/sathyam/media/post_attachments/l9aezXji1XvgXNKfRvAW.jpg)
പാലാ: പാലായുടെ നന്മമരമായിരുന്ന കെ.എം മാണിയുടെ പരിളാലനയിൽ തല ഉയർത്തി നിൽക്കുന്ന പാലാ നഗരം ഇന്ന് ഒരിക്കൽ കൂടി തങ്ങളെ പേർ ചൊല്ലി വിളിച്ച പ്രിയ നേതാവിന് സ്മരാണാജ്ഞലി അർപ്പിക്കും.
ആറ് പതിറ്റാണ്ട് പാലാക്കാരെ കുടുംബാംഗങ്ങളെപ്പോലെ സ്നേഹിക്കുകയും അളവില്ലാതെ കരുണയും കരുതലും നൽകുകയും ചെയ്ത കെഎം മാണിയുടെ ജന്മദിനത്തിലാണ് അദ്ദേഹത്തെ സ്മരിക്കുവാൻ പാലാക്കാർ ഒത്തുചേരുന്നത്.
വെളിച്ചമില്ലാതിരുന്ന വീടുകളിൽ വൈദ്യുതി ദീപമായും കുടി വെള്ളം ഇല്ലാതിരുന്ന വീടുകളിൽ ശുദ്ധജലമായും ഗതാഗത സൗകര്യമില്ലാതിരുന്ന പ്രദേശങ്ങളിൽ ആധുനിക റോഡായും യാത്രാ സൗകര്യമില്ലാതിരുന്ന മേഖലയിൽ യാത്രാ സൗകര്യമായും കൈവശാവകാശമില്ലാതിരുന്ന ഭവനരഹിതർക്ക് പട്ടയമായും ഭവനങ്ങളായും ഗുരുതര രോഗങ്ങളാൽ വലഞ്ഞവർക്ക് കാരുണ്യ പദ്ധതിയിലൂടെ സ്വാന്തനമായും വാർദ്ധക്യത്തിൽ പെൻഷനായും കാർഷിക ഉല്പന്ന വിലയിടിവിൽ വിലസ്ഥിരതാപദ്ധതിയായും ജനഹൃദയങ്ങൾ കീഴടക്കിയ മാണിസാറിനാണ് നാട് ഇന്ന് പ്രണാമം അർപ്പിക്കുന്നത്.
കെ.എം മാണിയുടെ 88-ാം ജന്മദിനത്തോട് അനുബന്ധിച്ച് കെ.എം.മാണി ഫൗണ്ടേഷൻ സംസ്ഥാന മൊട്ടാകെ "ഹൃദയത്തിൽ മാണിസാർ"എന്ന പേരിൽ 1000 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സ്മൃതി സംഗമങ്ങളുടെ സമാപനമാണ് ഇന്ന് വൈകുന്നേരം കർശനമായ കോവിഡ് മാനദണ്ഡങ്ങളോടെ പാലായിൽ നടക്കുന്നത്.
പാലാ ജനറൽ ആശുപത്രിക്ക് സമീപമുള്ള മുനിസിപ്പൽ പാർക്കിലെ ഓപ്പൺ സ്റ്റേജിൽ സ്ഥാപിച്ചിട്ടുള്ള മാണിയുടെ ഛായാചിത്രത്തിനു മുമ്പിൽ 4 മണി മുതൽ സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവർ പുഷ്പാജ്ഞലികൾ അർപ്പിക്കും. ഇതോടനുബന്ധിച്ച് പ്രാർത്ഥനാ ഗീതാലാപനവും മാണിയുടെ ജീവിതത്തെ ആ സ്പദമാക്കി നിർമിച്ച ഡോക്യുമെന്‍ററിയുടെ പ്രകാശനവും നടത്തപ്പെടും.
5 മണിക്ക് നടക്കുന്ന സ്മൃതി സംഗമ സമാപന യോഗത്തിൽ വിദ്യുത്ഛക്തി വകുപ്പ് മന്ത്രി എം.എം.മണി, ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, മാണി സി കാപ്പൻ എം.എൽ.എ, ജോസ് കെ.മാണി, എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ സാബു തോമസ്, സി.പി.ചന്ദ്രൻ നായർ, എം ബി ശ്രീകുമാർ ,മുഹമ്മദ് നസീർ മൗലവിതുടങ്ങിയ സാമുദായിക സാംസ്കാരിക നേതാക്കൾ അനുസ്മരണാപ്രസംഗം നടത്തും.