/sathyam/media/post_attachments/QFr3JZ0FeeVaRLMREo7e.jpg)
കോഴിക്കോട്: നഗരത്തിൽ ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാരെ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷാ തൊഴിലാളികൾ നിരന്തരം ആക്രമിക്കുന്നതായി പരാതി. നഗരത്തിൽ ഓടാൻ അനുവദിക്കാത്ത സ്ഥിതിയാണ് നിലവിലെന്നും ഇലക്ട്രിക് ഓട്ടോ തൊഴിലാളികൾ പറയുന്നു.
കോഴിക്കോട് നഗരത്തിൽ 160 ഇലക്ട്രിക് ഓട്ടോകളാണ് സർവീസ് നടത്തുന്നത്. തൊഴിലെടുത്ത് ജീവിക്കാൻ പെട്രോൾ, ഡീസൽ ഓട്ടോക്കാർ അനുവദിക്കുന്നില്ലെന്നാണ് ഇലക്ട്രിക് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ പരാതി. ആക്രമണവും അസഭ്യ വർഷവും നിരന്തരമുണ്ടാകുന്നുവെന്ന് ഇവർ. മാവൂർ റോഡ് ജങ്ഷനിൽ വച്ച് മുഖത്തടിച്ചതാണ് സംഭവത്തിൽ ഏറ്റവും അവസാനത്തേത്.
ആക്രമണത്തിന് ഇരയായ സലീം പരാതി നൽകി. പൊലീസ് കേസായി. ഇത്തരത്തിൽ മാസങ്ങൾക്കിടയിൽ നിരവധി കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്. ഇലക്ട്രിക് ഓട്ടോകൾക്ക് നഗര പെർമിറ്റ് ഇല്ലാതെ ഓടാൻ അനുമതിയുണ്ട്.
എന്നാൽ ഇത് അനുവദിക്കില്ലെന്ന നിലപാടിലാണ് പെട്രോൾ, ഡീസൽ ഓട്ടോ തൊഴിലാളികൾ. അതുകൊണ്ട് തന്നെ ഓട്ടോ സ്റ്റാൻറിൽ ഇലക്ട്രിക് ഓട്ടോ നിർത്തിയിടാനും ഇവർ അനുവദിക്കാറില്ല. വഴിയിൽ നിന്ന് ആളെ കയറ്റിയാൽ പോലും പ്രശ്നമുണ്ടാക്കുന്നുവെന്നാണ് പരാതി. നിരന്തരമായി ആക്രമിക്കപ്പെട്ടതോടെ പ്രശ്നങ്ങളൊന്നുമില്ലാതെ ഓടാനുള്ള ഹൈക്കോടതി വിധി സമ്പാദിച്ചിരിക്കുകയാണ് ഇലക്ട്രിക് ഓട്ടോ തൊഴിലാളികൾ.