കേരളം

കെടിയു പരീക്ഷകൾ ഇന്ന് ആരംഭിക്കും; ബിടെക്, എം ടെക് മൂന്നാം സെമസ്റ്റർ പരീക്ഷകൾ, എംബിഎ അഞ്ചാം സെമസ്റ്റർ പരീക്ഷകൾക്ക് തുടക്കമാകുമെന്ന് സർവകലാശാല വിസി അറിയിച്ചു, എന്നാൽ സാങ്കേതിക സർവകലാശാലക്ക് കീഴിലുള്ള സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും പരീക്ഷ ബഹിഷ്കരിക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, July 22, 2021

തിരുവനന്തപുരം: കൊറോണക്കാലത്തെ പരീക്ഷ നടത്തിപ്പ് വിവാദങ്ങൾക്കിടെ സാങ്കേതിക സർവകലാശാലയുടെ പരീക്ഷകൾ ഇന്നാരംഭിക്കും. ബിടെക്, എം ടെക് മൂന്നാം സെമസ്റ്റർ പരീക്ഷകൾ, എംബിഎ അഞ്ചാം സെമസ്റ്റർ പരീക്ഷകൾക്ക് തുടക്കമാകുമെന്ന് സർവകലാശാല വിസി അറിയിച്ചു.

അതേസമയം സാങ്കേതിക സർവകലാശാലക്ക് കീഴിലുള്ള സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും പരീക്ഷ ബഹിഷ്കരിക്കാനാണ് കെഎസ് യു ആഹ്വാനം ചെയ്തിരിക്കുന്നത്. പരീക്ഷ നടത്തിപ്പിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

സർവകലാശാലകൾ പലതും ഓൺലൈനായി പരീക്ഷ നടത്തുമ്പോഴാണ് കേരള സാങ്കേതിക സർവകലാശാലയുടെ നീക്കം. കോളേജുകളിൽ പാഠഭാഗങ്ങൾ തീർക്കാതെ സാങ്കേതിക സർവ്വകലാശാല യാതൊരു അറിയിപ്പുമില്ലാതെ പരീക്ഷാ തീയതി നിശ്ചയിക്കുകയായിരുന്നുവെന്നാണ് ആരോപണം.

കോംപ്രെഹെൻസീവ് പരീക്ഷയും ലാബുകളും അസൈൻമെന്റുകളും തിരക്കിട്ട് നടത്തി തങ്ങളുടെ ഭാവിയെ ചോദ്യം ചെയ്യുന്നുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. കൊറോണ പശ്ചാത്തലത്തിൽ ഓഫ് ലൈനായി പരീക്ഷ നടത്തുന്നതിലും വിദ്യാർത്ഥികൾക്കിടയിൽ ആശങ്കയുണ്ട്. സെമെസ്റ്ററിലുടനീളം ഓൺലൈൻ ക്ലാസുകൾ നടത്തിയിട്ട് പരീക്ഷ മാത്രം ഓഫ് ലൈനായി നടത്തുന്നത് ശരിയല്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

എട്ടാം സെമസ്റ്റർ പരീക്ഷ ഓൺലൈനായി നടത്തിയ സർവകലാശാലയാണ് മറ്റ് സെമസ്റ്റർ വിദ്യാർത്ഥികളോട് മറ്റൊരു നയം നടത്തുന്നത്. കൊറോണ മൂന്നാം തരംഗം ആഗസ്റ്റോടെ വരാനിരിക്കെ, വിദ്യാർത്ഥികളെ ബലിയാടാക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്. വാക്സിൻ പോലും ലഭ്യമാക്കാതെ കോളേജുകളിലേക്ക് മക്കളെ അയക്കുന്നതിൽ രക്ഷകർത്താക്കൾക്കിടയിലും ആശങ്ക ഇരട്ടിയാണ്.

×