Advertisment

കേരളത്തിലെ മഴക്കെടുതി: മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി; ഇന്ത്യന്‍ അസോ. പ്രതിനിധികളുടെ യോഗം ചേര്‍ന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കുവൈറ്റിലെ കമ്മ്യൂണിറ്റി അസോസിയേഷന്‍ പ്രതിനിധികളുടെ യോഗം ഇന്ത്യന്‍ എംബസി വിളിച്ചുചേര്‍ത്തു. കേരളത്തിലെ വെള്ളപ്പൊക്ക സാഹചര്യം അപകടകരമായി തുടരുന്നതായി ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു.

കുട്ടികളടക്കം 35 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേരെ കാണാതായി. നിരവധി വീടുകൾ ഒലിച്ചുപോയി, ആളുകൾ പല ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. വെള്ളപ്പൊക്ക സാഹചര്യം അപകടകരമായി തുടരുന്നു, സ്ഥിതി ആശങ്കാജനകമാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ശക്തമായ മഴയും വെള്ളപ്പൊക്ക സാധ്യതയും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും സ്ഥാനപതി പറഞ്ഞു.

സര്‍ക്കാരുകള്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും സുരക്ഷിത മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്യുന്നു. രക്ഷാപ്രവർത്തനങ്ങൾക്കും ഭക്ഷണ വിതരണത്തിനും മറ്റ് അവശ്യവസ്തുക്കളുടെ വിതരണത്തിനും ഉൾപ്പെടെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൈനിക ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നു.

കേരളത്തിലെ സാഹചര്യത്തെക്കുറിച്ചും, തങ്ങള്‍ക്ക് എന്ത് സഹായം ചെയ്യാനാകുമെന്നതിനെക്കുറിച്ചും നിരവധി പേരാണ് കുവൈറ്റില്‍ നിന്ന് ചോദിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ പ്രതിനിധികളുടെ ഒരു യോഗം ചേരുന്നത് പ്രധാനമാണെന്ന് കരുതിയതായും സിബി ജോര്‍ജ് പറഞ്ഞു.

മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച കുവൈറ്റ് നേതൃത്വത്തിന് സ്ഥാനപതി നന്ദി അറിയിച്ചു. ഇന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രിയും, പ്രതിരോധമന്ത്രിയും എല്ലാ പിന്തുണയും അറിയിച്ചതായി സ്ഥാനപതി പറഞ്ഞു. ചീഫ് സെക്രട്ടറിയുമായും കേരള സർക്കാരിന്റെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും വ്യക്തിപരമായി ബന്ധപ്പെടുന്നുണ്ട്.

ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധികളില്‍ സംഭാവന നല്‍കാവുന്നതാണെന്നും സ്ഥാനപതി വ്യക്തമാക്കി. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് യോഗം അനുശോചനം അറിയിച്ചു. രണ്ട് മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു.

Advertisment