കോട്ടയം: കളത്തിപ്പടി-റബർബോർഡ് റോഡിൽ ചിദംബരം പടിയിൽ പൈപ്പ് പൊട്ടി റോഡ് തകർന്ന് 5 വാഹനങ്ങൾ ചെളിയിൽ താഴ്ന്നു. ലോഡുമായി പോയ ടിപ്പർ ലോറി, പിക്കപ് വാനുകൾ, തടിലോറി തുടങ്ങിയവയാണ് റോഡിലെ ചെളിയിൽ താഴ്ന്നത്. റബർ ബോർഡ്, ആനത്താനം, പുതുപ്പള്ളി തുടങ്ങിയ ഭാഗത്തേക്കു പോയ വാഹനങ്ങളാണ് ചെളിയിൽ താഴ്ന്നത്.
ചില ഭാരവാഹനങ്ങളാണ് ചെളിയിൽ താഴ്ന്നത്. ചില ഭാരവാഹനങ്ങൾ ഉയർത്താൻ കഴിയാതിരുന്നതിനാൽ ലോഡ് മറ്റു വാഹനങ്ങളിലേക്കു മാറ്റിയാണ് ഇവിടെ നിന്നു കൊണ്ടുപോയത്. വാഹനങ്ങൾ റോഡിൽ താഴ്ന്നതോടെ മണിക്കൂറുകളോളം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ഈ ഭാഗം മാസങ്ങളായി ചെളിക്കുളമാണ്.
മാങ്ങാനം ഭാഗത്തേക്കുള്ള ജലഅതോറിറ്റിയുടെ 200 എംഎം മെയിൻ പൈപ്‌ലൈൻ ഈ റോഡിലൂടെയാണ് പോകുന്നത്. കാലപ്പഴക്കം ചെന്ന ആസ്ബസ്റ്റോസ് പൈപ്‌ലൈൻ മുകളിലൂടെ ഭാരവാഹനങ്ങൾ കയറുമ്പോൾ പൊട്ടുന്നത് പതിവാണ്. ഇതോടെ ഈ ഭാഗത്ത് വെള്ളം നിറയും. പൊതുമരാമത്തു വകുപ്പ് ചങ്ങനാശേരി ഡിവിഷന്റെ കീഴിലുള്ള റോഡിൽ ഒട്ടേറെ തവണ പൈപ്പ് പൊട്ടിയതോടെ റോഡിലെ ടാറിങ് തകർന്നു.
വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാൽ പൈപ്പ് പൊട്ടുമ്പോൾ റോഡ് ചെളിക്കുളമാകും. പൈപ്പ് പൊട്ടിയ ഭാഗത്തെ കുഴിയിലാണ് ഭാരവാഹനങ്ങളുടെ ചക്രങ്ങൾ താഴ്ന്നത്. മാസങ്ങൾക്ക് മുൻപ് ഇവിടെ പൈപ്പ് പൊട്ടിയപ്പോൾ എടുത്ത കുഴി മാസങ്ങളോളം മൂടാതെ ഇട്ടിരുന്നു.
തുടർന്നു പൊതുമരാമത്തുവകുപ്പ് ജലഅതോറിറ്റിക്ക് എതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ജലഅതോറിറ്റി കുഴി മൂടി പുറത്ത് കോൺക്രീറ്റ് ചെയ്തെങ്കിലും ആഴ്ചകൾക്കുള്ളിൽ വീണ്ടും ഇവിടെ പൈപ്പ് തകർന്നു.