റിയാദ്: ജനാതിപത്യ ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്ന അതി നിർണായകമായ തെരഞ്ഞെടുപ്പാണ് ആസന്നമായിരിക്കുന്നതെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള മതേതര ചേരിയെ അധികാരത്തിലേറ്റാൻ പ്രവാസി സമൂഹവും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം. സാദിഖലി ആവശ്യപ്പെട്ടു.
റിയാദ് കെ.എം.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി. എം. സാദിഖലി കെ.എം.സീതി സാഹിബ് സേവന പുരസ്കാരം അലവിക്കുട്ടി ഒളവട്ടൂരിന് സമ്മാനിക്കുന്നു.
റിയാദ് കെ.എം.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റി ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ 'ജനാതിപത്യം, ജാഗ്രത, ഭാരതം' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ജില്ലാ ട്രഷറർ ഉമ്മർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. പാർലിമെന്ററി ജനാതിപത്യത്തിന്റെ പഴുതുകളുപയോഗിച്ച് അധികാരത്തിലേറിയ മോഡി സർക്കാർ രാജ്യത്ത് സംഘ് പരിവാർ അജണ്ടകൾ ഒന്നൊന്നായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.
ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം തങ്ങളുടെ ചൊൽപ്പടിയിലാക്കി തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ കൊന്നൊടുക്കുന്ന ഈ സർക്കാർ വിശ്വാസികളുടെ വികാരത്തെ ചൂഷണം ചെയ്തു വീണ്ടും അധികാരത്തിലേറാനുള്ള കഠിന ശ്രമത്തിലാണ്. വീണ്ടും അധികാരത്തിലേറിയാൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാവില്ല എന്ന് പറയുന്നത് ഇവരുടെ നേതാക്കൾ തന്നെയാണ്.
ഇഷ്ട്ടപ്പെട്ട മതം വിശ്വസിക്കാനും ആചരിക്കാനും ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നാൽ ഭരണഘടന കൈകാര്യം ചെയ്യുന്നവർ അർഹതയില്ലാത്തവരാണെങ്കിൽ ഉദാത്തമായ ഭരണഘടനയും നമ്മെ സംരക്ഷിക്കില്ല. പൊള്ളയായ വാഗ്ദാനങ്ങളും നുണപ്രചരണങ്ങളൂം വഴി അധികാരത്തിലേറിയ ഇവർ വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത പ്രധാന മന്ത്രിമാർ ഇരുന്ന കസേരയിലാണ് മോഡിയെന്ന മൃഗീയ ചിന്താഗതിയുള്ള പ്രധാനമന്ത്രിയും ഇരിക്കുന്നത്. മതേതര കക്ഷികൾ ഒന്നിച്ചു നിന്നു ഈ മഹാവിപത്തിനെ അധികാരത്തിൽ നിന്നും താഴെയിറക്കണം.
ദേശീയ രാഷ്ട്രീയത്തിൽ തങ്ങളുടെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള പോരാട്ടത്തി'ലാണ് സി.പി.എം. ക്രിമിനലുകളെയും കോമാളികളെയും പണച്ചാക്കുകളെയും സ്ഥാനാർത്ഥി യാക്കിയ ഇടത് മുന്നണി പൊതു സമൂഹത്തിനിടയിൽ പരിഹാസ്യരായി മാറി. കൊല്ലും കൊലയും നടത്തി മികവ് തെളിയിച്ച ജയരാജനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ ആ പാർട്ടിയുടെ രാഷ്ടീയ കാഴ്ചപ്പാട് വെളിപ്പെട്ടിരിക്കുകയാണ്. പൊതു തെരഞ്ഞെടുപ്പിൽ ഒരു നിലപാടെടുക്കാനാവാതെ ഇരുട്ടിൽ തപ്പുന്ന സി.പി.എം യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതോടെ അക്ഷരാർത്ഥത്തിൽ പതറിയിരിക്കുക യാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ-കെ.കോയാമു ഹാജി, എസ്.വി.അർഷുൽ അഹമ്മദ്, മൊയ്തീൻകോയ കല്ലമ്പാറ, അബ്ദുള്ള വല്ലാഞ്ചിറ, സുരേഷ് ശങ്കർ, ജലീൽ തിരൂർ, ഉസ്മാനലി പാലത്തിങ്ങൽ, നാസർ വാടാനപള്ളി, പി.കെ.അബ്ദുറഹീം സംസാരിച്ചു. പി. എം. സാദിഖലിക്കുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം വൈസ് പ്രസിഡണ്ട് സക്കരിയ വാടാനപ്പള്ളി സമ്മാനിച്ചു.
തൃശ്ശൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ കെ എം സീതി സാഹിബ് സേവന പുരസ്കാരം അലവിക്കുട്ടി ഒളവട്ടൂരിന് ചടങ്ങിൽ വെച്ച് പി.എം. സാദിഖലി സമ്മാനിച്ചു. നാട്ടിലേക്ക് തിരിക്കുന്ന അലി പരീതിന് യാത്രയയപ്പ് നൽകി. ബഷീർ ചെറുവത്താനി , അബ്ദുൽ ഖാദർ വെൺമനാട്, ഹിജാസ് തിരുനെല്ലൂർ, ഷഫ്നാസ് ശാന്തിപുരം, ഉസ്മാൻ വരവൂർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും അൻഷാദ് കൈപ്പമംഗലം നന്ദിയും പറഞ്ഞു.