കെ എസ് ആർ ടി സിയിൽ ബോണസ് നിഷേധിക്കുന്നത് സർക്കാരിൻ്റെ തൊഴിലാളി വർഗ്ഗത്തോടുള്ള വഞ്ചന : കെ എസ് ടി എംപ്ലോയീസ് സംഘ്

author-image
Charlie
Updated On
New Update

publive-image

സംസ്ഥാനത്തെ എല്ലാ സർക്കാർ - പൊതുമേഖലാ ജീവനക്കാർക്കും ബോണസ്സും മറ്റ് ഓണാനുകൂല്യങ്ങളും വിതരണം ചെയ്തിട്ടും കെ എസ് ആർ ടി സി ജീവനക്കാർക്ക് ഈ വർഷത്തെ ബോണസ്, പ്രത്യേക ഉത്സവബത്ത എന്നിവയും അഡ്വാൻസും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ കെ എസ് ആർ ടി സി ജില്ലാ കേന്ദ്രങ്ങളിലും തിരുവനന്തപുരം കേന്ദ്ര കാര്യാലയത്തിനു മുന്നിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിന് മുന്നിലെ ധർണ്ണ കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയ്തു.

Advertisment

കെ എസ് ആർ ടി സിയെ ഒരു പരീക്ഷണശാലയായി കാണുന്ന ഇടതു ദുർബുദ്ധിയാണ് ഈ സ്ഥാപനത്തിൻ്റെ നാശത്തിലേക്ക് നയിക്കാൻ കാരണം. മുൻ ധനകാര്യ മന്ത്രിയുടെ സതീർത്ഥ്യൻ പടച്ചുവിട്ട പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിഷ്ക്കാരങ്ങളെല്ലാം പരാജയപ്പെട്ടെന്ന് ഇപ്പോൾ സർക്കാർ അംഗീകരിക്കുന്നു. തൊഴിലാളി പീഢനങ്ങൾക്കു മാത്രമായി രചിച്ച സുശീൽ ഖന്നയുടെ അബദ്ധ പഞ്ചാംഗം തള്ളിക്കളഞ്ഞ്, കർണ്ണാടകത്തിൻ്റെ പൊതുഗതാഗതം പഠിക്കാൻ ആളെ അയക്കാൻ ധനമന്ത്രി ബാലഗോപാൽ തീരുമാനിച്ചിരിക്കുന്നു. പാതി വഴിയിലായ പരിഷ്ക്കാരങ്ങളുടെ ഭാവിയെന്തെന്ന് നാം ചിന്തിക്കണം. "ഇല്ലത്തു നിന്നും പുറപ്പെട്ടു, അമ്മാത്ത് എത്തിയതുമില്ല" എന്നതാണ് കെ എസ് ആർ ടി സി യിൽ ഖന്നയുടെ പരിഷ്ക്കാരം എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ആനുകൂല്യങ്ങൾ നൽകാത്തതിൽ ജീവനക്കാരുടെ പ്രതിഷേധം ശക്തമാണ്.
ചരിത്രത്തിലാദ്യമായി കെ എസ് ആർ ടി സി ജീവനക്കാർക്ക് മാത്രം ഓണാനുകൂല്യങ്ങൾ നിഷേധിക്കുന്നത് ഇടതുഭരണത്തിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടിന് തെളിവാണ്. കേരള സർക്കാർ തൊഴിലാളികളോട് കാണിക്കുന്നത് വർഗ്ഗവഞ്ചനയാണ് . പരീക്ഷണാടിസ്ഥാനത്തിൽ കെ എസ് ആർ ടി സി ജീവനക്കാരുടെ മാത്രം ഓണാനുകൂല്യങ്ങൾ തടയുന്നത് തുല്യനീതിയുടെ നിഷേധമാണ്. ഭാവിയിൽ മറ്റു സർക്കാർ - പൊതുമേഖലാ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൻ്റെ ട്രയൽ റൺ മാത്രമാണ് കെ എസ് ആർ ടി സിയിൽ ഇപ്പോൾ പരീക്ഷിക്കുന്നത്. സംസ്ഥാനം കടക്കെണിയിലാവുമ്പോഴും മന്ത്രിമാരുടെ ധൂർത്ത് തുടരുകയാണ്. നമ്പർ വൺ കേരളമെന്ന് പൊങ്ങച്ചം വിളമ്പുമ്പോഴും പഠനയാത്രകൾക്ക് പഞ്ചമില്ല. മുൻ യാത്രകളുടെ ഗുണഫലം പൂജ്യമാണെങ്കിലും കുടുംബസമേതമുള്ള വിദേശയാത്രകൾ ഖജനാവു കാലിയാക്കാൻ മാത്രമായി മാറുന്നു.

പൊതുഗതാഗതത്തിന് ബസ്സ് വാങ്ങി നൽകാത്ത സർക്കാരിന്, മന്ത്രിമാർക്കും സിൽബന്തികൾക്കും അടിക്കടി ആഡംഭര കാറുകൾ മാറ്റി വാങ്ങുന്നതിന് ഒരു മടിയുമില്ല. ജീവനക്കാർ മുണ്ടു മുറുക്കിയുടുക്കുമ്പോൾ കോടികൾ മുടിക്കുന്ന ധൂർത്ത് ഒരു തൊഴിലാളി സർക്കാരിന് ഭൂഷണമല്ല.

തുടർച്ചയായി ശമ്പളമുടക്കം ഉണ്ടായിട്ടും, പൊതുജന സേവനം മുൻനിർത്തി സർവ്വീസ് മുടക്കാൻ തയ്യാറാവാതെ പണിയെടുത്ത ജീവനക്കാർക്ക് ഓണം ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് നീതീകരിക്കാനാവില്ല. ബോണസ് നീക്കിവയ്ക്കപ്പെട്ട വേതനമാണ്. അത് കൃത്യമായി ജീവനക്കാർക്ക് ലഭ്യമാക്കണം. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന മനുഷ്യത്വ രഹിതവും, തൊഴിലാളി വിരുദ്ധവുമായ സമീപനം തിരുത്തി, അർഹതപ്പെട്ട ഓണം ആനുകൂല്യങ്ങൾ അടിയന്തിരമായി അനുവദിച്ചു നൽകാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എംപ്ലോയീസ് സംഘ് - ൻ്റെ നേതൃത്വത്തിൽ ഇന്നു (15.09.2022) രാവിലെ 11 മണി മുതൽ കെ എസ് ആർ ടി സി പാലക്കാട് ജില്ലാ ഓഫീസിനു മുന്നിലെ പ്രതിഷേധ ധർണ്ണയ്ക്ക് യൂണിയൻ്റെ ജില്ലാ സെക്രട്ടറി ടി വി കുമാർ, ജില്ലാ ഖജാൻജി കെ സുധീഷ്, ജില്ലാ വൈസ് പ്രസിഡണ്ട് സി ശശാങ്കൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൽ രവിപ്രകാശ്, കെ. പി. രാധാകൃഷ്ണൻ, സി പ്രമോദ്, യു തുളസീദാസ്, വി കണ്ണൻ, പി സി ഷാജി എന്നിവർ നേതൃത്വം നൽകി.

Advertisment