കുവൈറ്റില്‍ കര്‍ശന പരിശോധന – നിയമ ലംഘനം നടത്തിയ 336 വാണിജ്യ സ്ഥാപനങ്ങള്‍ അടപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, March 24, 2020

കുവൈറ്റ് : നിയമ ലംഘനങ്ങള്‍ നടത്തുന്ന വ്യാപാര സ്ഥാപങ്ങള്‍ക്കെതിരെ കുവൈറ്റില്‍ കര്‍ശന പരിശോധന തുടങ്ങി . ഇതിന്‍റെ ഭാഗമായി 336 വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് അൽ മുത്തൈരി അറിയിച്ചു. ആറ് ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനകളിലാണ് റെസ്റ്റോറന്റുകൾ, സലൂണുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, ഗെയിമിംഗ് സെന്ററുകൾ, മൊബൈൽ ഷോപ്പുകൾ എന്നിവ പൂട്ടിയത്.

കൊറോണ വ്യാപനം തടയാനുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം കര്‍ശനമായ പരിശോധനകളാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഹവല്ലി മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത് .

നിയമം ലംഘിച്ച രണ്ട് റെസ്റ്റോറന്റുകൾ, ഫ്ലവർ ഷോപ്പ്,  ബാർബർഷോപ്പ്, മൊബൈൽ ഷോപ്പ്, ആക്സസറീസ് സ്റ്റോർ, ലേഡീസ് സലൂണ്‍ എന്നീവ അടച്ചതായി പ്രത്യേക സംഘം മേധാവി മേധാവി അഹ്മദ് റമദാൻ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഫർവാനിയ, മുബാറക് അൽ കബീർ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 635 ഷോപ്പുകളും കഫേകളും അടച്ചതായും 586 കടകള്‍ക്ക് മുന്നറിയിപ്പുകൾ നൽകിയതായും ഫർവാനിയ, മുബാറക് അൽ കബീർ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഹെഡ് അമർ അൽ അമർ പറഞ്ഞു.

×