Advertisment

സിനിമയിൽ അഭിനയിച്ചു തീർത്ത രംഗങ്ങൾ ജീവിതത്തിന്റെ ക്ലൈമാക്സിലും : കൊല്ലത്തെ യുവനടൻ ഗോഡ്ഫ്രെയുടെ മരണം താൻ അഭിനയിച്ച സിനിമയുടെ ക്ലൈമാക്സ് രം​ഗങ്ങൾ പോലെ

New Update

കൊല്ലം: ജിവിത കഥ പിന്നീട് സിനിമയാക്കാറുണ്ട്. എന്നാൽ അഭിനയിച്ചു തീർത്ത സിനിമ കഥ പിന്നീട് ജിവിതത്തിൽ സംഭവിക്കുക എന്നത് ഏവരെയും ഞെട്ടിപ്പിക്കുന്ന സംഭവമാണ്. അങ്ങനെ സിനിമയിൽ അഭിനയിച്ചു തീർത്ത രംഗങ്ങൾ ജീവിതത്തിന്റെ ക്ലൈമാക്സിൽ സംഭവിച്ചിരിക്കുന്നു.

Advertisment

publive-image

കഴിഞ്ഞ രാത്രി കൊല്ലം തൃക്കടവൂർ നീരാവിൽ പൊട്ടൻമുക്കിനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മതിലിലിടിച്ചു മരിച്ച ഗോഡ്ഫ്രെ(36)യുടെ മരണം താൻ നായകനായി അഭിനയിച്ച സിനിമയിലെ അന്ത്യരംഗങ്ങളുടെ ആവർ‍ത്തനമായിരുന്നു. 4 വർഷം മുൻപ് സുഹൃത്ത് ഷൈജുവുമായി ചേർന്നു നിർമിച്ച ‘ദ് ലവേഴ്സ്’ എന്ന സിനിമയിലെ നായകനായിരുന്നു ഗോഡ്ഫ്രെ. ചവറ ഭരണിക്കാവ് പിജെ ഹൗസിൽ റിട്ട. എസ്ഐ: ജോൺ റോഡ്രിഗ്സിന്റെ മകനായ ഗോഡ്ഫ്രെ, പ്രാക്കുളത്തെ ബന്ധുവീട്ടിൽ പോയി മടങ്ങി വരവേയായിരുന്നു അപകടം. ​ഗോഡ്ഫ്രെയുടെ

ആംബുലൻസിലെ വിലാപയാത്ര പോലും എഴുതിത്തയാറാക്കിയ അതേ കഥാരംഗങ്ങളായി.

ഹെൽമറ്റ് തകർന്നു തലയ്ക്കു പരുക്കേറ്റു രക്തം വാർന്ന് ഏറെ നേരം റോഡിൽ കിടന്നെങ്കിലും ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. പിന്നീടെത്തിയ കെഎസ്ഇബി ജീവനക്കാരൻ കൃത്രിമശ്വാസം നൽകി. തുടർന്ന് സ്ഥലത്തെത്തിയ യുവാക്കൾ ഓട്ടോറിക്ഷയിൽ സമീപത്തെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.

ഗോഡ്ഫ്രെയുടെ നായക കഥാപാത്രം ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുന്നതായിരുന്നു സിനിമയിലെ അപകടരംഗം. നായകന്റെ മൃതദേഹം പള്ളിയിലെത്തിക്കുന്ന ആംബുലൻസ് ഡ്രൈവറുടെ വേഷമിട്ട ചവറ പന്മന പുത്തൻചന്ത അഥീന കോട്ടേജിൽ അബ്ദുൽ സലീം തന്നെ ഇന്നലെ ഗോഡ്ഫ്രെയുടെ മൃതദേഹം ആംബുലൻസിൽ ചവറ തലമുകൾ സെന്റ് അഗസ്റ്റിൻ പള്ളിയിലെത്തിച്ചു. സിനിമയിൽ മൃതദേഹത്തെ വസ്ത്രങ്ങൾ അണിയിച്ച സലിം ഇന്നലെ വീട്ടുകാരുടെ അഭ്യർഥനപ്രകാരം അതേ വസ്ത്രങ്ങൾ അണിയിച്ചതു കണ്ണീർക്കാഴ്ചയായി.

ഗോഡ്ഫ്രെയുടെ വീടിന് എട്ടു കിലോമീറ്റർ അകലെ കരുനാഗപ്പള്ളിയിലായിരുന്നു സിനിമയിലെ അന്ത്യരംഗങ്ങൾ പാട്ടിലൂടെ ചിത്രീകരിച്ചത്. സിനിമയിലെ ബാക്കി എല്ലാ പാട്ടുകളും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തെങ്കിലും ഈ പാട്ടു മാത്രം അപ്‌ലോഡ് ചെയ്യാൻ ഗോഡ്ഫ്രെ സമ്മതിച്ചിരുന്നില്ല. ജീവിതാന്ത്യത്തിലേക്ക് ആ രംഗങ്ങൾ പകർത്തിവയ്ക്കാൻ ഫൊട്ടോഗ്രഫർ കൂടിയായ അവൻ നേരത്തെ തീരുമാനിച്ച പോലെ. അമ്മ: ഫിലോ. സഹോദരങ്ങൾ: ആശ, ആന്റണി.

Advertisment