/sathyam/media/media_files/2024/12/10/p96VIQZfXWHj7ooGX46F.jpg)
കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭയില്‍ ഒരു കാലത്ത് ഏറ്റവും ശക്തനായിരുന്ന ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന് 80 വയസ് പൂര്‍ത്തിയാകുകയാണ്.
അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതയുടെ നായകത്വത്തില്‍ നിന്നും പടിയിറങ്ങിയിട്ട് 5 വര്‍ഷവും പൂര്‍ത്തിയായി.
കാഞ്ഞിരപ്പള്ളി ബിഷപ് ഹൌസില്‍ വിശ്രമജീവിതം നയിക്കുന്ന മാര്‍ അറക്കലിന് ആശംസകളുമായി നിരവധി ആളുകളാണ് അവിടേയ്ക്ക് എത്തിയത്.
ജനനം എരുമേലിയില്‍
1944 ഡിസംബര്‍ 10 ന് എരുമേലിയിലെ അറയ്ക്കല്‍ കുടുംബത്തില്‍ മത്തായി-ഏലിയാമ്മ ദമ്പതികളുടെ മകനായിട്ടായിരുന്നു ജനനം.
സെന്റ് തോമസ് സ്‌കൂളില്‍ വിദ്യാഭ്യാസം. 1971 മാര്‍ച്ച് 13ന് മാര്‍ ആന്റണി പടിയറയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു.
1971 ല്‍ ചങ്ങനാശ്ശേരി അതിരൂപതയിലെ കുടിയേറ്റ മേഖലയായ അമ്പൂരി ഇടവക അസി. വികാരിയായിട്ടായിരുന്നു ഔദ്യോഗിക പൌരോഹിത്യ ജീവിതത്തിനു തുടക്കം.
അമ്പൂരി പ്രദേശത്തെ തൊഴിലാളികളെ ചേര്‍ത്ത് 1972-ലെ കേരളത്തിലെ പ്രഥമ തൊഴിലാളി സഹകരണ സംഘത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് പിതാവ് തന്റെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഗ്രാമവികസനത്തിന് പശു വളര്‍ത്തലും കോഴി വളര്‍ത്തലും ഫലപ്രദമായ മാര്‍ഗമെന്ന് തിരിച്ചറിഞ്ഞു ആ രംഗത്തും ജനനങ്ങളെ പ്രാപ്തരാക്കി.
പ്രേരണയായത് ഹൈറേഞ്ച്
പിന്നീട് കാഞ്ഞിരപ്പള്ളി രൂപത രൂപീകൃതമായപ്പോള്‍ ഹൈറേഞ്ചിലേക്ക് മാറി. ഹൈറേഞ്ചിന്‍റെ പരിമിതികളായിരുന്നു സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടാന്‍ അറക്കല്‍ അച്ചനെ പ്രേരിപ്പിച്ചത്.
യാത്രാ സൗകര്യങ്ങളോ, മറ്റു വികസനമോ, എന്തിന് അടിസ്ഥാന ജീവിത സൗകര്യങ്ങളോ, പോലുമില്ലാതിരുന്ന ഹൈറേഞ്ച് മലമടക്കുകളില്‍ വികസനമെത്തിക്കാനായി മുന്‍പന്തിയില്‍ നിന്നു.
പിന്നീട് ആ നിയോഗം അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതത്തിലുടനീളം പ്രതിഫലിച്ചു.
1978-ല്‍ പീരുമേട്ടില്‍ പിതാവ് രൂപം നല്കിയ പീരുമേട് വികസന സമിതി പിന്നീട് പീരുമേട് ഡെവലപ്മെന്‍റ് സൊസൈറ്റിയായി വളര്‍ന്നു.
യൂറോപ്യന്‍ യൂണിയന്റെ ഭാഗിക സഹായത്തോടെ പീരുമേട്ടില്‍ ഓര്‍ഗാനിക് തേയില ഫാക്ടറിയും ഓര്‍ഗാനിക് സ്‌പൈസസ് ഫാക്ടറിയും ഈ രംഗത്തെ ഒരു വലിയ കാല്‍വയ്പാണ്.
സഹ്യാദ്രി ആയുര്‍വേദ ആശുപത്രിയും സഹ്യാദ്രി ആയുര്‍വേദ ഫാര്‍മസിയും മാര്‍ അറക്കലിന്റെ കാല്‍വയ്പുകളായിരുന്നു.
235 ഓളം ആയുര്‍വേദ മരുന്നുകളും കൂട്ടുകളും ഉത്പാദിപ്പിക്കുന്ന ഒരു വലിയ സ്ഥാപനമായി സഹ്യാദ്രി വളര്ന്നു.
മുതലാളിയില്‍ നിന്ന് വാങ്ങി ഇല്ലാത്തവന് കൊടുത്തു
2001 ലാണ്‍ മെത്രാനായി അഭിഷിക്തനായി കാഞ്ഞിരപ്പള്ളി രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തത്.
കര്‍ഷകന്‍റെ അധ്വാനവും കത്തോലിക്കന്റെ അഭിമാനവും എന്ന അടിസ്ഥാന തത്വത്തിലൂന്നിയായിരുന്നു പിന്നീടുള്ള പ്രയാണം.
അതിനിടയില്‍ പല സൌഹൃദങ്ങളുടെയും പേരില്‍ വിവാദങ്ങളുടെ തോഴനായി.
ചില ബിസിനസ് രംഗത്തെ പ്രഗല്‍ഭരുമായുണ്ടായിരുന്ന സൌഹൃദങ്ങള്‍ പലപ്പോഴും വിമര്‍ശന വിധേയമായി.
അത്തരം പരാതികള്‍ ഉയരുമ്പോഴും അതിനൊക്കെ മറുപടി പറയാന്‍ നില്‍ക്കാതെ, ഉള്ളവനെ ചേര്‍ത്ത് നിര്‍ത്തി ഇല്ലാത്തവന് പ്രയോജനപ്പെടുത്തുക എന്നതാണ് തന്‍റെ നയമെന്ന് അടുപ്പക്കാരോട് പറയാന്‍ അദ്ദേഹം തയ്യാറായി.
ഇതൊരു പാലം പണിയലാണ്. ഉള്ളവനില്‍നിന്ന് ഇല്ലാത്തവനിലേക്കുള്ള പാലം പണിയല്‍.
അതിന്റെ പ്രയോജനം ഉദ്ദേശിച്ചവര്‍ക്ക് ലഭിക്കുമ്പോഴാണ്‍ തനിക്ക് സംതൃപ്തി ലഭിക്കുന്നതെന്ന് അദ്ദേഹം പറയുമായിരുന്നു .
രൂപതയിലെ സാമൂഹ്യ പ്രവര്‍ത്തന മേഖലയായ മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി ഇന്ന് ഇന്ത്യയിലെ കര്‍ഷക ജനകീയ പങ്കാളിത്തമുള്ളതും ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്നതുമായ സാമൂഹ്യ സംരംഭമാണ്.
കര്‍ഷകര്‍ ഉള്‍പ്പെടെ ജനവിഭാഗങ്ങളെ കോര്‍ത്തിണക്കി തമിഴ്‌നാട്ടിലും കേരളത്തിലുമായി തുടരുന്ന എംഡിഎസിന്റെ മികവുറ്റ സംരംഭങ്ങളില്‍ നേരിട്ടുള്ള ഗുണഭോക്താക്കള്‍ ലക്ഷത്തിലേറെയാണ്.
ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കര്‍ഷക പ്രസ്ഥാനമായ ഇന്‍ഫാമിന്‍റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും എംഡിഎസാണ്.
വിദ്യാഭ്യാസ രംഗത്തും കൈവയ്പ്
കുട്ടിക്കാനത്തെ പ്രസിദ്ധമായ മരിയന്‍കോളജും കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജൂമൊക്കെ വിദ്യാഭ്യാസ രംഗത്ത് കാഞ്ഞിരപ്പള്ളി രൂപതയുടെ തിലകക്കുറിയായി.
കേരളത്തിലെ ഏറ്റവും മികച്ച സി.ബി.എസ്.ഇ സ്‌കൂളുകളായ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, റാന്നി സിറ്റഡല്‍ സ്‌കൂള്‍ ഇവയെല്ലാം ആ മേഖലയിലെ പൊന്‍തൂവലുകളാണ്.
ഒരു സാധാരണ മെത്രാന്‍ എന്നതില്‍ നിന്നെല്ലാം ഒരു പടി ഉയര്‍ന്ന നിലയിലായിരുന്നു എക്കാലവും മാര്‍ അറക്കലിന്റെ പ്രയാണം.
അങ്ങനെയാണ് ഇസ്രായേലിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ (2006), മിസ്സോറി പ്രതിനിധി സഭയുടെ അംഗീകാരം (2007), കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതികവകുപ്പിന്റെ കണ്‍സള്‍ട്ടന്‍റ് (95-98), കേന്ദ്ര ആസൂത്രണ വകുപ്പിന്റെ എന്‍.ജി.ഓ വിഭാഗം ഉപദേശകസമിതി അംഗം (98-03), സംസ്ഥാന ഫാമിങ് കോര്‍പ്പറേഷന്‍ അംഗം (85-90), കേരള സോഷ്യല്‍ സര്‍വീസ് ഫോറം ചെയര്‍മാന്‍ (1995-), ജീവന്‍ ടി.വി ചെയര്‍മാന്‍ (2002-2007), രാഷ്ട്ര ദീപിക ചെയര്‍മാന്‍ (2003-2007), സഭയുടെ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ എന്നിങ്ങനെ വ്യത്യസ്ത ചുമതലകളില്‍ അദ്ദേഹം തിളങ്ങിയത്.