പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ നിർബ്ബന്ധമായും പാലിച്ചിരിക്കേണ്ട ചില മൂല്യങ്ങൾ ഉണ്ട്; കുറച്ച് കാലം മുമ്പ് വരെ ഇത്തരം മൂല്യങ്ങൾക്ക് പൊതുരംഗത്ത് വിലയുണ്ടായിരുന്നു; കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഒക്കെ ഉണ്ടായിരുന്ന തലയെടുപ്പുള്ള നേതാക്കൾ വളരെ മാതൃകാപരമായ പ്രവർത്തനം ആയിരുന്നു നടത്തിയിരുന്നത്; എന്നാല്‍ കെ.ടി. ജലീല്‍ ധാർമികതയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ് ! ജലീൽ രാജി വയ്ക്കാത്തത് അധാർമ്മികത

Monday, April 12, 2021

-തിരുമേനി-

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ നിർബ്ബന്ധമായും പാലിച്ചിരിക്കേണ്ട ചില മൂല്യങ്ങൾ ഉണ്ട്. പ്രത്യേകിച്ച് രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ. കാരണം ഇന്നല്ലെങ്കിൽ നാളെ അവർ നാട് ഭരിക്കേണ്ടവരാണ്. അവർ മൂല്യബോധത്തോടെ പ്രവർത്തിക്കുമ്പോഴാണ് ക്ഷേമ രാഷ്ട്രം ഉണ്ടാവുന്നത്.

കുറച്ച് കാലം മുമ്പ് വരെ ഇത്തരം മൂല്യങ്ങൾക്ക് പൊതുരംഗത്ത് വിലയുണ്ടായിരുന്നു. ഇൻഡ്യൻ നാഷണൽ കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഒക്കെ ഉണ്ടായിരുന്ന തലയെടുപ്പുള്ള നേതാക്കൾ വളരെ മാതൃകാപരമായ പ്രവർത്തനം ആയിരുന്നു നടത്തിയിരുന്നത്.

അവർക്കെല്ലാം പൊതു സമൂഹത്തിൽ മാന്യതയും വിലയുമുണ്ടായിരുന്നു. സ്വജനപക്ഷപാതത്തിന്റേയോ അഴിമതിയുടെയോ സദാചാര ലംഘനത്തിന്റേയോ ചെറിയ ലാഛ്ചന വന്നപ്പോഴെല്ലാം അവർ ഭരണഘടനാ പദവികൾ രാജി വച്ചിട്ടുണ്ട്.

കഴിഞ്ഞ കാല ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും കോടതി പരാമർശത്തിന്റെ പേരിൽ കേരളത്തിൽ എത്രയോ മന്ത്രിമാർ രാജി വച്ചിട്ടുണ്ട്. നേരിട്ട് ബന്ധമില്ലാതിരുന്നിട്ട് കൂടി കെ.കരുണാകരൻ രാജൻ കേസിലും ചാരക്കേസിലും രാജിവച്ചില്ലേ ?

മേൽ സൂചിപ്പിച്ച രണ്ട് അവസരത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിപക്ഷത്തായിരുന്നു. പിണറായി വിജയൻ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരാണ് രാജി വയ്ക്കേണ്ടി വന്നത്. സ്വജന പക്ഷപാതത്തിന്റെ പേരിൽ ഇ.പി.ജയരാജനാണ് ആദ്യം രാജിവച്ചത്. സദാചാര മൂല്യങ്ങളുടെ ലംഘനത്തിന്റെ പേരിൽ എ.കെ. ശശീന്ദ്രനാണ് പിന്നീട് രാജിവച്ചത്.

തോമസ് ചാണ്ടി രാജിവച്ചത് കായൽ നികത്തി റിസോർട്ട് പണിതു എന്നതിനാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ പിണറായി വിജയൻ മന്ത്രിസഭയിലെ ഡോ.കെ.ടി.ജലീൽ എന്ന മന്ത്രി ധാർമികതയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. മന്ത്രി എന്ന നിലയിൽ കെ.ടി.ജലീൽ ഭരണഘടനാ ലംഘനം നടത്തി എന്നും മുഖ്യമന്ത്രി യുക്തമായ നടപടി എടുക്കണം എന്നും ലോകായുക്ത വിധിക്കുകയുണ്ടായി.

ബന്ധുവിനെ ഉന്നതമായ ഒരു തസ്തികയിൽ നിയമിക്കുന്നതിനു വേണ്ടി യോഗ്യതയിൽ മന്ത്രി ജലീൽ സ്വന്തം നിലയ്ക്ക് മാറ്റം വരുത്തുകയും ഉദ്യോഗസ്ഥരുടെ എതിർപ്പിനെ മറികടക്കാൻ ഫയൽ നേരിട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ച് അനുകൂല തീരുമാനം നേടിയെടുക്കുകയും ചെയ്തു എന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ.

ഇത് മുഖ്യമന്ത്രിയെക്കൂടി പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു എന്നതാണ് വസ്തുത. ലോകായുക്ത സ്വന്തം നിലയിൽ അന്വേഷണം നടത്തിയാണ് അന്തിമ തീരുമാനത്തിൽ എത്തിയത്. ഇത്രയും ഗുരുതരമായ കണ്ടെത്തലിനെ തുടർന്ന് ഉണ്ടായ വിധി വന്ന ഉടൻ തന്നെ മന്ത്രി ജലീൽ രാജി വയ്ക്കേണ്ടതായിരുന്നു. അല്ലെങ്കിൽ മുഖ്യമന്ത്രി ജലീലിന്റെ രാജി വാങ്ങണമായിരുന്നു. ദൗർഭാഗ്യവശാൽ രണ്ടും ഉണ്ടായില്ല.

ഇത് മൊഴികളുടെ അടിസ്ഥാനത്തിലുള്ള ഒരു വിധിയല്ല. മറിച്ച് രേഖകളുടെ മാത്രം അടിസ്ഥാനത്തിൽ നടത്തിയ വിധി പ്രസ്താവമാണ്. ഇത് ഇക്കാര്യത്തിലെ ഗൗരവം വർദ്ധിപ്പിക്കുന്നു. എന്തുകൊണ്ട് മുഖ്യമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടില്ല എന്നതാണ് എല്ലാവരേയും അമ്പരിപ്പിക്കുന്നത്. സ്വയം ഭരണ സ്ഥാപനമായ യൂണിവേഴ്സിറ്റിയെ മറികടന്ന് കെ.ടി.ജലീൽ മാർക്ക് ദാനം നടത്തിയതും വിവാദമായിരുന്നു.

ഇടതുമുന്നണിക്കും വിശിഷ്യാ മാർക്സിസ്റ്റ് പാർട്ടിക്കും ഇത് വിശദീകരിക്കുവാൻ ബുദ്ധിമുട്ടേണ്ടിവരും. പൊതു പ്രവർത്തകർക്ക് പൊതുവെ അപമാനകരമായ നിലപാടാണ് കെ.ടി.ജലീൽ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത് എന്നതിൽ തർക്കമില്ല. എന്തായാലും ഇതിന് പിന്നാലെ അഴിമതി നിരോധന നിയമപ്രകാരം ജലീൽ പ്രോസിക്യൂഷന് വിധേയൻ ആ കേണ്ടിവരും.

ഇ.കെ.നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് പൊതുരംഗത്തെ അഴിമതി കുറക്കുവാൻ ലോകായുക്ത നിലവിൽ വന്നത് എന്നതാണ് രസകരമായ വസ്തുത. ഇതിനേക്കാൾ തുലോം ഗൗരവം കുറഞ്ഞ ആരോപണങ്ങളെത്തുടർന്ന് കേരളത്തിൽ എത്രയോ മന്ത്രിമാർ രാജി വച്ചിരിക്കുന്നു.

ഇതൊന്ന് പരിശോധിക്കൂ

  • പി.ടി. ചാക്കോ – ഒരു സ്ത്രീയ്ക്കൊപ്പം കാറ്റിൽ യാത്ര ചെയ്തതിന് .
  • ആർ.ബാലകൃഷ്ണപിള്ള – പഞ്ചാബ് മോഡൽ പ്രസംഗം
  • എം.പി.ഗംഗാധരൻ – പുത്രിയുടെ വിവാഹ പ്രായം സംബന്ധിച്ച്
  • കെ.കരുണാകരൻ – നേരിട്ട് ബന്ധമില്ലാത്ത രാജൻ കേസ്, പിന്നീട് ചാരക്കേസ്
  • പി.ജെ ജോസഫ് – വിമാന യാത്രയിൽ ഉയർന്ന പരാതി
  • ആർ.രാമചന്ദ്രൻ നായർ – ആരോഗ്യ രംഗത്തെ അഴിമതി
  • ഗണേഷ്കുമാർ – സദാചാര ലംഘന പ്രശ്നത്തിൽ
  • ഇ.പി.ജയരാജൻ – ബന്ധു നിയമന ആരോപണം
  • എ.കെ.ശശീന്ദ്രൻ – സദാചാര ലംഘനം
  • തോമസ് ചാണ്ടി – കായൽ നികത്തി റിസോർട്ട് നിർമ്മിച്ചത്

ഇതൊന്നും കോടതി വിധിയെ തുടർന്ന് ഉണ്ടായ രാജികളല്ല. ഇവരെല്ലാം പൊതു രംഗത്തെ ധാർമ്മികത ഉയർത്തി പിടിച്ച് സ്ഥാനം ഒഴിഞ്ഞവരാണ്. എന്തുകൊണ്ട് മന്ത്രി ജലീൽ രാജി വയ്ക്കുന്നില്ല?

എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെടുന്നില്ല ? കേരളത്തിലെ പൊതു രംഗത്തിന്റെ മുഖം വികൃതമാക്കുന്ന മന്ത്രി ജലീൽ കേരളത്തിന് തന്നെ അപമാനമാണ്.

×