ബഹ്റൈൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും മലയാളികളുടെ ജീവൻ കവർന്ന് കോവിഡ്; ഗൾഫിൽ കോവിഡ് കവർന്നത് 169 മലയാളികളെ; ഏറ്റവുമധികം മലയാളി മരണം യുഎഇയിൽ

ഗള്‍ഫ് ഡസ്ക്
Monday, June 1, 2020

ദോഹ: ബഹ്റൈൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും മലയാളികളുടെ ജീവൻ കവർന്ന് കോവിഡ്. യുഎഇയിലാണ് ഏറ്റവുമധികം മലയാളി മരണം; 93. സൗദി– 39, കുവൈത്ത് –31, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ 3 വീതവുമാണു മറ്റു രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം.

സൗദിയിൽ ആകെ കോവിഡ് മരണം 503. യുഎഇ –264, കുവൈത്ത് –212, ഒമാൻ– 44, ഖത്തർ– 38, ബഹ്റൈൻ–18 എന്നിങ്ങനെയാണു മറ്റിടങ്ങളിൽ. സൗദിയിൽ 85,261 രോഗികളിൽ 62,442 പേർ ആശുപത്രി വിട്ടതിന്റെ ആശ്വാസത്തിലാണു രാജ്യം. യുഎഇയിലെ 34,557 രോഗികളിൽ 17,932 പേർക്കു ഭേദമായി. കുവൈത്തിൽ 27,043 കോവിഡ് രോഗികളിൽ 8,190 പേർ ഇന്ത്യക്കാരാണ്. 11,386 പേർ സുഖപ്പെട്ടു. ഖത്തറിൽ രോഗികൾ: 56,910, സുഖപ്പെട്ടവർ: 30,290. ഒമാനിൽ രോഗികൾ 11,437. സുഖപ്പെട്ടവർ:2,396. ബഹ്റൈനിൽ 4597 പേരാണു ചികിൽസയിൽ. രോഗമുക്തർ: 6673.

അതിനിടെ, നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ ദുബായിലെ റോഡുകളിൽ വൻ തിരക്ക്. 14 മുതൽ ഓഫിസുകളെല്ലാം മുഴുവൻ ജീവനക്കാരുമായി പ്രവർത്തിക്കും. അതേസമയം, അബുദാബിയിൽ ഒരാഴ്ച സഞ്ചാരനിയന്ത്രണം ഏർപ്പെടുത്തി. കുവൈത്ത് സമ്പൂർണ കർഫ്യുവിൽ നിന്ന് ഭാഗിക കർഫ്യൂവിലേക്കു മാറി. കാലാവധി തീർന്ന സന്ദർശക വീസ ഓഗസ്റ്റ് 31 വരെ നീട്ടി നൽകുമെന്നും അറിയിച്ചു.

×