സാബു എം ജേക്കബിന്റെ നേത്യത്വത്തിലുള്ള കിറ്റെക്‌സ് സംഘം നാളെ ഹൈദരാബാബാദില്‍ നിന്നും മടങ്ങിയെത്തും

New Update

publive-image

Advertisment

സാബു എം ജേക്കബിന്റെ നേത്യത്വത്തിലുള്ള കിറ്റെക്‌സ് സംഘം നാളെ (ഞായറാഴ്ച) ഹൈദരാബാദില്‍ നിന്നും മടങ്ങിയെത്തും. തെലങ്കാന സര്‍ക്കാരിന്റെ ക്ഷണ പ്രകാരം ഹൈദ്രാബാദ് സന്ദര്‍ശിച്ച കിറ്റെക്‌സ് സംഘം നാളെ രാവിലെ 10.30 ന് ഹൈദ്രാബാദില്‍ നിന്നും കൊച്ചിക്ക് യാത്ര തിരിക്കും.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ജെറ്റ് വിമാനത്തില്‍ 11.45 ന് സംഘം നെടുമ്പാശേരി വിമാനതാവളത്തില്‍ എത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മൂന്നാം ദിനം രാവിലെ സംഘം തിരികെ എത്തുന്നത്.

കേരളത്തില്‍ 3500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു കിറ്റെക്‌സ് എം ഡി സാബു എം ജേക്കബിനെ നേരിട്ടുള്ള ചര്‍ച്ചക്കായി ഹൈദ്രാബാദിലേക്ക് ക്ഷണിച്ചത്.

ഇതിനായി സര്‍ക്കാര്‍ ജെറ്റ് വിമാനവും സര്‍ക്കാര്‍ പ്രതിനിധിയെയും അയച്ചു. ഹൈദ്രബാദിലെത്തിയ സംഘവുമായി രണ്ടു വട്ടം കൂടികാഴ്ച നടത്തിയ വ്യവസായ മന്ത്രി കെ ടി രാമ റാവു തെലങ്കാനയുടെ വ്യവസായ സാധ്യതയും ആനുകൂല്യങ്ങളും അറിയിച്ചു.

പരിശോധനകളുടെയും കേസുകളുടെയും പേരില്‍ വേട്ടയാടില്ലെന്ന ഉറപ്പും മന്ത്രി സംഘത്തിന് നല്‍കി. കേരളത്തില്‍ 73 നിയമലംഘനത്തിന് കിറ്റെക്‌സിന് തൊഴില്‍ വകുപ്പ് നോട്ടീസ് നല്‍കിയത് സൂചിപ്പിച്ചുകൊണ്ടായിരുന്നു രാമ റാവുവിന്റെ പരാമര്‍ശം.

പ്രാദേശിക രാഷ്ട്രീയക്കാരുടെ ശല്യങ്ങളോ ഉപദ്രവങ്ങളോ ഉണ്ടാവുകയില്ലെന്നും മുഖ്യമന്ത്രിയുടെ മകന്‍ കൂടിയായ വ്യവസായ മന്ത്രി അറിയിച്ചു. കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട് ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുള്ളതില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാമെന്നും മന്ത്രി സംഘത്തെ അറിയിച്ചു.

വാറങ്കല്‍ കകാതിയ മെഗാ ടെക്‌സ്റ്റൈയില്‍ പാര്‍ക്കും വെല്‍സ്പണ്‍ ഫാക്ടറിയും ചന്ദൻ വാലി പാർക്കും സംഘം സന്ദര്‍ശിച്ചു. ടെക്‌സ്റ്റൈല്‍ അസോസിയേഷന്‍ പ്രതിനിധികളുമായും കിറ്റെക്‌സ് സംഘം പ്രത്യേക ചര്‍ച്ച നടത്തി. തെലങ്കാന പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത സംഘം ആദ്യ ഘട്ടത്തില്‍ 1000 കോടിയുടെ നിക്ഷേപ പദ്ധതി സംബന്ധിച്ച് ധാരണയിലെത്തി.

രണ്ട് വര്‍ഷം കൊണ്ട് നാലായിരം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതാണ് വാറങ്കലില്‍ ആരംഭിക്കുന്ന ഫാക്ടറി. ഇത് കൂടാതെ മറ്റ് പദ്ധതികളെ സംബന്ധിച്ചും പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അവസാന വട്ട ചർച്ചയും
പൂർത്തിയാക്കിയാണ് സംഘം മടങ്ങിയെത്തുന്നത്.

കേരളത്തില്‍ നിക്ഷേപം പിന്‍വലിക്കുന്നുവെന്നറിഞ്ഞതോടെ 9 സംസ്ഥാനങ്ങളാണ് കിറ്റെക്‌സിനെ അവരുടെ സംസ്ഥാനങ്ങളിലേക്ക് ക്ഷണിച്ചിരിക്കുന്നത്

sabu jacob
Advertisment