കണ്ണൂർ: നിപ സംശയിച്ച് മാലൂരിലെ രണ്ടുപേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പ്രത്യേക വാർഡിൽ നിരീക്ഷണത്തിലാക്കി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.
ലോകത്തെവിടെയും ഭീഷണിയുണ്ടാക്കാവുന്ന രോഗമായാണ് നിപയെ ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. പാരമിക്സോ വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ. വൈറസ് ആണ് നിപ. ഇവയിൽതന്നെ ബംഗ്ലാദേശ് ബി., മലേഷ്യ എം. എന്നിങ്ങനെ രണ്ട് തരമുണ്ട്. ഇതിൽ ആദ്യത്തെ തരത്തിൽപ്പെട്ട വൈറസുകളാണ് സംസ്ഥാനത്ത് മുമ്പ് കണ്ടെത്തിയിട്ടുള്ളത്.
ഈ വൈറസുകൾ പഴംതീനികളായ പെടെറോപ്പസ് (Pteropus medius) തരത്തിൽപ്പെട്ട വവ്വാലുകളിൽ, അവയിൽ യാതൊരു രോഗവുമുണ്ടാക്കാതെ കാലങ്ങളായി കഴിഞ്ഞുകൂടും. എപ്പോഴെങ്കിലും അവ വവ്വാലുകളിൽനിന്ന് ആകസ്മികമായി മനുഷ്യരിലെത്തിയാണ് രോഗം ഉണ്ടാക്കുന്നത്.
വവ്വാലിലുള്ള നിപ വൈറസുകൾ അവയുടെ ശരീരസ്രവങ്ങൾ (ഉമിനീർ, ശുക്ലം), മൂത്രം, മലം വഴി വിസർജിക്കപ്പെടുന്നുമുണ്ട്. വവ്വാലുകളുടെയും മനുഷ്യരുടെയും ശരീരത്തിനുപുറത്ത് ഈ വൈറസുകൾക്ക് അതിജീവന സാധ്യത 23 മണിക്കൂറുകൾ മാത്രമേയുള്ളൂ. പഴങ്ങളിൽ ഇവ പരമാവധി മൂന്നുദിവസത്തോളം ജീവിക്കാം.