തിരുവനന്തപുരം: മാധവ വാര്യരുമായി തനിക്കുള്ളതു സുഹൃദ് ബന്ധം മാത്രമാണെന്നു കെ ടി ജലീല്‍ എം എല്‍ എ തനിക്കെതിരെ ആരോപണമുന്നയിച്ച സ്വപ്ന സുരേഷ് ജോലിചെയ്യുന്ന എച്ച് ആര്‍ ഡി എസുമായി മാധവവാര്യര്‍ക്കു തര്‍ക്കങ്ങളുണ്ട്. അതാണു മാധവ വാര്യരെ തനിക്കെതിരായ ആരോപണത്തിലേക്കു വലിച്ചിഴയ്ക്കാനുള്ള സ്വപ്‌നയുടെ ശ്രമത്തിനു പിന്നില്‍. ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കാന്‍ ഇടപെട്ടിട്ടില്ലെന്നും ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുംബൈ കേന്ദ്രീകരിച്ചുള്ള വ്യവസായിയായ തിരുനാവായക്കാരനായ മാധവവാര്യരെ കുറച്ചുനാളുകളായി അറിയാം. അദ്ദേഹവുമായി സുഹൃദ് ബന്ധമുണ്ട്. വാര്യര്‍ ഫൗണ്ടഷേന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാറുമുണ്ട്. അതിനപ്പുറം ഒന്നുമില്ല.അട്ടപ്പാടിയില്‍ എച്ച് ആര്‍ ഡി എസിന്റെ വീടുകളുടെ നിര്‍മാണം നടത്തിയിരിക്കുന്നത് മാധവവാര്യരുടെ ഫൗണ്ടേഷനാണ്. അവര്‍ക്ക് എച്ച് ആര്‍ ഡി എസ് വണ്ടിച്ചെക്ക് നല്‍കി. ഇതിനെതിരെ വാര്യര്‍ ഫൗണ്ടേഷന്‍ മുംബൈ ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രതികാരമാണ് മാധവ വാര്യര്‍ തന്റെ ബിനാമിയാണെന്നു സ്വപ്ന പറഞ്ഞത്. വാര്യര്‍ ഫൗണ്ടേഷനുമായുള്ള എച്ച് ആര്‍ ഡി എസിന്റെ തര്‍ക്കം എങ്ങനെ വഴിതിരിച്ച് ഈ കേസിലേക്കു വിടാമെന്നാണ് നോക്കുന്നത്.
കുറച്ചു ദിവസമായി പച്ചക്കളങ്ങളുടെ കുത്തൊഴുക്കാണ്. സ്വപ്ന സുരേഷ് എന്തൊക്കെയോ വിളിച്ചുപറയുകയാണ്. പുട്ടിനു തേങ്ങയിടുന്നതുപോലെയാണ് വെളിപ്പെടുത്തല്‍ നടത്തുന്നത്. ഷാര്‍ജ സുല്‍ത്താനെക്കുറിച്ച് നട്ടാല്‍ കുരുക്കാത്ത നുണകളാണ് പറയുന്നത്.