തിരുവനന്തപുരം: ഇൻഷുറൻസ് ഉൾപ്പെടെയുള്ള രേഖകളില്ലാതെ സർവ്വീസ് നടത്തിയ കെ എസ് ആർ ടി സി ബസുകളെ ബസ്-ടാക്സി ഡ്രൈവർമാരുടെ നേതൃത്യത്തിൽ മൂന്നാറിൽ തടഞ്ഞിട്ടു. മൂന്നാറില്‍ ദേവികുളം അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാത്ത നിരവധി വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതില്‍ പ്രകോപിതരായ ടാക്സി ഡ്രൈവര്‍മാരാണ് കെ എസ് ആര്‍ ടി സി ബസ് തടഞ്ഞത്.
പോസ്റ്റോഫീസ് കവലയിലുളള ബസ് സ്റ്റാൻഡിൽ നിന്നും നിറയെ യാത്രക്കാരുമായി അടിമാലിയിലേക്ക് സർവ്വീസ് നടത്തിയ ബസുകളെയാണ് ടാക്സി ഡ്രൈവർമാർ അര മണിക്കൂറോളം തടഞ്ഞിട്ടത്. ഡ്രൈവർമാർ നടത്തിയ പരിശോധനയിൽ ബസിന് 2020 ഏപ്രിൽ 7 മുതൽ ഇൻഷുറൻസ് ഇല്ലെന്നും 2016 മെയ് 1 മുതൽ പെർമിറ്റില്ലെന്നും കണ്ടെത്തി. ഇതോടെയാണ് ബസ് തടഞ്ഞത്.
മൂന്നാർ എസ് ഐ ഷാഹൂൽ ഹമീദിന്‍റെ നേതൃത്യത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഡ്രൈവർമാരെ മാറ്റിയ ശേഷമാണ് കെ എസ് ആർ ടി സി ബസിനെ പോകാൻ അനുവദിച്ചത്. ദേവികുളം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മൂന്നാർ പോസ്റ്റോഫീസ് കവലയിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത നിരവധി വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. ഇതിൽ പ്രകോപിതരായാണ് ടാക്സി ഡ്രൈവർമാർ കെ എസ് ആർ ടി സി ബസിന്‍റെ രേഖകൾ പരിശോധിച്ചതും ബസ് തടഞ്ഞിട്ടതും.