കോതമംഗലം: ദാരുശില്പകലാ വിദഗ്ദ്ധൻ അനിൽ കരിങ്ങഴയുടെ അതിസൂക്ഷ്മമായ കരവിരുതിൽ വിശുദ്ധവാരത്തിൽ പിറവി കൊണ്ടത് 'ദി ലാസ്റ്റ് സപ്പർ' ശില്പം. ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ തലേരാത്രിയിൽ ജെറുസലേമിലെ ഒരു മാളികമുറിയിൽ യേശുവും ശിഷ്യന്മാരും പങ്കിട്ട 'അവസാന അത്താഴം' ലിയനാർഡോ ഡാവിഞ്ചി ചിത്രത്തെ പിൻപറ്റിയാണ് അനിൽ കരിങ്ങഴ മരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും ശൈലീപരമായി യേശുവിനും ശിഷ്യന്മാർക്കും അംഗോപാംഗങ്ങളിൽ മലയാളിത്തം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട് ശില്പി.
/sathyam/media/post_attachments/KZa0c5d59i2oeFFGwX3v.jpg)
ശില്പകലയിൽ ജന്മസിദ്ധമായ കഴിവിനപ്പുറം അക്കാദമിക് പഠനങ്ങളൊന്നും നടത്താൻ കരിങ്ങഴ കള്ളിക്കാട്ടിൽ അനിലിന് സാധിച്ചിട്ടില്ല. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി റബ്ബർ വെട്ടിനിറങ്ങിയ കാലത്ത് ഒരു നേരമ്പോക്കിനു തുടങ്ങിയതാണ് ഇദ്ദേഹം മരത്തിലെ ശില്പവേലകൾ.
/sathyam/media/post_attachments/1rzxvoBTm8HoK2Ed7i14.jpg)
ശില്പങ്ങളുടെ രൂപം മുൻകൂട്ടി കണ്ട് ആവശ്യാനുസരണം സ്വന്തമായി നിർമ്മിയ്ക്കുന്ന 'ടൂളു'കളുപയോഗിച്ചാണ് ഇദ്ദേഹത്തിന്റെ പണികൾ. ഹൈസ്പീഡ് ബ്ലേഡുകൾകൊണ്ടു നിർമ്മിച്ച ഉളികളുപയോഗിച്ചാണ് മരത്തിൽ ശില്പങ്ങൾ ആവിഷ്കരിയ്ക്കുന്നത്. 22 വർഷമായി ഈ രംഗത്തുള്ള അനിലിനെ ഈ ജോലിയിൽ നിലനിർത്താൻ പ്രോത്സാഹനം നൽകി പരിശീലനം നൽകിയത് ശില്പി ബിനു ആര്യനാടാണ്.
/sathyam/media/post_attachments/D6uLFdp6RUIY6EXAQ5K9.jpg)
തേക്ക്, കുമ്പിൾ, ഈട്ടി മരങ്ങൾ ഉപയോഗിച്ചാണ് ശില്പങ്ങൾ കൊത്തിയെടുക്കുന്നത്. 8 അടി നീളവും 4 അടി വീതിയുമുള്ള 'തിരുവത്താഴ'ശില്പം ത്രിമാനദൃശ്യചാരുതയുള്ളതാണ്. പെസഹാ ദിനത്തിലാണ് അനിലിന്റെ ഈ ശില്പം ജനങ്ങൾക്കായി പ്രദർശിപ്പിച്ചത്.
രണ്ടുമാസത്തെ പ്രയത്നം വേണ്ടിവന്നു ഇതു പൂർത്തിയാവാൻ. അഭ്യുദയകാംക്ഷിയായ ടോമി മണികണ്ഠൻചാൽ ആശാന്റെ നിർബന്ധത്തിലാണ് പണിതുടങ്ങിയതെന്ന് അനിൽ പറഞ്ഞു. ശില്പവേലയാണ് ഇന്ന് ഇദ്ദേഹത്തിന്റെ ഏക ജീവിതമാർഗ്ഗം. അതേസമയം അവസരങ്ങൾ ഇല്ലാത്തതും വില്പനയ്ക്കുള്ള സാധ്യതകളില്ലാത്തതും ഇദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ട്.
കോതമംഗലത്തിനടുത്ത് ഒരു ഉൾനാടൻ ഗ്രാമമായതിനാൽ ഇദ്ദേഹത്തിന്റെ കഴിവുകൾ പുറം ലോകം അറിയാൻ ഏറെ വൈകി. രൂപക്കുമ്പിളിൽ തീർത്ത അനന്തശയനം, മച്ചകത്തമ്മ, ബാലഹനുമാൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ശില്പങ്ങൾ ഇദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവസരങ്ങളും അർഹമായ അംഗീകാരങ്ങളും തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് നാല്പതു വയസ്സുള്ള ഈ എളിയ കലാകാരൻ. ദിവ്യയാണ് ഭാര്യ. മക്കൾ: ഭാഗ്യലക്ഷ്മി, ഭഗവത്കൃഷ്ണൻ