ഇന്‍സ്റ്റഗ്രാമില്‍ ഇസ്രായേല്‍ അനുകൂല പോസ്റ്റുമായി കുവൈറ്റിലെ ചെക്ക് റിപ്പബ്ലിക് സ്ഥാനപതി; വിശദീകരണം തേടി കുവൈറ്റ് വിദേശകാര്യമന്ത്രാലയം; ഒടുവില്‍ മാപ്പ് പറഞ്ഞ സ്ഥാനപതി പോസ്റ്റ് പിന്‍വലിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, May 17, 2021

കുവൈറ്റ് സിറ്റി: ഇസ്രായേലിനെ അനുകൂലിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട കുവൈറ്റിലെ ചെക്ക് റിപ്പബ്ലിക് സ്ഥാനപതി മാര്‍ട്ടിന്‍ ഡ്വോറക് മാപ്പ് പറഞ്ഞു. ഇസ്രായേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, ഇസ്രായേലിന്റെ പതാക ഇദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് കുവൈറ്റില്‍ ഉയര്‍ന്നത്. കുവൈറ്റിന്റെ നിലപാടുകളോട് വിരുദ്ധമായിരുന്നു ചെക്ക് റിപ്പബ്ലിക് സ്ഥാനപതിയുടെ പ്രവൃത്തി.

നയതന്ത്ര പാരമ്പര്യങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ച മാര്‍ട്ടിന്‍ ഡ്വോറകിനെ കുവൈറ്റില്‍ നിന്ന് പുറത്താക്കണമെന്ന് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കുവൈറ്റ് വിദേശകാര്യമന്ത്രാലയവും മാര്‍ട്ടിനോട് വിശദീകരണം തേടി.

പിന്നീട് ഇദ്ദേഹം ഇന്‍സ്റ്റഗ്രാമിലെ ഇസ്രായേല്‍ അനുകൂല പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. സ്ഥാനപതി മാര്‍ട്ടിന്‍ ഡ്വോറക് എല്ലാ കുവൈറ്റ് സ്വദേശികളോടും മാപ്പ് ചോദിക്കുന്നതായി ചെക്ക് റിപ്പബ്ലിക് എംബസി പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

×