കെ.എം.സി.സിയുടെ ചാർട്ടഡ് ഫ്ലൈറ്റുകൾ ഉടൻ: എമിറേറ്റുകൾ അടിസ്ഥാനമാക്കി സർവീസുകൾ

ന്യൂസ് ബ്യൂറോ, ദുബായ്
Sunday, May 31, 2020

ദുബൈ: കൊറോണ വ്യാപനത്തെ പ്രതിരോധിക്കുവാനായി ഏർപ്പെടുത്തിയ രാജ്യാന്തര യാത്രാവിലക്കിൽ പൊറുതിമുട്ടിയ പ്രവാസികൾക്കായി യു.എ.ഇ കെ.എം.സി.സി ഏർപ്പെടുത്തിയ ചാർട്ടഡ് വിമാനങ്ങൾ വിവിധ എമിറേറ്റ്സുകളിൽ നിന്ന് അടുത്ത ദിവസങ്ങളിലായി പറന്നുയരും.

ജൂൺ ഒന്നിന് ഷാർജ അഴീക്കോട് മണ്ഡലം കെ.എം.സി.സി യുടെയും ജൂൺ രണ്ടിന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.യുടെയും വിമാനങ്ങൾ പറന്നുയരും. വിവിധ എമിറേറ്റുകളിലെ കീഴ്ഘടകങ്ങളുടെ കീഴിൽ തുടർന്നുള്ള ദിവസങ്ങളിലും വിമാനങ്ങൾ കേരളത്തിലേക്കു പുറപ്പെടും.

വിമാന സർവീസ് ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ഡോ. പുത്തൂർ റഹ്മാൻ, ജന:സെക്രട്ടറി നിസാർ തളങ്കര ചാർട്ടഡ് ഫ്ലൈറ്റ് കോ-ഓർഡിനേറ്റർ ഫൈസൽ അഴീക്കോട് എന്നിവർ അറിയിച്ചു.

നാളെ പുറപ്പെടുന്ന വിമാനത്തിൽ യാത്ര ചെയ്യുന്നതിനുള്ള ആദ്യ ടിക്കറ്റ് യു.എ.ഇ കെ.എം.സി.സിയുടെ രക്ഷാധികാരി എ.പി ശംസുദ്ദീൻ ബിൻ മുഹിയിദ്ദീൻ വിതരണം ചെയ്തു. ചടങ്ങിൽ ഷാർജ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് കബീർ ചെന്നക്കര, ജനറൽ സെക്രട്ടറി ചാക്കിനത് ഖാദർ സന്നിഹിതരായിരുന്നു.

സംസ്ഥാന മുസ്ലീം ലീഗ് നേതാക്കളായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുമായി കെ.എം.സി‌.സി രക്ഷാധികാരി എ.പി ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ, പ്രസിഡൻ്റ് ഡോ: പുത്തൂർ റഹ്മാൻ, പി.കെ അൻവർ നഹ, ഡോ. അൻവർ അമീൻ എന്നിവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ചാർട്ടഡ് ഫ്ലൈറ്റുകളുടെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു.

ശേഷം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.യുടെ ഡൽഹി ഓഫീസ് നടത്തിയ നീക്കമാണ് സർവീസുകൾ വേഗത്തിലാക്കാൻ സഹായകമായത്. കോവിഡ് വിപത്തിലകപ്പെട്ട ആയിരങ്ങൾക്ക് കൂടുതൽ കാത്തിരിപ്പില്ലാതെ നാടണയുവാൻ സാധിക്കുന്ന സംരഭമാണ് ചാർട്ടഡ് വിമാനങ്ങൾ. ഇതുവഴി നിസ്സഹായരായ പ്രവാസികളെ നാട്ടിലെത്തിക്കാനും കെ.എം.സി.സിക്ക് കഴിയും

×