കാന്‍സര്‍ ചികിത്സാ കാലയളവ് 80 ശതമാനം കുറച്ച് കെഎംസി ഹോസ്പിറ്റല്‍

ഹെല്‍ത്ത് ഡസ്ക്
Tuesday, January 12, 2021

മംഗലാപുരം: തീവ്ര ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സയ്ക്കെത്തിയ 60 വയസുകാരനെ അതിവേഗം ഫലം കാണുന്ന നൂതന കാന്‍സര്‍ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് മണിപ്പാല്‍ ഹോസ്പിറ്റല്‍.

ഡിസംബര്‍ ആദ്യ വാരത്തിലാണ് രാജേഷ് ഉദര സംബന്ധമായ പ്രശ്നങ്ങളുമായി കെഎംസി ആശുപത്രിയില്‍ എത്തിയത്. മലബന്ധവും അമിത രക്തസ്രാവവും മൂലം കടുത്ത ബുദ്ധിമുട്ടുകളുമായാണ് രോഗി എത്തിയത്. നാലു മാസത്തോളം മറ്റിടങ്ങളില്‍ ചികിത്സ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

കെഎംസി ആശുപത്രിയിലെത്തിയ ഉടന്‍ വിദഗ്ദ്ധ പരിശോധനകളിലൂടെ രോഗ നിര്‍ണയം നടത്തി. കാര്‍സിനോമ റെക്ടം എന്ന അര്‍ബുദം രൂക്ഷമായ അവസ്ഥയിലായിരുന്നു രോഗി. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത രോഗിക്ക് ഡിസംബര്‍ രണ്ടാം വാരത്തില്‍ തന്നെ നിയോഅഡ്ജുവന്‍റ് റേഡിയേഷന്‍ നല്‍കി.

ഒരാഴ്ചത്തെ റിക്കവറി കാലാവധിക്കു ശേഷം ഡിസംബര്‍ അവസാന വാരത്തില്‍ ശസ്ത്രക്രിയയും നടത്തിയതോടെ രോഗി നിലവിലെ അവസ്ഥയില്‍ നിന്നും മോചിതനായി. ജനുവരി ആദ്യത്തോടെ തന്നെ രോഗി ആശുപത്രി വിടുകയും ചെയ്തു.

‘മലാശയ രോഗചികിത്സയില്‍ സുപ്രധാനമാണ് നിയോഅഡ്ജുവന്‍റ് ചികിത്സ. കാന്‍സര്‍ സ്ഥിരീകരിച്ച് ഒരു മാസത്തിനകം തന്നെ ശാസ്ത്രീയമായ പ്രോട്ടോകോളുകള്‍ പാലിച്ച് ആദ്യ ഘട്ട തെറാപ്പി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. മലാശയ രോഗചികിത്സയില്‍ സുപ്രധാനമായ നിയോഅഡ്ജുവന്‍റ് ചികിത്സയിലൂടെയാണ് ഇതു സാധ്യമായത്’, മംഗലാപുരം കെ.എം.സി ആസുപത്രിയിലെ കണ്‍സല്‍ട്ടന്‍റ് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. കാര്‍ത്തിക് കെ. എസ് പറഞ്ഞു.

നിയോഅഡ്ജുവന്‍റ് ചികിത്സ നല്‍കിയിരുന്നില്ലെങ്കില്‍ കാന്‍സര്‍ വീണ്ടും ഉണ്ടാകാനുള്ള സാധ്യത 40 ശതമാനം വരെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി ആറ് ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന കീമോ റേഡിയേഷന്‍ ചികിത്സയാണ് മിക്കയിടത്തും നടത്തിവരുന്നത്. ശേഷം 8-10 ആഴ്ചകള്‍ കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തുക.

മൊത്തം ചികിത്സ നാലഞ്ച് മാസത്തോളം നീളും. റേഡിയേഷന്‍ നല്‍കിയ ഭാഗത്ത് ശസ്ത്രക്രിയ നടത്തുന്നത് സങ്കീര്‍ണവും വൈദഗ്ധ്യം ആവശ്യമുള്ളതുമാണ്. അതേസമയം ഏറ്റവും പുതിയ പ്രോട്ടോകോള്‍ അനുസരിച്ചുള്ള ഈ ഹ്രസ്വകാല റേഡിയേഷന്‍ പുതുതായി വികസിപ്പിച്ചെടുത്തു ചികിത്സാ രീതിയാണ്.

ഫലപ്രാപ്തിയും സാധാരണ ചികിത്സയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഗികളുടെ ചികിത്സാ കാലാവധി ഗണ്യമായി കുറക്കാന്‍ സഹായിക്കുന്നതാണ് പുതിയ രീതിയെന്നും ഡോ. കാര്‍ത്തിക് പറഞ്ഞു.

‘രാജ്യാന്തര മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോകോളുകളും അനുസരിച്ചുള്ള ചികിത്സകള്‍ രോഗിക്ക് നല്‍കുക എന്നത് വളരെ പ്രധാനമാണ്. ഏറ്റവും പുതിയ ശാസ്ത്രീയ വികസനങ്ങളുടെ നേട്ടങ്ങളും രോഗികള്‍ക്ക് നല്‍കേണ്ടതുണ്ട്. പുതിയ നിയോഅഡ്ജുവന്‍റ് റേഡിയേഷന്‍ ചികിത്സ സാധാരണ കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി വരുന്ന 4-5 മാസം എന്നത് ഒരു മാസമാക്കി വെട്ടിക്കുറക്കുന്നു എന്നതാണ് നേട്ടം.

ഇത് രോഗികള്‍ അനുഭവിക്കുന്ന ചികിത്സാ സമ്മര്‍ദ്ദങ്ങളും ഭാരിച്ച ചികിത്സാ ചെലവുകളും ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ആഗോള തലത്തില്‍ തന്നെ മികച്ച ഇത്തരമൊരു അതിനൂതന ചികിത്സാ സംവിധാനം മാംഗ്ലൂരിലെ ജനങ്ങള്‍ക്ക് എത്തിക്കാനായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ കെ.എം.സി ഹോസ്പിറ്റല്‍സ് റീജിയണല്‍ ചീഫ് ക്ലിനിക്കല്‍ സര്‍വീസസ് ഡോ. ആനന്ദ് വേണുഗോപാല്‍ പറഞ്ഞു.

 

×