തൃശൂരിലെ പരിപാടിയിൽ ജില്ലാ സെക്രട്ടറി എം കെ ശശിധരൻ സ്വാഗതവും തൃശൂർ ഏരിയ സെക്രട്ടറി സുരേഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.