കിഴക്കമ്പലം പഞ്ചായത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ സിപിഎം രാഷ്ട്രീയം കളിക്കുന്നു; വാക്‌സിന്‍ വിതരണത്തിന് മുന്‍ഗണന നല്‍കിയത് പാര്‍ട്ടിക്കാര്‍ക്ക് മാത്രം. പഞ്ചായത്ത് മെമ്പര്‍മാര്‍ നല്‍കിയ ലിസ്റ്റ് ആരോഗ്യവകുപ്പിനെ നോക്കുകുത്തിയാക്കിഅട്ടിമറിച്ചു – ആരോപണവുമായി പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, May 15, 2021

കിഴക്കമ്പലം: കിഴക്കമ്പലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റ്‌റില്‍ കോവിഡ് പരിശോധനയും
വാക്‌സിനേഷന്‍ വിതരണവും ഒരുമിച്ച് നടക്കുന്നത് ജനങ്ങള്‍ തമ്മിള്‍ സമ്പര്‍ക്കത്തിന് ഇടയാക്കുന്നതായി ബോധ്യപ്പെട്ടതിനാലാണ് പഞ്ചായത്ത് ഇടപെട്ട് ആരോഗ്യ വകുപ്പിനോട്
വാക്‌സിനേഷന്‍ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

വാക്‌സിനേഷന്‍ നല്‍കാന്‍ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍ പള്ളി ഹാളും പഞ്ചായത്ത് ഏര്‍പ്പെടുത്തി. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞ് വാക്‌സിന്‍ വിതരണം സിപിഎം ഭരിക്കുന്ന മലയിടംതുരുത്ത് സര്‍വീസ് സഹകരണ ബാങ്ക് ഹാളിലേക്ക് മാറ്റാന്‍ ശ്രമം നടന്നു.

ഇതിനെതിരെ പഞ്ചായത്ത് പരാതി നല്‍കുകയും ജനങ്ങള്‍ക്ക് സൗകര്യ പ്രദമായ
പള്ളി ഹാളില്‍ തന്നെ വാക്‌സിന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ 9 വാര്‍ഡുകള്‍ക്ക് വാക്‌സിന്‍ വിതരണം മലയിടുംതുരുത്ത് സര്‍വ്വീസ് സഹകരണ ബാങ്കിലും ബാക്കി 10 വാര്‍ഡുകള്‍ക്ക് വാക്‌സിന്‍ വിതരണം പള്ളി ഹാളില്‍ നടത്താനുമാണ്
ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.

ആകെ 160 വാക്‌സിനുകളാണ് 60 വയസിനുമുകളിലുള്ളവര്‍ക്കും കിഡ്‌നി, ഹൃദ്രോഹ രോഗികള്‍ക്കുമായി പഞ്ചായത്തിലെത്തിയത്. ഇത് പ്രകാരം വാര്‍ഡ് മെമ്പര്‍ ആശ വര്‍ക്കറുമായി ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ ലിസ്റ്റു തയ്യാറാക്കി ആരോഗ്യ വകുപ്പിന് നല്‍കി.

എന്നാല്‍ ശനിയാഴ്ച രാവിലെ മലയിടംതുരുത്ത് സര്‍വീസ് ബാങ്കില്‍ അതി രാവിലെ തന്നെ ബാങ്ക് നല്‍കിയ ടോക്കണ്‍ ഉപയോഗിച്ച് സിപിഎം അനുഭാവികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍മാര്‍ നല്‍കിയ ലിസ്റ്റ് അട്ടിമറിച്ചാണ് ഈ നീക്കം നടന്നത്. പള്ളി ഹാളില്‍ 60 പേര്‍ക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ നല്‍കിയ ലിസ്റ്റുപ്രകാരം വാക്‌സിന്‍ വിതരണം ചെയ്യുകയും ചെയ്തു.

ആരോഗ്യ വകുപ്പിനെ നോക്കുകുത്തിയാക്കി വാക്‌സിന്‍ വിതരണം രാഷ്ട്രീയവല്‍ക്കരിച്ചതിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കി.

വാക്‌സിന്‍ വിതരണത്തിനുള്ള് ലിസ്റ്റ് മെമ്പര്‍മാര്‍ തയ്യാറാക്കി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് ഒരുപറ്റം ആളുകള്‍ വെല്ലുവിളിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട
അംഗങ്ങള്‍ നല്‍കിയ ലിസ്റ്റ് അവഗണിച്ചതിലൂടെ വാര്‍ഡ് നിവാസികളെയാണ് ഇവര്‍ അവഗണിച്ചത്.

കൈയ്യൂക്കിന്റെ ബലത്തില്‍ ഭരണഘടനാഭരണസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന പാര്‍ട്ടിക്കാരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് പ്രസ്താവിച്ചു.

×