ആഴക്കടലിൽ അകപ്പെട്ട മത്സ്യതൊഴിലാളികൾക്ക് രക്ഷകരായി തീരദേശ പോലീസ്: തീരത്തു നിന്നും 24 കിലോമീറ്റർ അകലെ മത്സ്യ ബന്ധനത്തിനിടയിൽ അപകടത്തിൽപ്പെട്ടർക്കാണ് രക്ഷകരായത്

author-image
Charlie
Updated On
New Update

publive-image

കൊല്ലം: കോവിൽത്തോട്ടം ലൈറ്റ് ഹൗസിന് 13 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് അറബിക്കടലിൽ അകപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് രക്ഷകരായി തീരദേശ പോലീസ്. തീരത്തു നിന്നും ഉദ്ദേശം 24 കിലോമീറ്റർ അകലെ മത്സ്യ ബന്ധനത്തിനിടയിൽ അപകടത്തിൽപ്പെട്ടവർക്കാണ് തീരദേശ പോലീസിന്റെ സഹായം ലഭിച്ചത്.

Advertisment

കൊല്ലം പോർട്ടിൽ നിന്നും കഴിഞ്ഞ രാത്രി മത്സ്യ ബന്ധനത്തിന് പോയ പളളിത്തോട്ടം സ്വദേശി ഷെറിന്റെ ദൈവദാനം എന്ന വളളത്തിലെ ജീവനക്കാരായ പളളിത്തോട്ടം സ്വദേശി ചാൾസ് മത്യാസ്, ജയിംസ് വിൻസെന്റ്, ബെനഡിക്റ്റ്, ബെൻസിഗർ ജോയി എന്നിവരെയാണ് പോലീസ് നടുക്കടലിൽ നിന്നും രക്ഷിച്ചത്. ഇവരിൽ പരിക്കേറ്റ ബെൻസിഗർ ജോയിയെ കൊല്ലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മത്സ്യബന്ധനത്തിനിടയിൽ രാത്രി 12.00 മണിയോടെ കടൽ ക്ഷോഭത്തിൽപ്പെട്ട് ഇവരുടെ വളളം മറിയുകയായിരുന്നു. വളളത്തിൽ നിന്നും തെറിച്ച് പോയ മത്സ്യതൊഴിലാളികൾ മറിഞ്ഞ വളളത്തിൽ പിടിച്ച് കിടന്ന് കരയിലേക്ക് സഹായത്തിന് സന്ദേശം അയച്ചു. നീണ്ടകര തീരക്കടലിൽ പട്രോളിംഗിലായിരുന്ന തീരദേശ പോലീസിന്റെ ദർശന എന്ന ഇന്റർസെപ്റ്റർ ബോട്ട് സഹായ സന്ദേശം ലഭിച്ചയുടൻ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ഉദ്ദേശം ലക്ഷ്യം വച്ച് സ്ഥലത്തെത്തിയ രക്ഷാസംഘം ഇരുട്ടിൽ ആഴക്കടലിൽ മറിഞ്ഞ വളളത്തിൽ പിടിച്ച് കിടക്കുന്ന മത്സ്യതൊഴിലാളികളെ കണ്ടെത്തുകയായിരുന്നു.

വളളവും വലയും ഉപേക്ഷിച്ച് കരയിലേക്ക് മടങ്ങാൻ തൊഴിലാളികൾ തയ്യാറാകാതിരുന്നതിനെ തുടർന്ന് കോസ്റ്റൽ പോലീസ് മറൈൻ പോലീസിന്റെ സഹായത്തോടെ തൊഴിലാളികളേയും വളളവും വലയും കരയ്‌ക്കെത്തിച്ചു. ദർശന ബോട്ടിന്റെ മാസ്റ്ററായ സിവിൽ പോലീസ് ഓഫീസർ സുജിത്ത്.ജി. ബോട്ട് ജീവനക്കാരായ ജോസഫ്, ശ്രീകുമാർ, കോസ്റ്റൽ പോലീസ് എസ്.ഐ ശ്യാംകുമാർ.കെ. ജി, എ.എസ്.ഐ ദിലീപ്കുമാർ, മറൈൻ എ.എസ്.ഐ ഹരിലാൽ ലൈഫ് ഗാർഡ് തോമസ് റോയി എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്.

Advertisment