കൊച്ചി: റമ്മി കളിച്ചു പണം നഷ്ടപ്പെട്ടതിന്റെ ബാധ്യത തീർക്കാൻ പൊലീസുകാരന്റെ മോഷണം. അരൂർ സ്വദേശിയും എറണാകുളം എആർ ക്യാംപിലെ പൊലീസുകാരനുമായ അമൽദേവിനെ ഞാറയ്ക്കൽ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ ഞാറയ്ക്കൽ പെരുമ്പിള്ളിയിലാണു താമസിച്ചിരുന്നത്. സുഹൃത്തിന്റെ വീട്ടിൽ വിരുന്നിന് എത്തിയപ്പോഴാണ് അമൽദേവ് സ്വർണം മോഷ്ടിച്ചത്.
/sathyam/media/post_attachments/ftXLpeJmoCjAGOkBZfit.jpg)
സ്ഥിരമായി സുഹൃത്തിന്റെ വീട്ടിൽ വരുമായിരുന്ന ഇദ്ദേഹം അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിക്കുകയായിരുന്നു. സുഹൃത്തിന്റെ മകന്റെ ഭാര്യയുടെ സ്വർണമാണ് മോഷ്ടിച്ചത്. മരുമകൾ വീട്ടിൽ ഇല്ലാതിരുന്നതിനാൽ മോഷണവിവരം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മരുമകൾ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്നു പൊലീസിൽ പരാതി നൽകി.
ഈ ദിവസങ്ങളിൽ വീട്ടിൽ വന്നവരെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് സംശയം പൊലീസുകാരനിലേക്കു നീണ്ടത്. ഇയാൾക്ക് റമ്മി കളിച്ചു കാര്യമായ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കൾ പറയുന്നു. ഇതിനായി മറ്റൊരാളോടു പണം കടം ചോദിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് മോഷണമെന്നാണു നിഗമനം.