/sathyam/media/media_files/2025/06/05/Dg5w5MR9OpJeaJwNBlOr.webp)
തൃശൂർ: പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്തുള്ള വീട്ടില്‍ കാറളം വെള്ളാനി സ്വദേശികളായ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്.
കാറളം വെള്ളാനി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരാണ് മരിച്ചത്.
സംഭവം കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചതോടെ രേഖയുടെ രണ്ടാംഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
ഒളിവില്‍ പോയ ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മണിയെയും രേഖയെയും പ്രേംകുമാർ കഴുത്തു ഞെരിച്ച് കൊന്നതാകാമെന്നാണു പോലീസ് പറയുന്നത്. ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ജീവനക്കാരിയായ മൂത്തമകള്‍ സിന്ധുവിനെ വിവരമറിയിച്ചതോടെയാണ് കൊലപാതകത്തെക്കുറിച്ച് നാട്ടുകാർ അറിയുന്നത്.
കഴിഞ്ഞ അഞ്ചുമാസമായി മരിച്ച മണിയും, മകൾ രേഖയും പടിയൂരിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. ഇവിടെ താമസം തുടങ്ങിയശേഷം രേഖ കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹം കഴിച്ചു.
രേഖയുടെ രണ്ടാമത്തെ വിവാഹമാണിത്. മരിച്ച രേഖയുടെ മൃതദേഹത്തിൽനിന്ന് ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ പ്രേംകുമാര്‍ എഴുതിയതെന്ന് കരുതുന്ന ഭീഷണിക്കത്ത് ലഭിച്ചതായും മരണം കൊലപാതകമാണെന്ന് ഇത് ഉറപ്പുവരുത്തുന്നതായും പോലിസ് പറഞ്ഞു. ഭാര്യയുടെ സ്വഭാവത്തെ വിമർശിച്ചും കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാകാം കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. പ്രേംകുമാർ രണ്ടുദിവസം മുമ്പുവരെ ഇവിടെയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഇയാളെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.
കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് പ്രേംകുമാറിനെതിരേ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ രേഖ പരാതി നൽകിയിരുന്നതായി സഹോദരി സിന്ധു പറഞ്ഞു.
തിങ്കളാഴ്ച ഇരുവരെയും വിളിപ്പിച്ച് കൗണ്സിലിംഗിനെത്താന് നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കു മടങ്ങിയശേഷം അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് സിന്ധു പറയുന്നത്.
മരിച്ച മണിയുടെ മൂത്തമകളും ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ജീവനക്കാരിയുമായ സിന്ധുവിന് രണ്ടുദിവസമായി അമ്മയെ വിളിച്ചിട്ടു കിട്ടുന്നുണ്ടായിരുന്നില്ല. വീടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് ഇരിങ്ങാലക്കുട ബോയ്സ് സ്കൂൾ ജീവനക്കാരിയായ സിന്ധു ഉച്ചയ്ക്കു രണ്ടുമണിയോടെയാണു പടിയൂരിലെ വീട്ടിലെത്തിയത്.
പിറകില്‍നിന്നും വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോഴാണ് മരിച്ചനിലയില്‍ ഇരുവരെയും കണ്ടത്. കിടപ്പുമുറിക്കും അടുക്കളയ്ക്കും ഇടയിലുള്ള ഭാഗത്താണ് ഇരുവരും മരിച്ചുകിടന്നിരുന്നത്. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു.
വിവരമറിഞ്ഞതിനെതുടര്‍ന്ന് കാട്ടൂര്‍ സിഐ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റിനുശേഷം മൃതദേഹങ്ങൾ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തു പരിശോധന നടത്തി. വീടിന്റെ ഉൾഭാഗം അലങ്കോലമായ നിലയിലാണ്. മരിച്ച മണി ഇരിങ്ങാലക്കുടയില്‍ വീട്ടുജോലികള്‍ക്കു പോയിരുന്നു. സിന്ധു, സിജി, രേഖ എന്നിവരാണ് മണിയുടെ മക്കള്‍. മരിച്ച രേഖയ്ക്കും രണ്ടു മക്കളുണ്ട്.
കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയയാളാണ് പ്രതി പ്രേംകുമാറെന്നു പോലീസ് പറയുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണു രേഖയ്ക്കൊപ്പം താമസമാക്കിയത്.
2019 സെപ്റ്റംബര്‍ 20 നായിരുന്നു പ്രേംകുമാര്‍ ആദ്യ ഭാര്യ ചേര്‍ത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് വിദ്യയെ(48) കൊലപ്പെടുത്തിയത്.
സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനിടെ പരിചയത്തിലായ ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന സഹപാഠി തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലന്‍വിള സുനിത ബേബി (39)യുമായി ഇയാള്‍ പ്രണയത്തിലാകുകയും പിന്നീട് ഇവരെ വിവാഹം കഴിക്കാന്‍ വിദ്യയെ കൊന്ന് മൃതദേഹം തിരുനെല്‍വേലിയിലെ കുറ്റിക്കാട്ടില്‍ തള്ളുകയുമായിരുന്നു.