എവിടെയാണ് മലയാളിക്ക് പിഴച്ചു തുടങ്ങിയത് ?

Tuesday, October 8, 2019

ആഗോള തലത്തിൽ തന്നെ വ്യത്യസ്തമായ വൈഭവത്തോടെ കുറ്റകൃത്യങ്ങൾ ചെയ്യുന്ന രീതിയിൽ മലയാളി വളരെ വളർന്നിരിക്കുന്നു. എന്തായിരിക്കും ഇതിനു കാരണം ? ഒരു റിപ്പർ ചാക്കോ എന്ന പേരും ഒരു സുകുമാരക്കുറുപ്പും വർഷങ്ങൾ ചർച്ച ചെയ്യാൻ ഇടവേള കിട്ടിയ സമൂഹം ഇപ്പോൾ ഓരോ മാസവും ഓരോരോ ഞെട്ടിക്കുന്ന ദുരന്ത കഥകൾക്ക് പിന്നാലെയാണ്. മിഡിയകൾക്കാണെങ്കിൽ ചാകരയും. ഇടക്ക് ചിലതൊക്കെ അന്യസംസ്ഥാന തൊഴിലാളികളുടെ തലയിലിട്ട് രക്ഷപ്പെട്ട കുറുക്കന്മാരും …..

ഒരു കുടുംബത്തെ മൊത്തം ഇല്ലാതാക്കാൻ വർഷങ്ങളുടെ ഇടവേളയിൽകാത്തിരുന്നു അവസരം കണ്ടെത്തിയ മരുമക്കൾ, വിദേശത്ത് നിന്ന് വന്ന ഭർത്താവിനെ കഴുത്തറുത്ത് കൊന്ന ഭാര്യ, വിദേശത്ത് നിന്നും അവധിക്ക് വന്നു ഭർതൃപിതാവിനെ കൊന്ന വിദ്യാസമ്പന്ന, കാമുകനോടൊപ്പം പോകാൻ പിഞ്ചു കുഞ്ഞിനെ കൊന്ന ‘അമ്മ, സഹോദരിയുടെ ഭർത്താവിന്റെ കൂടെ ജിവിക്കാൻ കൂടെപ്പിറപ്പിനെ കൊന്നവൾ, വർഷങ്ങളുടെ പ്രവാസ ജീവിതം കഴിഞ്ഞു വന്ന പിതാവിനെ കൊന്നു മുറിച്ച്‌ വിവിധ സ്ഥലങ്ങളിൽ നിക്ഷേപിച്ച മകൻ, മാതാപിതാക്കൾക്ക് വിഷം നൽകുന്ന മക്കൾ, മക്കൾക്ക് ഗർഭം ഉണ്ടാക്കുന്ന പിതാവ്, മക്കളെ വേശ്യകളാക്കി വില്കുകുന്ന മാതാപിതാക്കൾ, ആരാധനാലയങ്ങളിൽ കൊലപാതകവും മോഷണവും വ്യഭിചാരവും നടത്തുന്ന പുരോഹിതർ, മതപണ്ഡിതർ , അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം ഒളിച്ചോടുന്ന സമ്പന്നരുടെ ഭാര്യമാർ, എല്ലാ ജില്ലയിലും ലൈംഗിക മാഫിയ നടത്തുന്ന സ്ത്രീകൾ, നൂറും ഇരുന്നൂറും കിലോ കഞ്ചാവ് , മയക്കുമരുന്നുമായി പിടിയിലാകുന്ന ആൺ പെൺ വ്യത്യാസമില്ലാത്ത യുവത്വം, സംരക്ഷണം നൽകേണ്ട പോലീസിന്റെ മർദ്ദനമേറ്റ് മരിച്ചവരും , പോലീസുകാരൻ തന്നെ പോലീസുകാരിയെ കത്തിച്ച് കൊന്നതും, വലിയ കള്ളന്മാർ പോലീസിൽ വിലസുന്നതും, നല്ല ക്രിമിനലുകൾ നേതാക്കളാകുന്നതും, വിശക്കുന്നതിനു ബ്രഡ് മോഷ്ടിച്ചവനെ തല്ലിക്കൊന്നതും, വലിയ കള്ളനെ രക്ഷിക്കാൻ കളവ് കണ്ടവനെ ഇല്ലാതാക്കിയതും, വൃദ്ധകളെയും കൈകുഞ്ഞുങ്ങളെയും ബലാത്സംഗം ചെയ്തത് …

മലയാളിയുടെ ഇടയിൽ ജാതിമത വ്യത്യാസമില്ലാതെ പടരുന്ന ഈ ക്രിമിനൽ രോഗം ചർച്ച ചെയ്യേണ്ടതുണ്ട് …. എന്താണ് ഇത്രകണ്ട് കുറ്റകൃത്യങ്ങൾ പെരുകുന്നത് ? ഈയടുത്ത് നടന്ന വലിയ കുറ്റകൃത്യങ്ങൾ എല്ലാം കുടുംബപശ്ചാത്തലത്തിൽ ബന്ധുക്കൾ ആണ് ചെയ്തത്, എവിടെയാണ് നമുക്ക് കാണാനും മനസിലാക്കാനും തിരിച്ചറിയാനും തിരുത്താനും ഉള്ള വിവേകവും സമയവും അവസരവും നഷ്ടപെട്ടത്?

എല്ലാ വീട്ടിലും നാമറിയാതെ, നീറുന്ന മനസുമായി, മാനസിക പിരിമുറുക്കവുമായ് , അവസരം കാത്ത് നാം ഏറെ വിശ്വസിക്കുന്ന സ്നേഹിക്കുന്ന ഒരാൾ… പഠനം അത്യാവശ്യമാണ്. ഇനിയും അക്രമികളും ഇരകളും സൃഷ്ടിക്കപെടാതിരിക്കാൻ നമുക്ക് പരിശ്രമിക്കണമല്ലോ, അത് നമ്മൾ ആവാതിരിക്കാനും !*

മുബാറക്ക്‌ കാമ്പ്രത്ത്‌, കുവൈത്ത്‌ 
×