ലോക കേരള സഭയെന്ന മാമാങ്കത്തിന് കോടികൾ പൊടിക്കാം, ഒരു ഊണിനു 2000 രൂപ വരെ നൽകാം; നോർക്കയും കൂർക്കയും എന്ന പേരിൽ കുറെ എണ്ണത്തിനെ തീറ്റി പോറ്റാം; പാവം പ്രവാസിക്ക് പത്ത് ദിവസം ഭക്ഷണം കൊടുക്കാൻ സർക്കാരിന് കഴിയില്ല പോലും-പ്രവാസി മലയാളി എഴുതുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, May 26, 2020

കുവൈറ്റ് സിറ്റി: മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവ് വഹിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പ്രവാസി സമൂഹത്തിനിടയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

ലോക കേരള സഭയ്ക്കും മറ്റും വന്‍ തോതില്‍ പണം ചെലവഴിച്ച സര്‍ക്കാരിന് പാവപ്പെട്ട പ്രവാസിയെ സഹായിക്കാന്‍ കഴിയില്ലേയെന്ന് ചോദിക്കുകയാണ് കുവൈറ്റ് കെഎംസിസി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായ കെ.എസ്. തല്‍ഹത്ത്. കുവൈറ്റില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇദ്ദേഹം.

കെ.എസ്. തല്‍ഹത്ത് എഴുതിയത്…

പാവം പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാതെ നോക്കാൻ സർക്കാർ ആവുന്നതും ശ്രമിച്ചു. പക്ഷെ മുസ്ലിം ലീഗ്, കെ.എം.സി.സി., കോൺഗ്രസ്സ്, കോടതി മുഖേനെയും പ്രതിപക്ഷ ശബ്ദമായും നിരന്തരം സർക്കാരുകൾക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.

കേന്ദ്ര സർക്കാരിന്റെ മുൻപിൽ വിദഗന്ധ സമിതിയെന്ന പേരിൽ പ്രവാസികളെ വൈകി മാത്രം എത്തിച്ചാൽ മതിയെന്ന നിർദ്ദേശവും കേരള സർക്കാർ നൽകി. കേന്ദ്ര മന്ത്രി മുരളീധരൻ മാധ്യമങ്ങൾക്ക് മുമ്പിൽ അത് പരസ്യമായി പറയുകയും ചെയ്‌തു.

പ്രവാസികളെ തിരികെ കൊണ്ട് വരുവാൻ ഒട്ടും താല്പര്യമില്ലാത്ത കേന്ദ്ര സർക്കാരിന് മുമ്പിൽ കേരള സർക്കാർ സമ്മർദ്ദം ചെലുത്താതെ ഒഴിഞ്ഞു മാറി നടന്നു. പ്രതിപക്ഷ സമ്മർദ്ധങ്ങൾക്ക് മുമ്പിൽ കേന്ദ്ര സർക്കാരിന് നിലപാട് തിരുത്തേണ്ടി വന്നു. ജോലിയും ശബളവും ഭക്ഷണവും മരുന്നും ഇല്ലാതെ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് മേൽ ടിക്കറ്റ് എന്ന വലിയ സാമ്പത്തിക ബാദ്ധ്യത അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാർ തിരുമാനിച്ചു.

അങ്ങനെയെങ്കിലും പ്രവാസികളുടെ വരവ് തടയാൻ കഴിയുമോയെന്ന ഗവേഷണത്തിലായിരുന്നു കേന്ദ്രസർക്കാർ. എന്നാൽ പ്രവാസികളോട് ഏറെ അനുകമ്പ കാണിക്കേണ്ട കേരള സർക്കാർ കേന്ദ്ര സർക്കാരിന്റെ തിരുമാനത്തിന് പരോക്ഷമായ പിന്തുണയും കൈയ്യടിയും നൽകി പ്രോത്സാഹിപിച്ചു.

സംസ്ഥാന സർക്കാരും ടിക്കറ്റ് കൊടുക്കില്ലായെന്ന തീരുമാനത്തിൽ ഉറച്ച് നിന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് തലവേദന സൃഷ്ടിച്ച് ഷാഫി പറമ്പിൽ എം.എൽ.എ. യുടെ നേതൃത്വത്തിൽ പാവപ്പെട്ട പ്രവാസികൾക്ക് വേണ്ടി ടിക്കറ്റ് ക്യാമ്പയിനു തുടക്കം കുറിച്ചു മുന്നേറി. ഇത് ഇരു സർക്കാരുകൾക്കും ഏറെ തിരിച്ചടിയായി മാറി.

ശേഷം മറ്റു പലരും ഈ പാതയിലേക്ക് കടന്നുവന്നു. കെ.എം.സി.സി. ഉൾപ്പെടെ പ്രത്യേക വിമാന സർവ്വീസുകൾക്കും അനുമതി തേടിയിരുന്നു. കേരള സർക്കാർ അവിടെയും പ്രവാസി വിരുദ്ധ നിലപാടാണ് സ്വികരിച്ചിരിക്കുന്നത്.

ക്വാറന്റെൻ സെറ്ററുകൾക്ക് വേണ്ടി സകല സ്ഥാപനങ്ങളും വിട്ട് നൽകാൻ കേരളത്തിലെ മുസ്ലിം ലീഗും മതസംഘടനകളും തയ്യാറായി മാസങ്ങൾക്ക് മുൻപേ സർക്കാരിനെ അറിയിച്ചതാണ്. പ്രവാസികളുടെ വരവിൽ തീരെ താല്പര്യമില്ലാത്ത സംസ്ഥാന സർക്കാർ വേണ്ടത്ര ഗൗരവം നൽകാതെ വഴുതി മാറി.

ബഹു കോടതി പോലും പലവട്ടം സംസ്ഥാനത്തിന്റെ അഭിപ്രായം തേടി. നിരീക്ഷണ കേന്ദ്രങ്ങളുടെ റിപ്പോർട്ട് നൽകാൻ ബഹു ഹൈക്കോടതി സർക്കാരിനെ അറിയിച്ചു. എന്നാൽ സംസ്ഥാന സർക്കാർ കോടതിക്ക് റിപ്പോർട്ട് നൽകാതെ ഇരട്ടത്താപ്പ് നയം സ്വികരിച്ചു.

സംസ്ഥാനത്ത് ഏർപ്പെടുത്തി ക്വാറെന്റെൻ സൗകര്യങ്ങൾ പലതും പല സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിലായിരുന്നു. എറണാകുളത്തെ എസ്.സി.എം.സി. കോളേജിൽ ഏർപെടുത്തിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് ആവശ്യമായ ഭക്ഷണം നൽകിയതും ആ സ്ഥാപനം തന്നെയാണ്. ഇത് പോലെ സംസ്ഥാനത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലെയും അവസ്‌ഥ ഇതാകും. അതായത് സർക്കാരിന് കാര്യമായ യാതൊരു ചിലവും ഇല്ലായെന്ന് ചുരുക്കം.

ലോക കേരള സഭയെന്ന മാമാങ്കത്തിന് കോടികൾ പൊടിക്കാം. ഒരു ഊണിനു 2000 രൂപ വരെ നൽകാം. നോർക്കയും കൂർക്കയും എന്ന പേരിൽ കുറെ എണ്ണത്തിനെ തീറ്റി പോറ്റാം. കുടുംബ സമേതം വിദേശയാത്രകൾ നടത്തി മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും കോടികൾ ചെലവഴിക്കാം. വിദഗന്ധ ചികിത്സയുടെ പേരിൽ കോടികൾ കട്ട് മുടിക്കാം.

പറഞ്ഞാൽ തീരാത്ത അനാവശ്യ ചിലവുകൾ/ ധൂർത്തുകൾ വഴി കോടികൾ വക മാറ്റി വെക്കാം, പ്രളയ ദുരിതാശ്വാസ ഫണ്ടുകൾ കട്ട് മുടിക്കാം, ആവശ്യമില്ലാത്ത ഹെലികോപ്റ്ററിന് കോടികൾ കൊടുക്കാം. തോറ്റ സമ്പത്തിനും ലക്ഷങ്ങൾ കൊടുക്കാം. …………… അങ്ങനെ എത്രയെത്ര പറഞ്ഞാൽ തീരാത്ത കഥകളുണ്ട്.

പാവം പ്രവാസിക്ക് പത്ത് ദിവസം ഭക്ഷണം കൊടുക്കാൻ പിണറായി സർക്കാരിന് കഴിയില്ല പോലും. എന്നാൽ യാതൊരു സർക്കാർ സഹായവും ഇല്ലാതെ മരുന്നും ഭക്ഷണവും കിട്ടാതെ മാസങ്ങളായി ദുരിതം പേറുന്ന പാവം പ്രവാസികൾക്ക് പ്രവാസ ലോകത്ത് കൈമറന്ന് സഹായിക്കാൻ കെ.എം.സി.സി. പോലുള്ള സന്നദ്ധ സംഘടനകൾ ഉണ്ടായതിൽ അവർ ദൈവത്തെ സ്തുതിക്കുന്നുണ്ടാവും. അതിൽ സഖാവും സംഘിയും കാണും. നാട്ടിലെ അവരുടെ കൂടെപിറപ്പുകളും മനസ്സിൽ പറയുന്നുണ്ടാവും.

ഈ നെറികെട്ട സർക്കാരുകളുടെ ഔദാര്യമല്ല വേണ്ടത്, സഹതപവും വേണ്ടതില്ല.. അവകാശം കിട്ടാൻ പാവം പ്രവാസികൾക്ക് അർഹതയില്ലേ? വിദേശത്തുള്ള ഓരോ സഖാവും സംഘിയും നാട്ടിൽ അവരെ ഓർത്ത് വേദനയോടെ കഴിയുന്ന അവരുടെ കുടംബങ്ങളും ഈ സർക്കാരുകളുടെ നെറികേടുകളെ ഓർത്ത് ആരും അറിയാതെയെങ്കിലും പൊട്ടി കരയണം.. ……………അതിനുള്ള അവകാശമെങ്കിലും നിങ്ങൾക്ക് ഇല്ലേ?

×