കുവൈത്ത് സിറ്റി : കുവൈത്തിൽ ഓഗസ്ത് ഒന്നു മുതൽ കുവൈത്ത് എയർവെയ്സ് അന്താരഷ്ട്ര വിമാന സർവ്വീസ് പുനരാരംഭിക്കും. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 31 നഗരങ്ങളിലേക്കുള്ള ഷെഡ്യൂൾ ആണു ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി അടക്കമുള്ള ഇന്ത്യയിലേ 7 നഗരങ്ങളും ഇതിൽ ഉൾപ്പെടും.
/sathyam/media/post_attachments/unt4zQ2oHRcCrxvH7xu2.jpg)
കൊച്ചിയിലേക്ക് ആഴ്ചയിൽ 6ഉം തിരുവനന്തപുരത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ആഴ്ചയിൽ 4 സർവ്വീസുകളുമാണു ക്രമീകരിച്ചിരിക്കുന്നത്. മുംബൈ , ദില്ലി , അഹമ്മദബാദ് , ചെന്നൈ , ബാംഗളൂർ , എന്നിവിടങ്ങളിലേക്കാണു ഇന്ത്യയിലേക്കും തിരിച്ചുമുള്ള മറ്റു സർവ്വീസുകൾ.
ദുബൈ, ദമാം, റിയാദ്, ജിദ്ദ, ദോഹ, ബഹറൈൻ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലെ നഗരങ്ങളിലേക്കും സർവ്വീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.അതിനിടെ കുവൈത്തിലേക്ക് തിരിച്ചു വരുന്ന യാത്രക്കാർക്ക് അറ്റസ്റ്റ് ചെയ്ത പി.സി.ആർ. സർട്ടിഫിക്കറ്റ് വേണമെന്നത് അടക്കമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കുവൈത്ത് വ്യോമയാന അധികൃതർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
എന്നാൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടത് അതാത് രാജ്യങ്ങളിലെ എംബസി വഴിയാണോ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരുമെന്നാണു സൂചന.
അതേ സമയം കുവൈത്തിൽ താമസ രേഖയുള്ള എല്ലാവർക്കും ഓഗസ്ത് ഒന്നു മുതൽ രാജ്യത്തേക്ക് തിരിച്ചു വരാൻ അനുമതി ഉണ്ടായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.