Advertisment

കുവൈത്തിൽ അനധികൃത തൊഴിലാളികളെ പിടികൂടി നാട് കടത്തുന്നതിനായി അടിയന്തിര പദ്ധതി

New Update

കുവൈത്ത്: കുവൈത്തിൽ അനധികൃത തൊഴിലാളികളെ പിടികൂടി നാട് കടത്തുന്നതിനായി മാനവ ശേഷി സമിതിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം അടിയന്തിര പദ്ധതി തയ്യാറാക്കി വരുന്നതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.

Advertisment

publive-image

രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യാ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് പദ്ധതി തയ്യാറാക്കുന്നത്. രാജ്യത്ത് 182,000 അനധികൃത തൊഴിലാളികൾ ഉള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്.

വ്യാജ കമ്പനികൾ വഴി വാണിജ്യ ലൈസൻസുകൾ നേടി വിസ കച്ചവടം നടത്തുന്നത് തടയുവാൻ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് ജനസംഖ്യാശാസ്‌ത്ര ഭേദഗതി സമിതി അധികാരികളോട് മന്ത്രി നിർദേശം നൽകി. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വാണിജ്യ സമുച്ചയങ്ങളിൽ മേൽ വിലാസമോ യഥാർത്ഥ പ്രവർത്തനങ്ങളോ ഇല്ലാതെ മുറികൾ വാടകക്കെടുക്കുകയും അവയുടെ പേരിൽ വിസ കച്ചവടം നടത്തുകയും ചെയ്യുന്ന നിരവധി സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ 62,000 തൊഴിലാളികൾ അടങ്ങുന്ന 17,000 കമ്പനികളുടെ 17,000 ഫയലുകൾ സസ്പെൻഡ് ചെയ്തതായി കഴിഞ്ഞ ദിവസം മാനവ ശേഷി സമിതി അധികൃതർ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് 1,33,000 താമസ നിയമ ലംഘകരാണുള്ളത്.

ഇവരെയും പിടി കൂടി നാട് കടത്തുന്നതിനുള്ള നടപടികളും ശക്തമാക്കും. തൊഴിൽ വകുപ്പുകൾ മുഖേന വിവിധ ഗവർണറേറ്റുകളിലെ വാണിജ്യ സമുച്ചയങ്ങളിൽ ദൈനംദിന പരിശോധന നടത്തി വരികയാണ്. സിവിൽ അല്ലെങ്കിൽ ക്ലോസ്ഡ് ഇൻഫർമേഷൻ സിസ്റ്റങ്ങളിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചു പൂട്ടും .

മത്സ്യമാർക്കറ്റിലും കാർഷിക മേഖലയിലും പരിശോധന ശക്തമാക്കും.അതേ പോലെ ഡെലിവറി കമ്പനികളിൽ വലിയ തോതിൽ ഗാർഹിക തൊഴിലാളികൾ ജോലി ചെയ്തു വരുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ മേഖലയിലും വ്യാപകമായ പരിശോധന ആരംഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Advertisment