ലോട്ടറി ജേതാക്കളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കും: ധനമന്ത്രി

author-image
Charlie
New Update

publive-image

സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സമ്മാനത്തുക വീതിച്ച് കൂടുതല്‍ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിഷ്‌കരിക്കണം എന്നാണ് ലോട്ടറി ഏജന്റുമാര്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിശോധിക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ അംഗങ്ങള്‍ക്ക് നല്‍കുന്ന ബീച്ച് അംബ്രല്ലയുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisment

1000 പേര്‍ക്കാണ് സൗജന്യമായി ബീച്ച് അംബ്രല്ല സംസ്ഥാനത്തുടനീളം വിതരണം ചെയ്യുന്നത്. ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റ്/വില്‍പ്പനക്കാര്‍ക്ക് 200 മുച്ചക്ര സ്‌കൂട്ടര്‍ വിതരണത്തിന് തയ്യാറായതായി മന്ത്രി അറിയിച്ചു. ഇതിനുപുറമേ ലോട്ടറി തൊഴിലാളികള്‍ക്ക് യൂണിഫോം വിതരണവും നടത്തും.

ലോട്ടറി വകുപ്പിന്റെ ഓഫീസുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ഭിന്നശേഷി സൗഹൃദമാക്കുക എന്നീ നടപടികളും സര്‍ക്കാര്‍ പരിഗണനയിലാണ്. സര്‍ക്കാര്‍ ലോട്ടറിയുടെ സുരക്ഷാ ഫീച്ചറുകള്‍ വര്‍ധിപ്പിച്ച് പ്രചാരം വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. ഓണ്‍ലൈന്‍ ലോട്ടറി കളിച്ച് പലരും ആത്മഹത്യ ചെയ്യുന്ന സ്ഥിതിയില്‍ വിശ്വാസ്യതയും സുതാര്യതയും ഉള്ള സര്‍ക്കാര്‍ ലോട്ടറിയുടെ പ്രചാരം വര്‍ധിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഒരു ലക്ഷത്തോളം പേര്‍ ജോലിചെയ്യുന്ന ലോട്ടറി മേഖലയില്‍ കഴിഞ്ഞ ഓണം ബംമ്പറിന് 25 കോടിയാണ് ഒന്നാം സമ്മാനമായി നല്‍കിയത്. 500 രൂപയായിരുന്നു ടിക്കറ്റ് വില. ഇതോടെ സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുന്ന മേഖലയായി സംസ്ഥാനത്തെ ലോട്ടറി രംഗം മാറി. ലോട്ടറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധിയുടെ ഭാഗമായി ഈ വര്‍ഷം 29 കോടിയിലധികം രൂപ വിതരണം ചെയ്തതായി മന്ത്രി വ്യക്തമാക്കി.

Advertisment