ഭരണഘടനയിലും നിയമങ്ങളിലും വ്യവസ്ഥകള്‍ ഉണ്ടായിട്ടും രാജ്യത്ത് ജാതിയുടെ പേരിലുള്ള വിവേചനങ്ങളും ബഹിഷ്‌കരണങ്ങളും ഇന്നും തുടരുന്നു: ഹൈക്കോടതി

പിതൃത്വത്തിന്റെ പേരില്‍ തന്നെ അപമാനിക്കുക എന്ന ഉദ്ദേശ്യമാണ് പ്രിന്‍സിപ്പലുടെ പരാമര്‍ശം എന്നായിരുന്നു ഹര്‍ജിയെ എതിര്‍ത്ത് പരാതിക്കാരന്‍ ഉയര്‍ത്തിയ വാദം

New Update
highcourt

കൊച്ചി: ഭരണഘടനയിലും നിയമങ്ങളിലും വ്യവസ്ഥകള്‍ ഉണ്ടായിട്ടും രാജ്യത്ത് ജാതിയുടെ പേരിലുള്ള വിവേചനങ്ങളും ബഹിഷ്‌കരണങ്ങളും ഇന്നും തുടരുന്നെന്ന് കേരള ഹൈക്കോടതി.

Advertisment

അസിസ്റ്റന്റ് പ്രൊഫസറെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യവുമായി കോട്ടയം കീഴൂരിലെ ഡിബി കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സി കെ കുസുമന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

എസ്സി, എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമം പോലുള്ള നിയമങ്ങളും, ഭരണഘടനയിലെ വ്യവസ്ഥകളും നിലനില്‍മ്പോഴും രാജ്യത്ത് പട്ടികജാതി സമൂഹങ്ങള്‍ വിവേചനവും ബഹിഷ്‌കരണവും നേരിടുന്നത് തടയാന്‍ കഴിയുന്നില്ല എന്നായിരുന്നു ജ. വി ജി അരുണിന്റെ പരാമര്‍ശം.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാതി വ്യവസ്ഥയില്‍ വേരൂന്നിയ അപരിഷ്‌കൃത നിലപാടുകള്‍ ഇന്നും തുടരുന്നു.

മാറ്റി നിര്‍ത്തല്‍ തൊട്ടുകൂടായ്മ, അക്രമം തുടങ്ങിയ അവഹേളനങ്ങള്‍ ഇന്ത്യയിലെ പട്ടികജാതിക്കാര്‍ കാലങ്ങളായി നേരിട്ടിട്ടുണ്ട്. 

വിഭവങ്ങള്‍, ഭൂമി, ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നിവ സ്വന്തമാക്കാനുള്ള അവസരം പരിമിതപ്പെടുത്തിയിരുന്നു.

ഈ വിവേചനങ്ങളില്‍ പലതും ഇന്നും തുടരുന്നു. 'ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ സഹിഷ്ണുതയുടെ നിലവാരം, അത്തരം അപമാനം അനുഭവിക്കാത്തവരുടെതിന് തുല്യമായിരിക്കില്ല എന്ന വസ്തുത മറന്നുപോകരുത്.

ചെരിപ്പ് എവിടെ നുള്ളുന്നതെന്ന് ധരിക്കുന്നയാള്‍ക്ക് മാത്രമേ അറിയൂ,' എന്നും വ്യക്തമാക്കിയ കോടതി കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളുകയും ചെയ്തു.

പിതൃത്വത്തിന്റെ പേരില്‍ തന്നെ അപമാനിക്കുക എന്ന ഉദ്ദേശ്യമാണ് പ്രിന്‍സിപ്പലുടെ പരാമര്‍ശം എന്നായിരുന്നു ഹര്‍ജിയെ എതിര്‍ത്ത് പരാതിക്കാരന്‍ ഉയര്‍ത്തിയ വാദം.

കോളജിലെ സ്റ്റാഫ് മീറ്റിങ്ങില്‍ ആയിരുന്നു പരാമര്‍ശം എന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഹാളിനുള്ളില്‍ നടത്തിയ അപമാനകരമായ പരാമര്‍ശം പൊതുജനങ്ങളുടെ കാഴ്ചപ്പാടായി കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ്.

 ഇതില്‍ രേഖകള്‍ പരിശോധിക്കാന്‍ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisment