Advertisment

ഘട്ടം ഘട്ടമായി എല്ലാ ജില്ലകളിലും ഓപ്പറേറ്റിംഗ് യൂണിറ്റുകൾ സ്ഥാപിച്ചു വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തി 5 ലക്ഷം വരിക്കാർക്ക് മികച്ച സേവനം എന്ന ലക്ഷ്യത്തിലേയ്ക്ക് കുതിക്കുന്നവെന്ന് കേരള വിഷന്‍ ബ്രോഡ് ബാന്‍ഡ്. കേരളത്തെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മികച്ച സേവനത്തില്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്ന് വിശദീകരണം ?

New Update

publive-image

Advertisment

കോട്ടയം : കേരളാ വിഷൻ എന്ന ബ്രാൻ്റ് നാമം മലയാളികൾക്ക് സുപരിചിതമാണ്. ഡിജിറ്റൽ കേബിൾ ടി വി രംഗത്ത് 26 ലക്ഷം വരിക്കാരുമായി കേരളത്തിൻ്റെ നമ്പർ വൺ സേവന ദാതാക്കളാണ് ഈ കമ്പനി . സംസ്ഥാനത്തെ 75 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏരിയയിലും കേരളാ വിഷൻ്റെ സാന്നിധ്യമുണ്ട്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേബിൾ ടി വി സേവനത്തിന് കുറഞ്ഞ നിരക്കും മികച്ച സർവ്വീസും കേരളത്തിൽ ലഭിക്കുന്നത് കേരളാ വിഷൻ്റെ സാന്നിദ്ധ്യമുള്ളതുകൊണ്ടു മാത്രമാണെന്നാണ് കമ്പനിയുടെ അവകാശവാദം. അതില്‍ ചില ന്യായങ്ങള്‍ ഉണ്ടെന്നുള്ളതും സത്യമാണ്.

ബ്രോഡ്ബാൻ്റ് രംഗത്തേക്ക് ഇവർ പ്രവേശിച്ചിട്ട് രണ്ടു മൂന്നു വർഷമേ ആയിട്ടുള്ളു. ഇതിനകം ഒന്നര ലക്ഷം ഉപഭോക്താക്കളെ നേടാനായി. ആകർഷകമായ പ്ലാനുകളും മികച്ച സർവ്വീസുമാണ് ഈ നേട്ടം കൈവരിക്കാൻ അവരെ സഹായിച്ചത്. ഈ സാമ്പത്തിക വർഷത്തിൽ 5 ലക്ഷം ബ്രോഡ്ബാൻ്റ് വരിക്കാരെ നേടുകയാണ് കേരളാ വിഷൻ്റെ ലക്ഷ്യം.

ഡിജിറ്റൽ കേബിൾ ടി വി വരിക്കാരുടെ 25 ശതമാനം ഇൻ്റർനെറ്റ് വരിക്കാരായാൽ പോലും 5 ലക്ഷമെന്ന ലക്ഷ്യം നിഷ്പ്രയാസം  നേടാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു . ചില കേബിൾ ടി വി ഓപ്പറേറ്റർമാർക്ക് ഇപ്പോൾ തന്നെ ഈ അനുപാതത്തിൻ്റെ ഇരട്ടിയിലേറെ ബ്രോഡ്ബാൻ്റ് വരിക്കാരുണ്ട്.

സമീപകാലത്ത് ടെലിവിഷൻ പോലെ തന്നെ ഇൻറർനെറ്റ് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ പ്രൈമറി തലം മുതൽ കമ്പൂട്ടറും ഇൻറർനെറ്റും പരിചയപ്പെടുന്നുണ്ട്. മൊബൈൽ ഇൻ്റർനെറ്റ് ഒന്നിനും തികയില്ല. അതു കൊണ്ടാണ് കാര്യക്ഷമതയും കുറഞ്ഞ നിരക്കുമുള്ള വയേർഡ് ഇൻ്റർനെറ്റ് കണക്ഷനിലേക്ക് ആളുകൾ മാറിക്കൊണ്ടിരിക്കുന്നത്. വിവര സാങ്കേതിക വിദ്യയും ഇൻ്റർനെറ്റുമെല്ലാം വൻകിട കോർപ്പറേറ്റുകളുടെ കുത്തകയായിരുന്നു.

ടെലികോം കമ്പനികൾ കൊള്ളയടിച്ചിരുന്ന ഈ രംഗത്തേക്ക് ചെറുകിട ഇൻ്റർനെറ്റ് സേവന ദാതാക്കൾ എത്തിയതോടെയാണ് നിരക്ക് കുത്തനെ താഴ്ന്നതും സേവനം മെച്ചപ്പെട്ടതും. ഇന്ത്യയിൽ ഇൻ്റർനെറ്റ് കിട്ടാനുള്ള ഇൻ്റർനാഷണൽ ഗേറ്റ് വേകൾ ഉള്ളത് നാലോ അഞ്ചോ കമ്പനികൾക്ക് മാത്രമാണ്.

ഒരേ ബിസിനസ് രംഗത്തു മൽസരിച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇതേ കമ്പനികളിൽ നിന്നു തന്നെ ലീസ്ഡ് ലൈനുകൾ ലഭിക്കാതെ ഇന്ത്യയിൽ ആർക്കും ബ്രോഡ്ബാൻ്റ് സേവനം നൽകാൻ കഴിയില്ല. കേരളത്തിലാകട്ടെ യഥേഷ്ടം ഉയർന്ന ബാൻ്റ് വിഡ്ത്ത് ലഭ്യമാക്കാൻ ഈ കമ്പനികൾക്ക് കഴിയുന്നുമില്ല. ഇതു മൂലം കഴിഞ്ഞ ഒന്നു രണ്ടു മാസമായി വലിയ പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നു.

ഇവ പരിഹരിക്കാനുള്ള നടപടികൾ നടന്നു വരുമ്പോഴാണ് കോവിഡ് 19 ൻ്റെ ഭാഗമായ ലോക് ഡൗൺ ബാധിച്ചത്. സ്തംഭിച്ചു പോയ അപ്ഗ്രഡേഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകൊണ്ട് ഇപ്പോൾ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്.

5000 ൽ പരം പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരും ലക്ഷക്കണക്കിന് കിലോമീറ്റർ ദൈർഘ്യമുള്ള ഒപ്റ്റിക് ഫൈബർ കേബിളുകളുമാണ് കേരളാ വിഷൻ്റെ ശക്തി. ഇതിൻ്റെ ഭാഗമായ എഴുപതിനായിരത്തിൽപരം പരിചയ സമ്പന്നരായ ജീവനക്കാരുണ്ടാവും. വളരെ ശക്തമായ വിതരണ ശൃംഘലയാണ് കേരളാ വിഷനുള്ളത്. സംസ്ഥാനത്ത് 30 ഡിസ്ട്രിബ്യൂട്ടർമാരുണ്ട്. അതിനു കീഴിലായി പ്രവർത്തിക്കുന്ന180 ഓളം സബ് ഡിസ്ട്രിബ്യൂട്ടർമാരാണ് പ്രാദേശിക കേബിൾ ടി വി ഓപ്പറേറ്റർമാർക്ക് സിഗ്നൽ എത്തിക്കുന്നത്.

ഇപ്പോൾ തൃശൂർ ജില്ലയിലാണു നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സെൻ്റർ. കൂടാതെ കോഴിക്കോട് മറ്റൊന്നുകൂടി അടുത്ത മാസത്തോടെ പ്രവർത്തനക്ഷമമാവും. തുടർന്നു രണ്ടു മാസത്തിനകം തിരുവനന്തപുരത്തും ഓപ്പറേറ്റിംഗ് സെൻറർ വരും. പിന്നീട് ഘട്ടം ഘട്ടമായി എല്ലാ ജില്ലകളിലും ഓപ്പറേറ്റിംഗ് യൂണിറ്റുകൾ സ്ഥാപിച്ചു വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തിക്കൊണ്ട് ഏറ്റവും നിലവാരമുള്ള സേവനം ഉറപ്പു വരുത്തുകയാണ് കേരളാ വിഷൻ്റെ ലക്ഷ്യം.

ബ്രോഡ്ബാൻ്റ് സർവ്വീസിനു വേണ്ടി സ്ഥാപിച്ചിട്ടുള്ള ഓപ്പറേറ്റിംഗ് സെൻ്ററുകളിലും വിതരണ ശൃംഖലകളിലും ലോകോത്തര നിലവാരമുള്ള ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. വിദഗ്ദ്ധരായ എഞ്ചിനീയർമാരുടെ സംഘവും ആവശ്യാനുസരണം കൺസൽട്ടൻസികളുടെ സേവനവും കേരളാ വിഷൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്ത രണ്ടു മാസത്തിനകം കേരളാ വിഷൻ ഇൻ്റർനെറ്റ് ടെലിഫോണി VoiP സർവ്വീസ് ആരംഭിക്കും.

ബി എസ് എൻ എൽ ഒഴികെ സംസ്ഥാന തലത്തിൽ ഈ സർവ്വീസ് നൽകാൻ കഴിയുന്ന മറ്റൊരു സേവന ദാതാവും കേരളത്തിലില്ല. ഇതിനു വേണ്ടി കമ്പനി അഞ്ചുകോടി രൂപയാണ് നിക്ഷേപിക്കുന്നത്. ബ്രോഡ്ബാൻ്റ് സേവന രംഗത്ത് ശക്തമായ കിടമൽസരങ്ങളാണ് നടക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ വഞ്ചിതരാകുന്ന കേബിൾ ടിവി ഓപ്പറേറ്റർമാരും വരിക്കാരും നിരവധിയാണ്.

ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് കേരളാ വിഷൻ സംരംഭങ്ങൾ പ്രവർത്തിക്കുന്നത്. ഡിജിറ്റൽ കേബിൾ ടിവി, ബ്രോഡ്ബാൻ്റ്, ഉപഗ്രഹ ചാനൽ, കേരളാ വിഷൻ ന്യൂസ് ഉൾപ്പെടെ ഒരു ഡസനോളം സംരംഭങ്ങൾ സി ഒ എ യുടെ കീഴിലുണ്ട്.

ഈ സംഘടനയുടെ ജില്ലാ ഘടകങ്ങൾക്കു കീഴിലായി നൂറുകണക്കിന് പ്രാദേശിക ചാനലുകളും മറ്റു സംരംഭങ്ങളും പ്രവർത്തിക്കുന്നു. ഇവയെല്ലാം പരസ്പരപൂരകങ്ങളായി കൈകോർത്തു നിർത്തുവാനും സുതാര്യമായ ഘടന കാത്തുസൂക്ഷിക്കാനും സി.ഒ .എ നേതൃത്വത്തിൻ്റെ മാനേജ്മെൻ്റ് വൈദഗ്ധ്യത്തിലൂടെ സാധിക്കുന്നു.

< കേരള വിഷന്‍ ബ്രോഡ് ബാന്‍ഡ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി തടസങ്ങള്‍ നേരിടുന്നു എന്ന വാര്‍ത്തയ്ക്ക് കേരള വിഷന്‍ അധികൃതര്‍ നല്‍കിയ വിശദീകരണങ്ങള്‍ പ്രകാരം തയ്യാറാക്കിയ റിപ്പോര്‍ട്ട് >

tec
Advertisment