Advertisment

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി ഫഹദ് അഹമ്മദ് ഖാന്‍ സൂരിക്ക് എംബസി യാത്രയയപ്പ് നല്‍കി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി ഫഹദ് അഹമ്മദ് ഖാന്‍ സൂരിക്ക് എംബസി യാത്രയയപ്പ് നല്‍കി. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ച ഇന്ത്യന്‍ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിനും (ഐപിഎന്‍), ഇന്ത്യന്‍ ബിസിനസ് നെറ്റ്വര്‍ക്കിനും (ഐബിഎന്‍) സ്ഥാനപതി നന്ദി പറഞ്ഞു.

2020 ഓഗസ്റ്റില്‍ കൊവിഡ് മഹാമാരി മൂലമുണ്ടായ വെല്ലുവിളി നിറഞ്ഞ സമയത്താണ് താന്‍ കുവൈറ്റിലെത്തിയതെന്ന് സ്ഥാനപതി പറഞ്ഞു. ഇന്ത്യയിലേക്ക് വിമാനങ്ങളില്ലാതെ കുവൈറ്റില്‍ കുടുങ്ങിയവര്‍, കുവൈറ്റിലെത്താനാകാതെ ഇന്ത്യയില്‍ കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, ശമ്പളം ലഭിക്കാത്തവര്‍, ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും കുറവ് നേരിട്ടവര്‍, സമ്മര്‍ദ്ദഘട്ടങ്ങളിലൂടെ കടന്നുപോയവര്‍, കൊവിഡ് ബാധിച്ചവര്‍, വാക്‌സിന്‍ പ്രതിസന്ധി നേരിട്ടവര്‍, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതുമൂലം മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ട മാതാപിതാക്കള്‍ അങ്ങനെ നിരവധി വെല്ലുവിളികള്‍ ഇന്ത്യന്‍ സമൂഹം അതിജീവിച്ചതായി അദ്ദേഹം പറഞ്ഞു.

publive-image

2020-2021 പലര്‍ക്കും ഒരു പേടിസ്വപ്‌നമാണ്. എല്ലാവരും എംബസിയുടെ സഹായങ്ങള്‍ തേടി. ഈ സാഹചര്യത്തില്‍ നിരവധി ഓപ്പണ്‍ ഹൗസുകള്‍ എംബസി സംഘടിപ്പിച്ചു. എംബസിയുെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ലായിരുന്നു ഈ സാഹചര്യം. നിരവധി ജീവനക്കാരെയും കൊവിഡ് ബാധിച്ചു. ഈ സാഹചര്യം മാറ്റിയ കുവൈറ്റ് നേതൃത്വത്തിന് നന്ദി പറയുന്നതായും സ്ഥാനപതി പറഞ്ഞു.

കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക് കടക്കുന്നതില്‍ സന്തോഷമുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ എംബസിയുമായി സഹകരിച്ച എല്ലാവരോടും നന്ദി പറയുന്നു. ഇന്ത്യ-കുവൈറ്റ് സര്‍ക്കാരുകള്‍ തമ്മില്‍ 24 മണിക്കൂറും എംബസി ബന്ധപ്പെട്ടുകൊണ്ടിരുന്നു. എയര്‍ബബിള്‍, വന്ദേഭാരത് മിഷന്‍ തുടങ്ങിയവ വഴി 150,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ എയര്‍/സീ ബ്രിഡ്ജ് സ്ഥാപിച്ചു. നീറ്റ് പരീക്ഷ കുവൈറ്റില്‍ നടത്താന്‍ സാധിച്ചു. ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണയോടെ ഇരുരാജ്യങ്ങളുടെയും അധികാരികളുമായി സഹകരിച്ച് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിബി ജോര്‍ജ് പറഞ്ഞു.

publive-image

കമ്മ്യൂണിറ്റി ക്ഷേമത്തിനും സുഗമമായ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുമാണ് എംബസി പ്രഥമ പരിഗണന നല്‍കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും നന്നായി പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോട് നന്ദി അറിയിക്കുന്നു. എല്ലാവരും ദൃഢനിശ്ചയത്തോടും പ്രതിബദ്ധതയോടും കൂടി പ്രവര്‍ത്തിച്ചു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഫഹദ് അഹമ്മദ് ഖാന്‍ സൂരി മുന്‍പന്തിയിലുണ്ടായിരുന്നുവെന്നും സ്ഥാനപതി പറഞ്ഞു.

ടീമിലെ പ്രധാനപ്പെട്ട അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. എംബസി വക്താവ് എന്ന നിലയില്‍ ഓരോ ഔട്ട്‌റീച്ച് പ്രോഗ്രാമുകളുടെയും ഓപ്പണ്‍ഹൗസിന്റെയും പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നന്നായി നിര്‍വഹിച്ചു. രാഷ്ട്രീയ, സാമ്പത്തിക ഇടപെടലുകളിലുടനീളം ജനങ്ങളെ കൂടുതല്‍ ബന്ധിപ്പിക്കുന്നതില്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി പഹിച്ച പങ്ക് പ്രധാനപ്പെട്ടതാണെന്നും സ്ഥാനപതി പറഞ്ഞു. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ആശംസകളും സ്ഥാനപതി സിബി ജോര്‍ജ് നേര്‍ന്നു.

Advertisment