നാടണയാൻ കൊതിയോടെ കാത്തിരിക്കുന്ന പ്രവാസികളുടെ പ്രയാസങ്ങൾ അവസാനിക്കുന്നില്ല; കേന്ദ്ര സർക്കാറിന്റെ പ്രവാസിദ്രോഹ നിലപാട്‌ കാരണം വലിയൊരു തുക ടിക്കറ്റിനായി എംബസ്സിയിൽ അടക്കേണ്ടതുണ്ട്‌. ജോലിയും കൂലിയിമില്ലാതെ റുമിലിരിക്കുന്ന ഒരു സാധാരണ പ്രവാസി എവിടുന്ന് എടുത്ത്‌ കൊടുക്കും ടിക്കറ്റ്‌ തുക?; സലാം വളാഞ്ചേരി എഴുതുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, May 30, 2020

അല്ലാഹുവിന്റെ ഖലീഫമാർ….’

നാടണയാൻ കൊതിയോടെ കാത്തിരിക്കുന്ന പ്രവാസികളുടെ പ്രയാസങ്ങൾ അവസാനിക്കുന്നില്ല.
കേന്ദ്ര – കേരള സർക്കാരുകളുടെ നിരുത്തരവാദപരമായ നിലപാടുകൾ കാരണം ദുരിതം തിന്ന് കഴിയുന്നവരുടെ സങ്കടാവസ്ഥ നമുക്ക്‌ സങ്കൽപ്പിക്കാൻ ആവുന്നതിലും അപ്പുറമാണ്‌.

ഇന്നലെ ദുബായിൽ നിന്നും സുഹൃത്ത്‌ അഷ്‌റഫ്‌ കൊട്ടാരത്തിന്റെ ഒരു വാട്‌സ്‌ആപ്പ്‌ സന്ദേശം വന്നു. നാട്ടിലേക്ക്‌ പോകാനുള്ള അടുത്ത ഫ്ലൈറ്റിൽ സീറ്റ്‌ തരപ്പെട്ട ഒരു പ്രവാസി, ടിക്കറ്റിന്‌ കാശില്ലാത്തതിന്റെ പേരിൽ യാത്ര മുടങ്ങുന്ന സ്ഥിതിയാണുള്ളത്‌, എന്തെങ്കിലും ചെയ്യാൻ പറ്റുമോ..? എന്ന് പറഞ്ഞായിരുന്നു സന്ദേശം. ആ പ്രവാസിക്കാണെങ്കിൽ എങ്ങനെയെങ്കിലും നാട്ടിൽ എത്തിയേ തീരൂ.

കേന്ദ്ര സർക്കാറിന്റെ പ്രവാസിദ്രോഹ നിലപാട്‌ കാരണം വലിയൊരു തുക ടിക്കറ്റിനായി എംബസ്സിയിൽ അടക്കേണ്ടതുണ്ട്‌. ജോലിയും കൂലിയിമില്ലാതെ റുമിലിരിക്കുന്ന ഒരു സാധാരണ പ്രവാസി എവിടുന്ന് എടുത്ത്‌ കൊടുക്കും ടിക്കറ്റ്‌ തുക?

“നമുക്ക്‌ ശരിയാക്കാം” എന്ന് പറഞ്ഞ്‌ അഷ്‌റഫിനെ ആശ്വസിപ്പിച്ചു.സാധാരണ ഗൾഫിലുള്ളതോ നാട്ടിലുള്ളതോ ആയ ഏതൊരാൾക്കും സാമ്പത്തിക പ്രയാസം അനുഭവപ്പെട്ടാൽ ആദ്യം ബന്ധപ്പെടുന്നത്‌ കെ എം സി സി സുഹൃത്തുക്കളെയാണല്ലോ…

എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ കെ എം സി സി സഹോദരങ്ങളോട്‌ എന്തെങ്കിലും സഹായം ചോദിക്കുന്നത്‌ പോയിട്ട്‌, അങ്ങനെ ആലോചിക്കുന്നത്‌ പോലും കഠിനമായിരിക്കും എന്നതിനാൽ നാട്ടിൽ നിന്ന് ഒരു ടിക്കറ്റിനുള്ള സ്‌പോൺസറെ കണ്ടെത്താനുള്ള ശ്രമമായി.എം എൽ എ പ്രൊഫസർ ആബിദ്‌ ഹുസൈൻ തങ്ങളും വിഷയത്തിൽ ഇടപെട്ടു.

അദ്ദേഹം ഉടനെ കെ എം സി സി നേതാക്കളുമായി ബന്ധപ്പെട്ട് സംസാരിച്ചു. അര മണിക്കൂർ കഴിയും മുമ്പെ വീണ്ടും വന്നു അഷ്‌റവിന്റെ മെസ്സേജ്‌. ” ടിക്കറ്റ്‌ ഞങ്ങൾ ശരിയാക്കിയിട്ടുണ്ട്‌, അദ്ദേഹം അടുത്ത ഫ്ലൈറ്റിൽ തന്നെ നാട്ടിലേക്ക്‌ പോരും”.

ഏത്‌ വാക്ക്‌ ഉപയോഗിച്ചാണ്‌ ഈ കെ എം സി സി സഹോദരങ്ങളോട്‌ നന്ദി പറയുക?!ദുബൈ കോട്ടക്കൽ മണ്ഡലം, വളാഞ്ചേരി മുനിസിപ്പാലിറ്റി കെ എം സി സി നേതാക്കൾക്ക് അഭിവാദ്യങ്ങൾ!
സ്വന്തം ജീവിതം തന്നെ അനിശ്ചിത്വത്തിലായിരിക്കുന്ന ഒരു അപകടസന്ധിയിൽപ്പോലും തേടിയെത്തുന്നവരെ ചേർത്ത്‌ നിർത്തി അവർക്ക്‌ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്ന പ്രിയപ്പെട്ടവരെ, നിങ്ങൾക്ക്‌ നൽകാൻ പ്രാർത്ഥനകൾ മാത്രമേ കയ്യിലുള്ളൂ.

നിങ്ങൾക്കുള്ള പ്രതിഫലം സൃഷ്ടാവിന്‌ മാത്രമേ നിർണ്ണയിക്കാനാവൂ.ഭക്ഷണപ്പൊതികളായും മരുന്നുകളായും റൂമുകളിൽ നിന്നും റൂമുകളിലേക്ക്‌ ഓടിനടക്കുന്ന നിങ്ങൾ ദുരിതം ഇരുട്ട്‌ തീർക്കുന്നിടങ്ങളിലെ നക്ഷത്രങ്ങളാണ്‌.അല്ലാഹുവിന്റെ ഖലീഫമാർ.

സലാം വളാഞ്ചേരി

×