ഖത്തര്‍ അമീറിനെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തായി തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത ഖുശ്ബു, തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ മാപ്പ് പറഞ്ഞു. അവധി ആഘോഷിക്കാന്‍ ലണ്ടനില്‍ പോയതായിരുന്നു ഖുശ്ബു.
അവിടെ ഷോപ്പിങിനിടയില്‍ ഒരു കടയില്‍ കണ്ട ചിത്രം രജനിയുടേതാണെന്ന് കരുതി ഖുശ്ബു ഫോട്ടോ സഹിതം ട്വീറ്റ് ചെയ്യുകയായിരുന്നു.
'നോക്കൂ.. ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലെ സൊവനീര്‍ ഷോപ്പില്‍ കണ്ടതെന്താണെന്ന്. നമ്മുടെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനി.' ഇതായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. ഷോപ്പിലുണ്ടായിരുന്ന മൊബൈല്‍ കവറിന്‍റെ ചിത്രം ട്വീറ്റിനൊപ്പം പങ്കുവെച്ചു. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയെ ട്വീറ്റില്‍ ടാഗ് ചെയ്യുകയും ചെയ്തു.
എന്നാല്‍ അത് രജനിയല്ലെന്നും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആണെന്നും നിക്സണ്‍ എന്നയാള്‍ ഖുശ്ബുവിനെ തിരുത്തി. ഖത്തറിനെ സ്വതന്ത്ര രാജ്യമാക്കിയ രാജാവാണ് ഇദ്ദേഹം. യഥാര്‍ഥ രാജാവ്. കഴിഞ്ഞ 12 വര്‍ഷമായി ഇവിടെ തുടരുന്നതില്‍ അഭിമാനം എന്നും നിക്സണ്‍ ട്വീറ്റ് ചെയ്തു.
തന്നെ തിരുത്തിയതിന് ഖുശ്ബു ഉടന്‍ നന്ദി പറഞ്ഞു. 'ആളുമാറിപ്പോയതിന് ക്ഷമ ചോദിക്കുന്നു. ഇങ്ങനെയുള്ള തലമുടി കണ്ടാല്‍ തമിഴരായ നമ്മളില്‍ പലര്‍ക്കും അത് സൂപ്പര്‍സ്റ്റാറാണ്. കടയിലെ ജോലിക്കാരനും പറഞ്ഞത് അത് രജനിയെന്നാണ്. അദ്ദേഹം എന്നെ പറ്റിച്ചതായിരിക്കാം. അപ്പോള്‍ അത് നമ്മുടെ സൂപ്പര്‍സ്റ്റാറല്ല. എന്നെ തിരുത്തിയതിന് നന്ദി നല്ല സുഹൃത്തുക്കളെ. ഒരുപാട് നന്ദി. തെറ്റ് അംഗീകരിക്കുക, തെറ്റുകളില്‍ നിന്ന് പഠിക്കുക. അതല്ലേ മനുഷ്യത്വം'- ഖുശ്ബു ട്വീറ്റ് ചെയ്തു.