കുവൈറ്റില്‍ നിന്നും കഴിഞ്ഞ മൂന്നുമാസത്തിനിടെ താമസരേഖ റദ്ദാക്കി മടങ്ങിയത് 83000 പ്രവാസികള്‍; സര്‍ക്കാര്‍ മേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണത്തിലും കുറവ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, January 18, 2021

കുവൈറ്റ്: കുവൈറ്റില്‍ നിന്നും 2020 സെപ്റ്റംബർ മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ താമസരേഖ റദ്ദാക്കി മടങ്ങിയത് 83000 പ്രവാസികളെന്ന് മാനവവിഭവശേഷി സമിതിയുടെ റിപ്പോര്‍ട്ട്‌ .

വിവിധ സർക്കാർ പദ്ധതികളിലെ 2144 തൊഴിലാളികളുടെയും താമസരേഖ ഈ കാലയളവിൽ റദ്ദ് ചെയ്തിട്ടുണ്ട്‌. സർക്കാർ മേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണത്തിലും ഈ കാലയളവിൽ കുറവുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രവാസികളായ സർക്കാർ ജീവനക്കാരിൽ 65 ശതമാനവും ആരോഗ്യ പ്രവർത്തകരും, അധ്യാപകരുമാണ്‌ .

സർക്കാർ മേഖലയിൽ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളിലാണ്‌ ഏറ്റവും അധികം പ്രവാസി ജീവനക്കാർ  ജോലി ചെയ്യുന്നത്‌. ഗാർഹിക മേഖലയിലും ഈ കാലയളവിൽ 7385 തൊഴിലാളികൾ താമസരേഖ അവസാനിപ്പിച്ചു രാജ്യം വിട്ടിട്ടുണ്ട്‌.

വിവിധ രാജ്യങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നും 36536 പേരും ഈജിപ്തില്‍ നിന്ന് 21491 പേരും ബംഗ്ലാദേശില്‍ നിന്ന് 8960 പേരും പാകിസ്ഥാനില്‍ നിന്ന് 2960 പേരും ജോര്‍ദാനില്‍ നിന്ന് 466 പേരും ഇറാനില്‍ നിന്ന് 836 പേരും, ഫിലിപ്പീനില്‍ നിന്ന് 3349 പേരും സിറിയയില്‍ നിന്ന് 937 പേരും നേപ്പാളില്‍ നിന്ന് 4566 പേരും മറ്റു രാജ്യക്കാരായ 7694 പേരുമാണ് താമസ രേഖ റദ്ദാക്കി രാജ്യം വിട്ടിരിക്കുന്നത്.

×