മദ്യപിച്ച് ട്രെയിനില്‍ കയറിയാല്‍ പിടിവീഴും; യാത്ര മുടങ്ങും; പരിശോധന കര്‍ശനമാക്കി പൊലീസ്

New Update
Untitled

കൊച്ചി: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊലീസുകാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശം. റെയില്‍വേ പൊലീസിനു പുറമേ ആവശ്യമെങ്കില്‍ ലോക്കല്‍ സ്റ്റേഷനുകളിലെ പൊലീസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്റ്റേഷനിലേക്ക് നല്‍കി സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം.

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ യാത്രക്കാരന്‍ ആക്രമിച്ച് പുറത്തേക്കു തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ട്രെയിനുകളില്‍ പ്രത്യേക പരിശോധനയ്ക്ക് പുറമെ പ്ലാറ്റ്‌ഫോമുകളിലും പരിശോധന കര്‍ശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിര്‍ദേശം. യാത്ര മുടങ്ങുമെന്ന് മാത്രമല്ല കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു.

 മദ്യപിച്ച നിലയില്‍ കണ്ടെത്തിയാല്‍ അടുത്ത സ്റ്റേഷനില്‍ ഇറക്കി, പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം.

Advertisment
Advertisment