കെഐസി-മദ്റസാ തല സർഗലയം: അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസ ജേതാക്കള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, February 23, 2021

കുവൈത്ത് സിറ്റി: കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ സർഗലയ വിംഗ് കുവൈത്തിലെ സമസ്തയുടെ മൂന്ന് മദ്റസകളിലെ വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ച സര്‍ഗലയം കലാ മത്സരത്തില്‍ അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസ ജേതാക്കളായി. ഫഹാഹീല്‍ ദാറുല്‍ തഅ’ലീമുല്‍ ഖുര്‍ആന്‍ മദ്റസ രണ്ടാം സ്ഥാനവും, മദ്റസതുന്നൂര്‍ സാല്‍മിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കിഡ്സ് സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളില്‍ ഓൺലൈനായി നടത്തിയ മത്സരങ്ങളിൽ റൈഹാൻ റോഷൻ-ഫഹാഹീൽ (സബ് ജൂനിയർ വിഭാഗം), മുഹമ്മദ് നിദാൽ-അബ്ബാസിയ(ജൂനിയർ വിഭാഗം), മുഹമ്മദ് സഹദ്-അബ്ബാസിയ (സീനിയർ വിഭാഗം) എന്നിവർ കലാ പ്രതിഭകളായി.

പ്രശസ്ത ഗാന രചയിതാവ് ഒഎം കരുവാരക്കുണ്ട് ഉൽഘാടനം നിർവഹിച്ചു. കേന്ദ്ര സർഗലയ സെക്രട്ടറി മനാഫ് മൗലവി അധ്യക്ഷത വഹിച്ചു. കെഐസി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്‍മള പ്രാർത്ഥന നടത്തി. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ വിജയികളെ പ്രഖ്യാപിച്ചു.

ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, അബ്ദുൽ ഹമീദ് അൻവരി, ഫൈസൽ ചാനേത്ത്, നിസാർ അലങ്കാർ എന്നിവർ ആശംസകളർപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ശിഹാബ് മാസ്റ്റര്‍ നീലഗിരി പരിപാടികള്‍ ഏകോപിപ്പിച്ചു. കേന്ദ്ര സർഗലയ വിംഗ് കണ്‍വീനര്‍ ഇസ്മാഈൽ വള്ളിയോത്ത് സ്വാഗതവും ഫഹാഹീൽ മേഖലാ കോഓർഡിനേറ്റർ ആദിൽ എടവണ്ണപ്പാറ നന്ദിയും പറഞ്ഞു.

 

×