കൊച്ചി : കൊച്ചിയിൽ 218 കിലോ ഹെറോയിൻ പിടികൂടിയ കേസിലെ പ്രധാന പ്രതിയെ ഡി ആർ ഐ അറസ്റ്റ് ചെയ്തു. ശ്രീലങ്കൻ വംശജനായ ചെന്നൈ സ്വദേശി ബാലകൃഷ്ണൻ പെരിയ സാമി പിള്ളൈ ആണ് അറസ്റ്റിലായത്. ചെന്നൈയിലെ ഫ്ലാറ്റിൽ നിന്നാണ് പ്രതിയെ ഡിആർഐ പിടികൂടിയത്. ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ കണ്ടെടുത്തെന്നും ഡിആർഐ അറിയിച്ചു.
മെയ് 20നാണ് കൊച്ചി പുറങ്കടലില്‍ നിന്ന് 218 കിലോഗ്രാം ഹെറോയിൻ പിടികൂടിയത്. ലക്ഷദ്വീപിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്നാണ് പിടികൂടിയത്. കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിലാണ് ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍ കണ്ടെത്തിയത്.
തമിഴ് നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യ ബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. പുറങ്കടലിലൂടെ നീങ്ങുന്നതിനിടെയാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ പിടികൂടിയിരുന്നു.മലയാളികളും തമിഴ്നാട് സ്വദേശികളും അടക്കം 20 പേരാണ് ബോട്ടുകളിലുണ്ടായിരുന്നത്.
ലഹരിമരുന്ന് കൊണ്ടുവന്നത് പാകിസ്ഥാനിൽ നിന്നെന്ന് കരുതുന്നതായി ഡി ആർ ഐ വൃത്തങ്ങൾ പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ ആണിത്. കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു. ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിന്‍റെ ലക്ഷ്യമെന്നാണ് സൂചന.