കൊറോണ വന്നപ്പോള്‍ മാതൃക കാട്ടി ആരാധനാലയങ്ങൾ ! കുവൈറ്റിലെയും കൊല്ലത്തെയും അനുഭവങ്ങള്‍ ഇങ്ങനെ

പി എൻ മേലില
Sunday, March 15, 2020

നൂറോളം കൊറോണാ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കുവൈറ്റിൽ താൽക്കാലികമായി പള്ളികൾ എല്ലാം അടച്ചിടുകയും വാങ്കുവിളിയിൽ അനുകരണീയമായ മാറ്റം വരുത്തുകയും ചെയ്തിരിക്കുകയാണ്.

വാങ്കുവിളിക്കുമ്പോൾ “Hayya ala al-Salah”(വരുവിൻ പ്രാർത്ഥിക്കാം) എന്നതിന് പകരം “Al-Salatu fi Buyutikum” (നിങ്ങളുടെ വീടുകളിൽ പ്രാർത്ഥിക്കുക) എന്നാണ് മാറ്റം വരുത്തിയിരിക്കുന്നത്.

കൊറോണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പള്ളികളിൽ ദിവസവുമുള്ള അഞ്ചുനേരത്തെ പ്രാർത്ഥനയും ഒഴിവാക്കിയിട്ടുണ്ട്. ആളുകൾ അവരവരുടെ വീടുകളിലും ഓഫീസുകളിലുമാണ് നിസ്‌ക്കാരകർമ്മങ്ങൾ നടത്തുന്നത്.

ഇതുപോലെത്തന്നെ മാതൃക കാട്ടിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ വളരെ പ്രസിദ്ധമായ ദുർഗാക്ഷേ ത്രമായ തലവൂർ തൃക്കൊന്നമർകോട് ദേവീ ക്ഷേത്രം. തൃശൂർ പൂരം കഴിഞ്ഞാൽ പിന്നെ തലവൂർ പൂരം തെക്കൻ കേരളത്തിൽ വളരെ പ്രസിദ്ധമാണ്. മത്സരക്കമ്പവും കരിവീരന്മാരുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയും തലവൂർ പൂരത്തിന്റെ പ്രത്യേകതകളായിരുന്നു.

കൊറോണ വൈറസ് മുന്നറിയിപ്പിനെത്തുടർന്ന് ഇക്കൊല്ലത്തെ തലവൂർ പൂരത്തോടനുബന്ധിച്ച് 10/03/2020 ൽ നടത്താനിരുന്ന ആറാട്ടുസദ്യയും മറ്റു ചടങ്ങുകളുമെല്ലാം ഉപേക്ഷിച്ചു. ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. ഏകദേശം 3000 ആളുകൾക്കായി ഒരുക്കിയ സദ്യവട്ടങ്ങൾക്കുള്ള മുഴുവൻ സാധനങ്ങളും പത്തനാപുരം ഗാന്ധിഭവനു നൽകി ക്ഷേത്രം ഭാരവാഹികൾ മാതൃക കാട്ടി.

ഇതുകൂടാതെ ആറു കരകളിലും ഈ വിവരം മൈക്കിലൂടെ അന്നൗൺസ്‌മെന്റ് നടത്തി ആളുകളെ അറിയിക്കുകയും ക്ഷേത്രത്തിൽ ആറാട്ടുസദ്യയുമായി ബന്ധപ്പെട്ടുള്ള കേവലം ചടങ്ങുകൾ മാത്രമാണുണ്ടാകുകയെന്നും ആളുകൾ കൂടുന്നതൊഴിവാക്കണമെന്നും അഭ്യർത്ഥിക്കുകയുമുണ്ടായി.

×